ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വേദനാജനകവും വേട്ടയാടുന്നതുമായ അനുഭവത്തെ കുറിച്ച തുറന്നു പറയുകയാണ് മാധ്യമപ്രവർത്തകയായ റംസീന ഉമൈബ. പലതരത്തിലുള്ള ലൈംഗിക കയ്യേറ്റങ്ങളെ താൻ അതിജീവിച്ചതെങ്ങനെയെന്നും ആ അനുഭവങ്ങൾ ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോയ അനേകം സ്ത്രീകൾക്ക് കരുത്താകുമെന്നും പ്രതീക്ഷിക്കുകയാണ് തന്റെ കുറിപ്പിലൂടെ അവർ

തൊരു പെരുമഴയിലും ഒലിച്ചുപ്പോവാത്തൊരു ചിത്രമുണ്ടെന്റെ മനസ്സില്‍. കാലങ്ങളായി ഞാനതിനെ മായ്ക്കാന്‍ ശ്രമിച്ചുക്കൊണ്ടേയിരിക്കുന്നു... പരാജയപ്പെടുന്നു... വീണ്ടും ശ്രമിക്കുന്നു... വീണ്ടും വീണ്ടും പരാജയപ്പെടുന്നു... 
ബോധം കെട്ടുറങ്ങുന്ന എന്റെ വല്ല്യുമ്മയുടെ ചിത്രമാണത്. ഉറങ്ങുകയാകുമെന്നാണ് ആദ്യം കരുതിയത്. സാധാരണ ഉറങ്ങാറുള്ള സമയവുമായിരുന്നു അത്. 
എന്നാല്‍ അന്നത്തെ ദിവസം അതങ്ങനെയായിരുന്നില്ല എന്നു വൈകാതെ തന്നെ എനിക്ക് മനസ്സിലായി. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയമാണ്. അയാളുടെ മോശം പ്രകടനങ്ങള്‍ തുടങ്ങിയ സമയം. ഉമ്മ പതിവുപോലെ പ്രസവജോലിയ്ക്കായി ഏതോ ഒരു വീട്ടിലായിരുന്നു. ഞാനും ചെറിയ അനിയത്തിയും വല്ല്യുമ്മയും മാത്രമെ അന്നാ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അന്നും അയാള്‍ പെപ്‌സിയും കപ്പ ചിപ്‌സുമൊക്കെ കൊണ്ടുവന്നിരുന്നു. പതിവുപോലെ എനിക്ക് അതൊന്നും തന്നതുമില്ല. പെപ്‌സി കുടിച്ച ശേഷമാണ് വല്ല്യുമ്മ ഉറങ്ങിപ്പോയതെന്നു കുറച്ചു സമയം കൊണ്ടു തന്നെ എനിക്കു മനസ്സിലായി. അന്നയാള്‍ക്ക് വല്ല്യുമ്മ മാത്രമായിരിക്കണം തടസ്സമായി തോന്നിയിട്ടുണ്ടാകുക. എന്തു മരുന്നാണ് ആ പെപ്‌സിയില്‍ കലര്‍ത്തിയതെന്നു എനിക്കിപ്പോഴും അറിയില്ല. അതയാള്‍ എവിടുന്നായിരിക്കും സംഘടിപ്പിച്ചിരിക്കുക എന്നും എനിക്കറിയില്ല. തുടര്‍ച്ചയായി അയാള്‍ക്കതു കിട്ടാറുമുണ്ടായിരുന്നു. വല്ല്യുമ്മ ഉറങ്ങി വീണതില്‍ പിന്നെ മൂത്രമൊഴിക്കാനെന്ന് കള്ളം പറഞ്ഞ് പുറത്തെ മൂത്രപ്പുരയിലേക്കോടിയ ഞാന്‍ പിന്നീടാ ഓട്ടം അവസാനിപ്പിച്ചത് അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള മൂത്തുമ്മയുടെ വീട്ടിലായിരുന്നു. രാത്രി പതിനൊന്നരയോടടുത്ത് അവിടം വരെ ഓടിയതെങ്ങനെയെന്നെനിക്കിപ്പോഴുമറിയില്ല. കിതച്ചെത്തിയ എന്നോട് ആരും കാരണങ്ങള്‍ തിരക്കിയിരുന്നില്ല. അവര്‍ക്കൂഹിക്കാവുന്നതിലും കൂടുതലായി എനിക്കൊന്നും പറയാനുമുണ്ടായിരുന്നില്ല.

പിന്നീടൊരിക്കല്‍, മറ്റൊരു വാടക വീട്ടില്‍ താമസിക്കുന്ന സമയത്താണ് ഇതുപോലൊരു മരുന്നു പ്രയോ?ഗം നടന്നിട്ടുണ്ടെന്നു സംശയം തോന്നിയത്. അപ്പോള്‍ ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന കാലമായിരുന്നു. എനിക്കേറ്റോം പ്രിയപ്പെട്ട ഒരു പ്ലേറ്റുണ്ടായിരുന്നു. അതിലാണെന്നും കഴിക്കാറ്. സാധാരണയായി ഞാനാണ് ഭക്ഷംണം സ്വയം വിളമ്പി കഴിച്ചിരുന്നത്. എന്നാലന്ന് അയാളാണ് ഭക്ഷണം വിളമ്പി തന്നത്. എല്ലാവരോടും കഴിക്കാന്‍ ഫറഞ്ഞു. സംശയം തോന്നുമ്പോഴേക്കും രണ്ടോ മൂന്നോ ഉരുള ഞാന്‍ കഴിച്ചിരുന്നു. കൃത്യമായി എനിക്കോര്‍മ്മയുണ്ട് നാലാമത്തെ ഉരുള കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ചോറിനുള്ളില്‍ എന്തോ വെളുത്ത പൊടികളുള്ളതായി എനിക്ക് മനസ്സിലായത്. എന്റെ മുന്നില്‍ കൂടുതല്‍ സമയം അവശേഷിക്കുന്നില്ലെന്നെനിക്കറിയാമായിരുന്നു. എന്തെങ്കിലും ചെയ്യണമെങ്കില്‍ അതു അടുത്ത നിമിഷങ്ങളില്‍ തന്നെ ചെയ്യണമായിരുന്നു. ഒന്നിനു വേണ്ടിയും പുറത്തേക്കോ വാതില്‍ വരെയോേ പോകാന്‍ കഴിയാത്ത തരത്തില്‍ ഞാന്‍ ലോക്ഡ് ആയിരുന്നു. അടുത്തിരിക്കുന്ന ?ഗ്ലാസ്സിലുള്ള വെള്ളമെടുത്ത് കുടിക്കാനൊരുങ്ങി ചോറ്റുപാത്രത്തില്‍ നിന്നും കുറച്ച് കറിയെടുത്ത് അതിലേക്കിട്ട് വെള്ളത്തില്‍ കറി വീണെന്നു പറഞ്ഞ് വെള്ളം മാറ്റിയെടുക്കാനായി ഞാന്‍ അടുക്കളയിലേക്കുപോയി. വെള്ളം മാറ്റിയെടുത്തതും അടുക്കള വാതില്‍ ?ധൃതിയില്‍ തുറന്ന് ഞാന്‍ പുറത്തേക്കോടി. എല്ലാം ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ നടന്നതുക്കൊണ്ടാണ് ഞാനന്ന് രക്ഷപ്പെട്ടത്. 

അതൊരു ലൈന്‍ ക്വാര്‍ട്ടേഴ്‌സ് ആയിരുന്നു. രണ്ടു മുറി അപ്പുറത്ത് അമ്മായിയുടെ മകളും ഭര്‍ത്താവും താമസിക്കുന്നുണ്ടായിരുന്നു. അടുക്കള വാതില്‍ തുറന്ന് അവളുടെ മുറിയുടെ വാതിലില്‍ തട്ടിയതും മാത്രമെ എനിക്കോര്‍മ്മയുള്ളൂ. പിറ്റേദിവസം ഉണരുമ്പോഴാണ് അവള്‍ കാര്യം തിരക്കുന്നത്. ചോറില്‍ എന്തോ ഇട്ടിരുന്നു അത് ഞാന്‍ കഴിച്ചുവെന്നും പറഞ്ഞതനുസരിച്ച് അവളയാളോട് ചോദിക്കാനായി പോയെങ്കിലും അയാളവിടെ ഉണ്ടായിരുന്നില്ല. എപ്പോഴത്തെയും പോലെ അയാള്‍ ഒളിവില്‍ പോയിരുന്നു. 

ഏഴാം ക്ലാസ്സുമുതല്‍ പ്ലസ്ടു കഴിഞ്ഞ് തുടര്‍ പഠനത്തിനായി തൃശൂര്‍ എത്തുവോളം ഞാനോടിയ ഓട്ടങ്ങള്‍ക്ക് കണക്കില്ല. ഉറങ്ങാതിരുന്ന രാത്രികള്‍ തിട്ടപ്പെടുത്താനാവില്ല. പ്രതികാരം ചെയ്യാനും അയാളെ കൊല്ലാനും വരെ ആലോചിച്ച നിമിഷങ്ങള്‍ക്കോ, വീടുവിട്ടിറങ്ങലുകള്‍ക്കോ, മരണത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കോ, അളവില്ല. 
ഒരളവു കോലിലും ഉള്‍പ്പെടുത്താനാവാത്ത വിധം അന്നു ഞാന്‍ ജീവിച്ചു മരിച്ച കാലങ്ങളെക്കുറിച്ചോര്‍ത്തുപോകുകയാണ്. ഇടക്കൊക്കെ അതോര്‍ക്കുമ്പോഴാണ് ഇപ്പോഴുള്ള ജീവിതത്തില്‍ സമാധാനം കണ്ടെത്താനാവുന്നത്. 

അതെന്നെ പ്രചോദിപ്പിക്കുന്നുണ്ട്. വല്ലാത്തൊരു വാശിയുളവാക്കുന്നുണ്ട്. വല്ല്യുമ്മയെ പോലെ ഞാനുമുറങ്ങിപ്പോയ ഒത്തിരിയൊത്തിരി രാത്രികളോ പകലുകളോ ഉണ്ടായിട്ടുണ്ടാവാമെന്നെനിക്ക് തോന്നാറുണ്ട്.

അന്നൊരു പക്ഷെ അയാളെന്നെ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുമുണ്ടായിരിക്കണം. അന്നു കഴിച്ച ചോറില്‍ മാത്രമായിരിക്കില്ല മയക്കുപ്പൊടിയുണ്ടായിട്ടുണ്ടാവുക എന്നെനിക്കുറപ്പാണ്. പുറത്തേക്കോടാന്‍ കഴിയാത്ത തരത്തില്‍ ഞാനും മയങ്ങിക്കിടന്നിരിക്കണം. ആ മൃതദേഹത്തില്‍ അയാളെന്തെങ്കിലും ചെയ്തിട്ടുമുണ്ടായിരിക്കണം. ഈ ഓര്‍മ്മ എന്നെ ഒരു പ്രണയരതി പോലും ആസ്വദിക്കാന്‍ കഴിയാത്ത തരത്തില്‍ വ്രണപ്പെടുത്തിയിട്ടുണ്ട്. അത്യധികം പ്രണയത്തോടെയാണെങ്കിലും എന്റെ ശരീരത്തിലേക്കു കടന്നുവരുന്ന മറ്റു ശരീരങ്ങളെ സ്വീകരിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. 
പറഞ്ഞുവന്നത് അതൊന്നുമല്ല. 

ഏഴാം ക്ലാസ്സു മുതല്‍ പ്ലസ് ടു വരെ ഓടിയെത്താന്‍ എനിക്ക് ഒരു മൂത്തുമ്മയുടെ വീടോ അമ്മായീടെ മോള്‍ടെ വീടോ അടുത്തുണ്ടായിരുന്നു. എന്നാലിതൊന്നുമില്ലാത്ത എത്ര പെണ്‍കുട്ടികള്‍ ഇതേ അവസ്ഥയിലോ ഇതില്‍ കൂടുതലോ ആയി നമ്മുടെയൊക്കെ അയല്‍പ്പക്കങ്ങളില്‍ താമസിക്കുന്നുണ്ടാകുമെന്നോ.

അപ്പുറത്തെ വീടുകളില്‍ മയങ്ങിയുറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുണ്ടായേക്കാം. നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എപ്പോഴെങ്കിലുമൊക്കെ അവരോട് സംസാരിക്കുക. അമ്മമാരില്ലാത്ത വീടുകളില്‍, അമ്മമാര്‍ നിസ്സഹായരായി പോകുന്ന വീടുകളില്‍, അമ്മമാര്‍ പോലും സാഹചര്യങ്ങളൊരുക്കുന്ന വീടുകളിലെല്ലാം ഗത്യന്തരമില്ലാതെ വാവിട്ടുകരയുന്ന, ഉറക്കമുണര്‍ന്നിരിക്കുന്ന, മറ്റു വഴികളറിയാതിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായേക്കാം. ചിലപ്പോഴൊക്കെ ആണ്‍കുട്ടികളും. ഇന്നിപ്പോള്‍ ഉള്ളതായി പറയപ്പെടുന്ന സാധ്യതകളെ കുറിച്ചൊന്നുമറിയാത്ത, അറിഞ്ഞാലും അതിലേക്കെത്താന്‍ കഴിയാത്ത കുട്ടികളോട് പ്രത്യേക പരി?ഗണന കാണിക്കുക. കുട്ടികള്‍ക്കേല്‍ക്കുന്ന ഏതൊരു മുറിവും അവരെ ജീവിതക്കാലമത്രയും വേട്ടയാടുമെന്നേ...  അത്രമാത്രമാഴത്തില്‍ അതവരെ മുറിവേല്‍പ്പിക്കും. എപ്പോ വേണമെങ്കിലും നിങ്ങളുടെ അയല്‍പ്പക്കത്തുള്ള ഒരു കുട്ടിയ്‌ക്കെങ്കിലും ഇറങ്ങി വരാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടെ വാതിലുകള്‍ തുറന്നിടുക. മനസ്സും...

വൈകാരിക പ്രകടനത്തിന്റെ ഭാഗമായല്ല ഈ ഓര്‍മ്മകള്‍ വീണ്ടും എഴുതിത്തുടങ്ങിയത്. ഇതിലും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് കിട്ടേണ്ട കരുതലിന് വേണ്ടി എന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു എന്ന് മാത്രം. ഇതെല്ലാം സമാഹരിക്കാം എന്ന് ഒരു സുഹൃത്ത് അടുത്തിടെ പറഞ്ഞിരുന്നു. ഞാന്‍ ഒരുകാലത്ത് കടന്നുപോയതും ഇന്നും വിടുതല്‍ നേടിയിട്ടില്ലാത്തതുമായ ആ കെട്ടകാലത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കായി എഴുതുന്നതില്‍ സന്തോഷം കണ്ടെത്തുന്നുണ്ട്, ഈ ഓര്‍മ്മകള്‍ ഒട്ടും സന്തോഷിപ്പിക്കുന്നില്ലെങ്കിലും

content highlightsRamseena Umaiba Speaks about the traumatic experience which she faced in her childhood