കൊച്ചി: ഡിവൈ.എസ്.പി.മാരടക്കം ഉള്‍പ്പെട്ട പോലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഷ്ട്രീയചര്‍ച്ചകള്‍ ചൂടുപിടിച്ചത് വിവാദമാകുന്നു. ജസ്റ്റിസ് ഫോര്‍ പോലീസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് 2018 ജനുവരിയിലാണ് രൂപവത്കരിച്ചത്. വിവിധ പോലീസ് ജില്ലകളില്‍നിന്നായി 250-ഓളം ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഗ്രൂപ്പില്‍ രാഷ്ട്രീയാതിപ്രസരമുണ്ടായത്. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയവയും പോലീസിലെ സംഘടനാപരമായ വിഷയങ്ങളും ചര്‍ച്ചയായി. പോലീസുകാര്‍ രാഷ്ട്രീയചായ്വിനനുസരിച്ച് കമന്റിടാനും തുടങ്ങിയതോടെ ഇത് പോരിലേക്കു കടക്കുകയായിരുന്നു. ഇതോടെ സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുവിഭാഗം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരമറിയിച്ചു.

അച്ചടക്കലംഘനത്തിനും മറ്റുമായി സസ്‌പെന്‍ഷന്‍ നേരിടുന്ന ഉദ്യോഗസ്ഥനായിരുന്നു ഗ്രൂപ്പ് അഡ്മിന്‍. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവില്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം ഗ്രൂപ്പിനെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സേനാവിഭാഗമായതിനാല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്താനാകില്ല. ഇങ്ങനെ ചെയ്താല്‍ ഇത് അച്ചടക്ക ലംഘനമാവും. പ്രതിപക്ഷനേതാവിനോടൊപ്പവും കെ.പി.സി.സി. പ്രസിഡന്റിനൊപ്പവും സിവില്‍ വേഷത്തില്‍ സെല്‍ഫിയെടുത്ത പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നിരുന്നു. പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഫോട്ടോ ഇട്ടതാണ് ഇവര്‍ക്കു വിനയായത്.

അതേസമയം, ജസ്റ്റിസ് ഫോര്‍ പോലീസ് ഗ്രൂപ്പില്‍ മുന്നണിയുടെ മുഖ്യ മുദ്രാവാക്യം തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം പോസ്റ്റുചെയ്തു. ഇത്തരം സന്ദേശങ്ങള്‍ വന്നതിനുപിന്നാലെ അപകടം മണത്ത് ചില ഉദ്യോഗസ്ഥര്‍ ഗ്രൂപ്പില്‍നിന്ന് തലയൂരി.

content highlights: Police Whatsapp group, Kerala assembly election 2021