പെണ്‍മക്കള്‍ വേണമെന്ന് അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു ബംഗ്ലാദേശിലെ റിക്ഷാ ഡ്രൈവറായ ബബ്ലു ഷേഖ്. ഭാഗ്യമുള്ളവര്‍ക്കേ പെണ്‍കുഞ്ഞിനെ കിട്ടൂ എന്ന് അയാള്‍ തന്റെ ഭാര്യയോട് എല്ലായ്‌പ്പോഴും പറയുമായിരുന്നു. അപ്രതീക്ഷിതമായി തന്റെ റിക്ഷയില്‍ കയറിയ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ജീവിത ദര്‍ശനത്തെ മാറ്റിമറിച്ചു. ഒരു പെണ്‍കുട്ടിയുണ്ടാവാതിരുന്നത് എന്തു കൊണ്ടും നന്നായെന്ന് അയാള്‍ ആശ്വസിച്ചു. പക്ഷെ പിന്നീടയാള്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനായി, ഡോക്ടറായ പെണ്‍കുട്ടിയുടെ അച്ഛന്‍.

ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച ഈ കഥ വായിക്കൂ,

ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളായിരുന്നു. അതു കൊണ്ട് തന്നെ ഒരു പെണ്‍കുട്ടി വേണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിച്ചു. ഭാഗ്യമുള്ളയാളുകള്‍ക്കേ പെണ്‍കുഞ്ഞിനെ ലഭിക്കൂ എന്ന് ഞാനെന്റെ ഭാര്യയോട് പറയുമായിരുന്നു.

30 വര്‍ഷമായി ഞാൻ റിക്ഷ വലിക്കുന്നു. എന്റെ യാത്രികരില്‍ ഭൂരിഭാഗവും മൂക്കത്ത് ശുണ്ഠിയുള്ളവരാണ്. പലരില്‍ നിന്നും പലപ്പോഴും ശകാരവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു അച്ഛന്‍ അദ്ദേഹത്തിന്റെ മകളെ കോളേജില്‍ കൊണ്ടു ചെന്നാക്കാന്‍ എന്നെ വിളിച്ചു.

റിക്ഷയില്‍ മുറുകെ പിടിക്കണമെന്ന് മകളോടും മകളെ കരുതലോടെ കൊണ്ടു പോവണമെന്ന് എന്നോടും ആ അച്ഛന്‍ അഭ്യര്‍ഥിച്ചു. പയ്യെ പോവണമെന്നും മകള്‍ക്ക് ഒരു പോറലുമേല്‍പിക്കരുതെന്നും അദ്ദേഹം എന്നോട് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 

എന്നാൽ യാത്ര തുടങ്ങിയതും അവൾ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം തിരക്കി തിരിഞ്ഞു നോക്കിയെങ്കിലും അവളെന്നെ ശകാരിച്ചു. ശകാരിക്കുക മാത്രമല്ല ഒരിക്കലും തിരിഞ്ഞു നോക്കരുതെന്ന് താക്കീതും നല്‍കി. 

യാത്രാ മധ്യേ റിക്ഷ നിര്‍ത്താനാവശ്യപ്പെട്ട് അവള്‍ ആരെയോ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ഫോണിലൂടെ അവള്‍ പൊട്ടിത്തെറിച്ചു, ഇടയ്ക്കിടെ അലറിക്കരഞ്ഞു. ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചോടാനായിരുന്നു പെണ്‍കുട്ടിയുടെ പദ്ധതിയെന്നും എന്നാല്‍ പയ്യന്‍ മുങ്ങിയതാണെന്നും എനിക്ക് മനസ്സിലായി. 

പയ്യന്‍ വരില്ലെന്ന് അവള്‍ക്ക് ബോധ്യമായതോടെ അവള്‍ റിക്ഷയില്‍ നിന്ന് ചാടിയിറങ്ങി. സീറ്റില്‍ എനിക്കുള്ള പണം വെച്ച് അവള്‍ തീവണ്ടിപ്പാളത്തിലേക്കോടി. ആ പാവം അച്ഛനെ ഓര്‍ത്ത് ഞാന്‍ ദുഃഖിച്ചു. ഒരു പെണ്‍കുട്ടിയുണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഓര്‍ത്ത് ഞാന്‍ മടങ്ങാൻ തുനിഞ്ഞു.പക്ഷെ എനിക്ക് ഒരടി പോലും റിക്ഷ ചവിട്ടാനായില്ല. മകളെ ശ്രദ്ധിച്ച് കൊണ്ടു പോവണമെന്ന ആ അച്ഛന്റെ വാക്കുകള്‍ എന്റെ കാതിൽ മുഴങ്ങി.

റിക്ഷ അരികിലാക്കി അവളെത്തേടി ഞാനോടി. സ്വയം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ തീവണ്ടി പാളത്തിലൂടെ ഒരു ഭ്രാന്തിയെപ്പോലെ ഓടുന്ന അവളെ ഞാന്‍ കണ്ടു. അവള്‍ക്കരികിലെത്തി തന്റെ കൂടെ വീട്ടിലേക്ക് തിരികെ വരണമെന്ന് ഞാനാ പെണ്‍കുട്ടിയോട് അഭ്യര്‍ഥിച്ചു. 

വിവരമില്ലാത്ത വിഡ്ഡീ എന്ന് വിളിച്ച് ആക്ഷേപിച്ചു കൊണ്ട് എനിക്ക് നേരെ അവള്‍ അലറി. അപ്പോഴും അവള്‍ കരഞ്ഞു കൊണ്ടിരുന്നു. ആ ആളില്ലാത്ത തുരുത്തില്‍ അവളെ ഒറ്റക്കാക്കി മടങ്ങാന്‍ എന്റെ മനസ്സനുവദിച്ചില്ല. മതിയാവുന്നത്ര അവള്‍ കരഞ്ഞ് തീര്‍ക്കട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് അവള്‍ക്കരികില്‍ മൂന്നു മണിക്കൂറോളം ഞാന്‍ നിലകൊണ്ടു.

മഴ എത്താറായിരുന്നു. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ദീര്‍ഘനേരത്തെ മൗനം ഭഞ്ജിച്ച് റിക്ഷയുമായെത്താന്‍ എന്നോടവള്‍ ആവശ്യപ്പെട്ടു.
വീട്ടില്‍ കൊണ്ടാക്കിയ അവള്‍ എന്നോട് ഇത്ര മാത്രം പറഞ്ഞു, 'എന്റെ വീട്ടിലേക്കോ പരിസരത്തേക്കോ താങ്കള്‍ ഒരിക്കല്‍ പോലും വരരുത്. എന്നെ അറിയാമെന്ന് ആരോടും പറയുകയും അരുത്'

തലകുനിച്ചു ഞാന്‍ മടങ്ങി. അന്നെനിക്ക് ആരോടും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഒരു മകളുണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഞാന്‍ വീണ്ടും വീണ്ടും ആശ്വസിച്ചു.

എട്ട് വര്‍ഷം കഴിഞ്ഞു കാണും, എനിക്കൊരപടകമുണ്ടായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അതാ, അവൾ. വെള്ളയുടുപ്പിട്ട് എനിക്കരികില്‍ അതേ പെണ്‍കുട്ടി നില്‍ക്കുന്നു. അവളുടെ കഴുത്തില്‍ ഒരു സ്റ്റെതസ്‌കോപ്പുണ്ട്. പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല അവളെ.

എനിക്കരികിലേക്ക് വന്ന് സുഖമാണോ എന്നവൾ ചോദിച്ചു. എന്തേ ഇത്ര നാളും അവൾക്കരികിലേക്ക് വന്നില്ലെന്നും ചോദിച്ചു.

പിന്നീട് ഒരു വലിയ ഡോക്ടര്‍ക്കരികിലേക്ക് എന്നെ കൊണ്ടു പോയി അവള്‍ അദ്ദേഹത്തോട് പറയുന്നത് ഞാന്‍ കേട്ടു, 'സര്‍ ഇതെന്റെ അച്ഛനാണ്. എന്നെ സംരക്ഷിക്കാന്‍ ഈ അച്ഛന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും ഡോക്ടറാവുമായിരുന്നില്ല'. 

ആ മെലിഞ്ഞ കിടക്കയില്‍ കിടന്ന് ഞാനെന്റെ കണ്ണുകള്‍ മുറുകെ അടച്ചു. അപ്പോള്‍ എനിക്കനുഭവപ്പൈട്ടതെന്തെന്ന് ഇനിയും എനിക്ക് പറയാനാവില്ല. ഈ റിക്ഷാവലിക്കാരന് ഒരു മകളുണ്ടായിരിക്കുന്നു. ഡോക്ടറായ ഒരു മകള്‍.