തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലൂടെ തെരുവില്‍ സമരാഭാസവുമായി ഇറങ്ങുന്നതിനു ചില ലക്ഷ്യങ്ങളുണ്ടെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഇടതു സര്‍ക്കാരിനെ കരിവാരിത്തേച്ചുകൊണ്ട് എങ്ങിനെയെങ്കിലും അധികാരത്തില്‍ എത്തുക എന്ന പ്രധാന ലക്ഷ്യമാണ് കോണ്‍ഗ്രസ്സിനെന്നും അതു നടന്നില്ലെങ്കില്‍ ഇപ്പോള്‍ ഐസിയുവിലുള്ള കേരളത്തിലെ കോണ്‍ഗ്രസ് വെന്റിലേറ്ററിലാകും എന്ന് കോണ്‍ഗ്രസ്സിനറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് താളില്‍ നീണ്ട പോസ്റ്റിലൂടെയാണ് നിശിത വിമര്‍ശനം കോണ്‍ഗ്രസ്സിനെതിരേ റിയാസ് ഉന്നയിച്ചത്. 

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ ഖ്യാതി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാണെന്നും മുഹമ്മദ് റിയാസ് കുറിച്ചു.

"കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഖദറിന് നിരവധി മനുഷ്യജീവനുകളുടെ ചോരപറ്റിയ നിറമുണ്ട്.  1948ല്‍ മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങിയ ആ കൊലപാതക പരമ്പര ഏറ്റവും അവസാനം വെഞ്ഞാറമൂട് ഹഖ് മുഹമ്മദിലും മിഥിലാജിലും എത്തിനില്‍ക്കുന്നു. മൊയ്യാരത്ത് ശങ്കരന്‍ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അടിത്തറ പാകിയ സമുന്നതരായ നേതാക്കളിലൊരാളായിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമെല്ലാമായിരുന്ന മൊയ്യാരത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. 1948 മെയ് 11ാം തിയ്യതി എടക്കാട് വെച്ചാണ് കോണ്‍ഗ്രസിന്റെ കുപ്രസിദ്ധമായ കുറുവടിപ്പട വൃദ്ധനായിരുന്ന മൊയ്യാരത്തെന്ന സ്വാതന്ത്ര്യ സമരസേനാനിയെ കൊലപ്പെടുത്തിയത് . ആ കോണ്‍ഗ്രസ്, പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊലയാളി പാര്‍ട്ടിയായി മാറിയതില്‍ അത്ഭുതം കാണേണ്ടതില്ല. കേരളത്തില്‍ ആദ്യമായി ഒരു മുന്‍ നിയമസഭാംഗത്തെ കൊലപ്പെടുത്തിയതും കോണ്‍ഗ്രസ് തന്നെയാണ്" റിയാസ് പറഞ്ഞു

"1971ല്‍ സെപ്തംബര്‍ മാസം 17ന് കൊടുങ്ങല്ലൂരില്‍ സഖാവ് പി കെ അബ്ദുള്‍ ഖാദറിനെ നിഷ്‌കരുണം കൊന്നു തള്ളി കോണ്‍ഗ്രസ്.  പണ്ട് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഖാദര്‍, ജന്മിമാരുടെ പക്ഷം ചേര്‍ന്ന് ഭൂപരിഷ്‌കരണ നടപടികളെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനായി തീരുകയും ചെയ്തയാളാണ്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയിലും തങ്ങളുടെ സര്‍ക്കാരിലും ഉന്നത പദവികള്‍ നല്‍കി അംഗീകരിക്കുന്ന രീതി പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നുണ്ട്. സഖാവ് കുഞ്ഞാലിയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് പിന്നെ കെ പി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി", റിയാസ് കുറിച്ചു

ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിരവധി രക്തസാക്ഷികളെ എണ്ണിയെണ്ണിപ്പറയുന്നതാണ് പോസ്റ്റ്.

“ചോരയുണങ്ങാത്ത കോണ്‍ഗ്രസ് കൊലക്കത്തി”... കേരളത്തിലെ കോൺഗ്രസ് ഇന്ന് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിലൂടെ തെരുവിൽ...

Posted by P A Muhammad Riyas on Sunday, 13 September 2020

content highlights: P A Muhammed riyas' Facebook post on Congress crimes history in Kerala