ന്യൂഡൽഹി: ഭരണ നിർവഹണത്തിൽ കേരളം ഒന്നാമതെത്തിയ വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ ട്വിറ്ററില്‍ കേരളത്തേയും ഉത്തർപ്രദേശിനേയും താരതമ്യപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്.

'മികച്ച ഭരണം കേരളത്തില്‍, ഏറ്റവും മോശം ഉത്തര്‍പ്രദേശ് , രാമരാജ്യം vs യമരാജ്യം' എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

 ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ (പി.എ.സി.) പുറത്തുവിട്ട 2020-ലെ പൊതുകാര്യസൂചിക (പി.എ.ഐ.) പ്രകാരമാണ് ഭരണ നിർവഹണത്തിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമതുള്ളത്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഗവേഷണസ്ഥാപനമാണ് പി.എ.സി.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം (1.388 പോയന്റ്), തമിഴ്നാട് (0.912 ), ആന്ധ്രപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിവയാണ് ആദ്യ നാലുറാങ്കുകള്‍ നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് (-1.461 പോയിന്റ്), ഒഡിഷ (-1.201), ബിഹാര്‍ (-1.158) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ 1.745 പി.എ.ഐ. പോയന്റുമായി ഗോവയാണ് ഒന്നാംസ്ഥാനത്ത്. മേഘാലയ (0.797 പോയന്റ്), ഹിമാചല്‍പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 1.05 പോയന്റുമായി ചണ്ഡീഗഢ് ആണ് മികച്ച ഭരണനിര്‍വഹണമുള്ള കേന്ദ്രഭരണപ്രദേശം. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നിവയാണ് തൊട്ടുപിന്നില്‍. നീതി, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്സ് സെന്റര്‍ ഭരണനിര്‍വഹണനിലവാരം വിശകലനംചെയ്തത്.

content highlights: Ram Raj Vs Yum Raj, Prashanth Bhushan tweets Compares Kerala with UP