കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്വത്തിന്റെ ലക്ഷണമാണെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട് ,അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ജയരാജന്‍ വിഷയത്തില്‍ തന്റെ പ്രതിഷേധം അറിയിച്ചത്.

ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.എംപിയായ ഘട്ടത്തില്‍ കോഴിക്കോട് നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധി കൂടിയാണ് മുല്ലപ്പള്ളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാനും മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാനുമാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ടി.വി. രാജേഷ് എം.എല്‍.എ. ആരോപിച്ചു. 

"ആരോഗ്യ മന്ത്രി റാണിയാണോ, രാജകുമാരിയാണോ എന്നൊക്കെ ജനങ്ങള്‍ക്കറിയാം. നല്ലതോ ചീത്തയോ എന്ന് നോക്കാതെ എന്തെങ്കിലും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തി ജനങ്ങളോട്, ദേ ഞങ്ങളിവിടെ ഉണ്ടേ എന്ന് ഓര്‍മ്മപ്പെടുക്കാനുള്ള മുല്ലപ്പള്ളിയുടെയും കോണ്‍ഗ്രസിന്റെയും വെപ്രാളം കേരളത്തിന് മനസിലാകുന്നുണ്ട്. നിങ്ങളുടെ കപട രാഷ്ട്രീയ ചതിക്കുഴികളില്‍ ജനം വീഴാതിരിക്കട്ടെ", എന്നും ടി.വി. രാജേഷ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

content highlights: TV Rajesh and P Jayarajan Criticises Mullappally for his Nipah Queen sarcasm