ന്യൂഡൽഹി : ത്രിവർണ്ണ പതാക കാവിയായി മാറുന്ന പ്രതീകാത്മക ചിത്രം പങ്കുവെച്ച തരൂരിന്റെ ട്വീറ്റ് രാഷ്ട്രീയ ചര്‍ച്ചയാവുന്നു. ഇന്ത്യയുടെ നിലവിലെ അവസ്ഥ പറയുന്നതാണ് മുംബൈക്കാരനായ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ കലാസൃഷ്ടി എന്ന് പറഞ്ഞ് കൊണ്ട് ഇന്നു പുലര്‍ച്ചെ തരൂര്‍ പങ്കുവെച്ച ചിത്രമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.  ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോള്‍ കാവിയായി മാറുന്നതാണ് ദൃശ്യം സംവദിക്കുന്നത്. കലാസൃഷ്ടി വാക്കുകളേക്കാളേറെ സംവദിക്കും എന്ന് കുറിച്ചു കൊണ്ടാണ്  തരൂർ ചിത്രം ട്വിറ്ററിൽ കുറിച്ചത്.

രാജ്യം കാവിവത്കരിക്കുന്നതാണോ അതോ കാവിവത്കരിക്കപ്പെടുന്ന കോണ്‍ഗ്രസ്സാണോ തരൂര്‍ ഉദ്ദേശിച്ചതെന്നതാണ് നിലവില്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കാണ് ഉദ്ദേശിച്ചതെന്ന വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങൾ പലരും റിട്വീറ്റായും കമന്റുകളായും ട്വിറ്ററില്‍ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു.

കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റ് വന്നതെന്നത് വലിയ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്നര വര്‍ഷമായി സ്ഥിരം അധ്യക്ഷനില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനാല്‍ തന്നെ മികച്ച പ്രതിപക്ഷമല്ലെന്നുമായിരുന്നു കപില്‍ സിബലിന്റെ തുറന്നു പറച്ചില്‍.

ക്രിയാത്മക നിര്‍ദേശം മുന്നോട്ടുവെച്ച നേതാക്കള്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ തരൂരും ഒപ്പുവച്ചിരുന്നു.

content highlights: Sashi Taroor's Controversial image tweet describing saffronisation