കൊച്ചി: ഇന്ത്യയില്‍ കോവിഡ് വാക്സിന് ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത് പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ വെല്ലുവിളി ആയിരിക്കുമെന്ന് ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റും കൊച്ചി ഐ.എം.എ. ഘടകത്തിന്റെ മുന്‍ പ്രസിഡന്റുമായ ഡോ. രാജീവ് ജയദേവന്‍. ഭോപ്പാലിലെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത ഒരാള്‍ വാക്സിന്‍ എടുത്ത് 9 ദിവസം കഴിഞ്ഞ് മരണപ്പെട്ടത് മൂലമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

"കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച ആശയവിനിമയങ്ങളും ബന്ധപ്പെട്ട ഡോക്യുമെന്റേഷനും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. നമ്മുടെ രാജ്യത്ത് ആരോഗ്യരംഗത്ത് തിരക്കും മറ്റും മൂലം പൊതുവേ ഡോക്യൂമെന്റഷന്‍ കുറവാണ്. മാത്രവുമല്ല, ഗവേഷകന്‍ എന്താണ് പറഞ്ഞതെന്നോ ഉദ്ദേശിച്ചതെന്നോ  മനസിലാക്കാതെ ട്രയല്‍ എന്നു വച്ചാല്‍, ഒരു പക്ഷേ ചികിത്സ ആണെന്നു തെറ്റിദ്ധരിച്ച് ചിലര്‍ പങ്കെടുക്കാന്‍ സമ്മതം മൂളി എന്നു വരാം. 

"ക്ലിനിക്കല്‍ ട്രയലിനെക്കുറിച്ച് നമ്മുടെ രാജ്യത്ത് പൊതുജനങ്ങളില്‍ പലര്‍ക്കും നല്ല ധാരണയില്ല. അതുകൊണ്ടു തന്നെ സംശയത്തോടെയാണ് പലരും അതിനെ കാണുന്നത്. സാങ്കേതികപദങ്ങള്‍ പലപ്പോഴും വിശദീകരിക്കപ്പെടുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായി മനസിലാകുന്നില്ല. 'ഇത് ട്രയല്‍ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു' എന്ന് വാസ്‌കിന്‍ എടുത്തവര്‍ അഭിപ്രായപ്പെടുന്നത് മാധ്യമങ്ങളിലൂടെ കേള്‍ക്കുക വരെയുണ്ടായി. 

"വാക്സിന്‍ ഉടന്‍ തന്നെ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ ശുഭകരമല്ല. വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന അവസ്ഥയാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഭോപ്പാലില്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത ഒരാള്‍ 9 ദിവസത്തിനുശേഷം മരണപ്പെട്ടത് വിവാദങ്ങള്‍ക്ക് ഇടയാക്കി. 

"വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 'വാക്സിന്‍ ആണ് വിഷം' എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളിലൂടെ ആരോപിക്കുകയുണ്ടായി. യഥാര്‍ത്ഥ മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. അദ്ദേഹം സ്വീകരിച്ചത് കോവിഡ് യഥാര്‍ത്ഥ വാക്സിന്‍ ആണോ പ്ലസിബോ ആണോ എന്നും വ്യക്തമല്ല. അപൂര്‍ണമായ നെഗറ്റീവ് വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുമ്പോള്‍ വാക്‌സിന്‍ വിരുദ്ധതയ്ക്ക് വളമാകുന്നു." ഡോ. രാജീവ് ജയദേവൻ പറഞ്ഞു. 

"ഒരു ജനസമൂഹത്തിലെ രോഗങ്ങളുടെ 'ബാക്ക്ഗ്രൗണ്ട് റേറ്റ്' എല്ലാവരും അറിയേണ്ട വിഷയമാണ്. ഒരു കോടി വരുന്ന ഏത് ജനവിഭാഗത്തെ രണ്ട് മാസം നിരീക്ഷിച്ചാലും 4000 പേര്‍ക്ക് ഹാര്‍ട്ട്അറ്റാക്കും 6500 പേര്‍ക്ക് ക്യാന്‍സറും പിടിപെടുന്നു; ആകെ 14000 പേര്‍ മരിക്കുന്നു  (450 ആത്മഹത്യ ഉള്‍പ്പടെ) എന്നതാണ് വസ്തുത. വാക്സിന്‍ നല്‍കിയാലും ഈ 'ബാക്ക്ഗ്രൗണ്ട് നിരക്ക്' മാറാന്‍ ഇടയില്ല. 

"എന്നാല്‍, വാക്‌സിന്‍ എത്തിയ ശേഷം ഏത് കാരണത്താല്‍ മരിച്ചാലും, വാക്സിന്‍ എടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഒരാള്‍ മരണപ്പെടുന്നതെങ്കില്‍, അല്ലെങ്കില്‍ രോഗബാധിതനാവുന്നതെങ്കില്‍ ഇടം വലം നോക്കാതെ 'വാക്സിനാണ് അതിനു കാരണമെന്ന്' പഴിചാരപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്", അദ്ദേഹം പറഞ്ഞു.

"വാക്സിന്‍ എടുത്ത ശേഷമുള്ള ദിവസങ്ങളില്‍ ഒരു ആരോഗ്യ പ്രശ്‌നമുണ്ടായാല്‍ അത് ഗുരുതരമാണോ, യഥാര്‍ത്ഥത്തില്‍ വാക്‌സിന്‍ മൂലമാണോ ഉണ്ടായത്  എന്ന് വിദഗ്ദ്ധ സംഘം നിരന്തരം നിരീക്ഷിച്ചാണ് വിലയിരുത്തുന്നത്. രോഗിയുടെ ചികിത്സ നടത്തുന്നതിനു പുറമേ ഈ പഠനഫലങ്ങള്‍ വസ്തുനിഷ്ഠമായി ഉത്തരവാദിത്വപ്പെട്ടവരുമായി അവര്‍ പങ്കു വയ്ക്കുന്നത് പതിവാണ്". 

ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന വ്യക്തിയ്ക്ക് ചെറിയ തുക പ്രതിഫലം നല്‍കുന്നത് ഒരു തെറ്റായ പ്രവണതയല്ലെന്ന് ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി. 'അത് അംഗീകരിക്കപ്പെട്ടിട്ടുള്ളതും ധാര്‍മികവുമായ (ethical) ഒരു നടപടി ക്രമമാണ്. ട്രയലിന് വന്നവരുടെ അന്നത്തെ സമയം, അതു മൂലം അവര്‍ക്കു നഷ്ടപ്പെട്ട വരുമാനം, ഉണ്ടായ അസൗകര്യം എന്നിവ മുന്‍നിര്‍ത്തി നല്‍കുന്ന ചെറിയ ഒരു നഷ്ടപരിഹാരമാണ് ആ തുക.', അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights: Rajeev jayadevan on Covid vaccination