തിരുവനന്തപുരം: ഫലപ്രദമായ മരുന്നും വാക്‌സിനും കണ്ടെത്തും വരെ കോവിഡുള്ള ലോകത്ത് സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ് ഏക പോം വഴി. മുഖത്തിന്റെ വലിയ ഭാഗം മറക്കുന്ന മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്. വൈവിധ്യം നിറഞ്ഞതും ആകര്‍ഷകവുമായ മാസ്‌കുകള്‍ ഇതിനോടകം തന്നെ പലരും പങ്കുവെച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത് ശശിതരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച മാസ്‌കുകളാണ്.

കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. "ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു... അതാണ് മലയാളി" എന്ന മലയാളം അടിക്കുറിപ്പുള്ള കസവ് മാസ്‌കുകളുടെ ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. "ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്‌കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു"എന്ന അടിക്കുറിപ്പോടുകൂടിയാണ് തരൂര്‍ ചിത്രം പങ്കുവെച്ചത്.

ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെയെന്ന അടിക്കുറിപ്പോടെ ലിമി റോസ് ടോം ആണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. ഇവരാണ് മാസ്‌ക് ആശയത്തിനു പിന്നില്‍.

വീട്ടിലെ ഒഴിവാക്കിയ സെറ്റ് സാരി കഷണങ്ങളുപയോഗിച്ചാണ് മാസ്‌ക് താനുണ്ടാക്കിയതെന്ന് ലിമി റോസ് തന്റെ മറ്റരൊരു പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

അതേ സമയം വൈവിധ്യങ്ങളെ പുല്‍കുന്ന മാസ്‌കുകള്‍ കൊറോണയെ പ്രതിരോധിക്കുമോ എന്ന് കണ്ടറിയണം.

content highlights: Sashi tharoor tweets images of Kasavu malayali mask for Onam