എരുമേലി: ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളോട് ആണായി വരാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ആണുങ്ങളായ നിങ്ങൾക്ക് ആണ്‍വേഷത്തില്‍ വന്നു കൂടെയെന്ന് പോലീസ് ചോദിച്ചെന്നും മലയ്ക്ക് പോകാൻ വ്രതമെടുത്ത ട്രാൻസ്ജെൻഡറായ അനന്യ ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പോലീസില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളായ സ്വാമിമാര്‍ നേരിട്ട അധിക്ഷേപം അനന്യ പങ്കുവെച്ചത്.

മലയ്ക്ക് പോകാന്‍ വ്രതമെടുത്ത അനന്യ രഞ്ജു, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. പുലര്‍ച്ചെ 1.50 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. എരുമേലി വഴി പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

ശബരിമലയ്ക്ക് പോകാന്‍ ഒരുങ്ങുന്നത് പോലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെട്ടു നിറയ്ക്കുമ്പോഴും പോലീസുണ്ടായിരുന്നു. ആദ്യം എരുമേല പോലീസ് സ്റ്റേഷനില്‍ നിന്നും നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് വിളിച്ചു. എരുമേലിയിലെ പോലീസുകാര്‍ വളരെ മോശമായാണ് പെരുമാറിയത്". മലയ്ക്ക് പോകാന്‍ ഒരുങ്ങിയാല്‍ പിടിച്ച് ജയിലില്‍ ഇടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അനന്യയും ഒപ്പമുള്ളവരും ആരോപിച്ചു.

"മുമ്പ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോയപ്പോള്‍ വെരിഫിക്കേഷന്‍ വേണ്ടി വന്നിരുന്നു. അതിനാലാണ് പോലീസിനെ അറിയിച്ചത്. ആണുങ്ങളായ നിങ്ങള്‍ക്ക് ആണ്‍വേഷത്തില്‍ വന്നു കൂടെയെന്ന് ചില പുരുഷ പോലീസുകാര്‍ ചോദിച്ചു".ഇത്രനാളും സ്ത്രീകളായി ജീവിച്ചവര്‍ക്ക് പെട്ടെന്ന പാന്റും ഷര്‍ട്ടും ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിക്കുന്ന രീതിയിലാണ് പോലീസുകാര്‍ സംസാരിച്ചതെന്നും അനന്യ കുറ്റപ്പെടുത്തി.

ട്രാന്‍സ് യുവതികളായ തങ്ങളെ സഹോദരാ എന്നു വിളിച്ച് ആക്ഷേപിച്ചെന്നും തങ്ങള്‍ ആണാണോ പെണ്ണാണോ എന്നു വരെ ചില പോലീസുകാര്‍ ചോദിച്ചെന്നും മേലില്‍ ഇമ്മാതിതിരി ആളുകളെ കൊണ്ട് ശബരിമലയില്‍ കണ്ടു പോവരുതെന്നു പോലീസ് ആവശ്യപ്പെട്ടെന്നും അനന്യ ആരോപിക്കുന്നു.

content highlights: transgender ananya facebook live after sabarimala issue