ബിരുദാനചടങ്ങിന്റെ അവസാനം ഒരു ഫോട്ടോ സെഷന്‍, അതിനുശേഷം കറുപ്പുനിറത്തിലുള്ള തൊപ്പി വലിച്ചെറിഞ്ഞ് ആഘോഷം. എല്ലാവരുടെയും ബിരുദദാന ചടങ്ങുകളെല്ലാം മിക്കപ്പോഴും ഇങ്ങനെയായിരിക്കും. എന്നാല്‍ ചീങ്കണ്ണിയോടൊപ്പം ചിത്രമെടുത്ത് തന്റെ ബിരുദദാനചടങ്ങിന് പിന്നാലെയുള്ള ഫോട്ടോ സെഷന്‍ വ്യത്യസ്തമാക്കിയിരിക്കുകയാണ് മക്കന്‍സി നോളണ്ട് എന്ന 21 വയസുകാരി. 

ടെക്‌സാസിലെ എ ആന്‍ഡ് എം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി മക്കന്‍സി നോളണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വൈല്‍ഡ്‌ലൈഫ് ആന്‍ഡ് ഫിഷറീസ് സയന്‍സ് ബിരുദ വിദ്യാര്‍ഥിനിയായ മക്കന്‍സി നോളണ്ട്, ബിരുദദാന ചടങ്ങിന് പിന്നാലെയാണ് ചീങ്കണ്ണിയോടൊപ്പം ചിത്രമെടുത്തത്. 

കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന ബ്യൂമോണ്ട് വന്യജീവി സങ്കേതത്തിലെ 14 അടി നീളമുള്ള ചീങ്കണ്ണിയാണ് മക്കന്‍സിയോടൊപ്പം ചിത്രത്തിലുള്ളത്. നിങ്ങളെപ്പോലെയുള്ള സാധാരണ ഗ്രാജുവേഷന്‍ ചിത്രമല്ല എന്ന തലക്കെട്ടോടെയാണ് മക്കന്‍സി ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം മക്കന്‍സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയായിരുന്നു. 

texas1

ആറായിരത്തിലേറെ പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അമേരിക്കന്‍ മാധ്യമങ്ങളും മക്കന്‍സിയെ തേടിയെത്തി. ടെക്‌സ് എന്ന് പേരിട്ട ചീങ്കണ്ണി തനിക്ക് ഏറെ പ്രിയപ്പെട്ടവനാണെന്നും, അതിനാലാണ് ബിരുദദാന ചടങ്ങിന് പിന്നാലെ ടെക്‌സിനൊപ്പം ചിത്രമെടുത്തതെന്നും മക്കന്‍സി പറഞ്ഞു. 

കേവലം ആംഗ്യങ്ങള്‍ കൊണ്ടുമാത്രം ടെക്‌സുമായി ആശയവിനിമയം നടത്താമെന്നും, കുട്ടിക്കാലം മുതല്‍ പാമ്പുകളെയും മൃഗങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ടെക്‌സിനോടൊപ്പം ചിലവഴിച്ച ഓരോനിമിഷങ്ങളും മറക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.