തിരുവനന്തപുരം: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര വലിയ മീനാണെങ്കിലും തെറ്റ് ചെയ്തെങ്കില്‍ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.
തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു.