കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള വളര്‍ച്ചയില്‍ ഒരു 'ബാഡ്ജ് ഓഫ് ഓണര്‍' ആണ് ക്യാംപസ് രാഷ്ട്രീയകാലത്ത് രണ്ടു തല്ലു കൊണ്ടിട്ടുള്ളത്. ഇതിന് രണ്ടു പ്രത്യാഘാതങ്ങള്‍ ഉണ്ട്. ഒന്ന് അക്രമത്തില്‍ ഇടപെടുന്നവര്‍ നേതൃത്വത്തില്‍ എത്തുന്നു, രണ്ട് നേതൃത്വഗുണം ഉള്ളവരും എന്നാല്‍ അക്രമത്തില്‍ പേടിയുള്ളവരും രാഷ്ട്രീയത്തില്‍ നിന്നും മാറിപ്പോകുന്നു. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയം, അക്രമം, നവോത്ഥാനം എന്നീ മൂന്ന് ഘടകങ്ങളെക്കുറിച്ചും തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് മുരളി തുമ്മാരുകുടി.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ക്യാംപസ്: രാഷ്ട്രീയം, അക്രമം, നവോത്ഥാനം.
തിരുവനന്തപുരത്ത് കോളേജില്‍ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു എന്ന വാര്‍ത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. 'എസ് എഫ് ഐ കാമ്പസല്ലേ, അവരത് ചെയ്യും' എന്ന മുന്‍വിധി കൊണ്ടോ, ക്യാംപസ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ് ഇതിനുകാരണം എന്ന തെറ്റിദ്ധാരണകൊണ്ടോ ഒന്നുമല്ല. ഞാന്‍ ആദ്യമായി ക്യാമ്പസ് ആക്രമണങ്ങള്‍ കാണുന്നത് ശാലേം സ്‌കൂളില്‍ ആണ്, അന്നവിടെ കെ എസ് യു ആണ് മുന്നില്‍. കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോള്‍ ഓരോ സെമസ്റ്ററിലും അടിപിടി ഉറപ്പാണ്, പക്ഷെ അവിടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇല്ല. അപ്പോള്‍ എസ് എഫ് ഐ ഇല്ലെങ്കിലും രാഷ്ട്രീയം ഇല്ലെങ്കിലും ക്യാംപസില്‍ അടി നടക്കാം.

എന്തുകൊണ്ടാണ് നമ്മുടെ ക്യാംപസുകളില്‍ അന്നും ഇന്നും അക്രമം നിലനില്‍ക്കുന്നത് ?. ഇതിന്റെ ഉത്തരം തേടേണ്ടത് രാഷ്ട്രീയത്തിലോ പ്രത്യയ ശാസ്ത്രത്തിലോ ഒന്നുമല്ല. അക്രമം എന്നത് നമ്മുടെ സമൂഹത്തിന്റെ അധികാരപ്രയോഗത്തിന്റെ അംഗീകരിക്കപ്പെട്ട ടൂള്‍ കിറ്റില്‍ ഒന്നാണ്. കുട്ടികളെ തല്ലുന്ന അമ്മമാര്‍, ഭാര്യയെ തല്ലുന്ന ഭര്‍ത്താവ്, കുട്ടിയെ തല്ലുന്ന അധ്യാപകര്‍, കള്ളന്മാരെ തല്ലുന്ന പോലീസ്, തടവുകാരെ തല്ലുന്ന ജയിലര്‍മാര്‍, ഇവരിലൊന്നും യാതൊരു ജാതി, മത, വര്‍ഗ്ഗ, സാമ്പത്തിക രാഷ്ട്രീയ ഭേദവും ഇല്ല. ഇങ്ങനെ അക്രമം കാലാകാലമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, ഓര്‍മ്മ വെക്കുമ്പോള്‍ മുതല്‍ അക്രമം അധികാരപ്രയോഗത്തിന്റെ ഉപാധിയായി കണ്ടുവളരുന്ന കുട്ടികള്‍ അവരുടെ അധികാരപരിധിക്കുള്ളില്‍ അക്രമം പ്രയോഗിച്ചില്ലെങ്കില്‍ ആണ് നമ്മള്‍ അതിശയപ്പെടേണ്ടത്. അമ്മമാര്‍ തൊട്ട് പോലീസുകാര്‍ വരെ അധികാരത്തിന് അക്രമം പ്രയോഗിക്കുന്ന നാട്ടില്‍ വിദ്യാര്‍ഥികള്‍ മാത്രം എല്ലാം ജനാധിപത്യപരമായി കൈകാര്യം ചെയ്യും എന്ന് ചിന്തിക്കുന്നത് മറ്റു മൃഗങ്ങളെ കൊന്ന് തിന്നു ജീവിക്കുന്ന സിംഹങ്ങളുടെ കൂട്ടത്തില്‍ ഉള്ള കുഞ്ഞുങ്ങള്‍ മാത്രം പുല്ലു തിന്ന് ജീവിക്കും എന്ന് ചിന്തിക്കുന്നത് പോലെ മൂഢത്വമാണ്. അക്രമം ഇപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ സഹജ സ്വഭാവം ആണ്.

എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതും മാറ്റിയെടുക്കേണ്ടതും ആണെങ്കിലും പക്ഷെ ക്യാംപസിലെ രാഷ്ട്രീയ അക്രമം പക്ഷെ മറ്റുള്ള അക്രമങ്ങളെക്കാള്‍ കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം നമ്മുടെ നാളത്തെ നേതൃത്വം ഇന്നത്തെ ക്യാംപസുകളില്‍ വളരുകയാണല്ലോ. അപ്പോള്‍ ഈ 'നാച്ചുറല്‍ സെലെക്ഷന്റെ' പ്രത്യാഘാതം ചിന്തിച്ചു നോക്കിയാല്‍ മതി.

വാസ്തവത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള സംഘടനകള്‍ തീര്‍ച്ചയായും ഇടപെടേണ്ട അനവധി വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. നാലു കാര്യങ്ങള്‍ മാത്രം ഇപ്പോള്‍ പറയാം.

1. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിദ്യാഭ്യാസ കാലത്തെ പ്രേമവും ആയി ബന്ധപ്പെട്ട് ഒന്നില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ (പെട്രോള്‍ ഒഴിച്ച് കത്തിക്കല്‍ ഉള്‍പ്പടെ) കേരളത്തില്‍ നടന്നു. എന്താണ് 'കണ്‍സെന്റ്' എന്നതിനെ പറ്റിയുള്ള അടിസ്ഥാനപരമായ അറിവ് കുറവില്‍ നിന്നാണ് ഈ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒരു ദിവസം എങ്കിലും 'നോ മീന്‍സ് നോ' എന്നൊരു വിഷയം തീം ആയി എടുത്ത് ഒരു ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തിയാല്‍ എത്ര മാറ്റം ഉണ്ടാകും ?

2. കേരളത്തിലെ കാമ്പസുകളില്‍ സ്ത്രീകള്‍ക്കെതിരെ (വിദ്യാര്‍ത്ഥികളും, അധ്യാപകരും, അനദ്ധ്യാപകരും ഉള്‍പ്പടെ) സെക്ഷ്വല്‍ ഹരാസ്സ്‌മെന്റ് സര്‍വസാധാരണം ആണെന്ന് പ്രൊഫസര്‍ മീനാക്ഷി ഗോപിനാഥിന്റെ റിപ്പോര്‍ട്ട് ഉണ്ട്. നവോദ്ധാനത്തെ പറ്റി ചിന്തിക്കുന്ന കാലത്ത് നമ്മുടെ പെണ്‍കുട്ടികള്‍ കാമ്പസില്‍ പോലും സുരക്ഷിതമല്ല എന്നത് നമ്മളെ നാണിപ്പിക്കേണ്ടതാണ്. നമ്മുടെ എല്ലാ കോളേജിലും സെക്ഷ്വല്‍ ഹരാസ്മെന്റിനെതിരെ ശക്തമായ ഒരു മുന്നേറ്റം വേണ്ടതല്ലേ ?. ഈ ക്യാംപസ് സംസ്‌കാരം ഉള്ളതാണെന്നും സ്ത്രീ സൗഹൃദം ആണെന്നും പറയാന്‍ നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ വിചാരിച്ചാല്‍ പറ്റില്ലേ ?

3. വിപ്ലവകരമായ നിര്‍ദ്ദേശങ്ങള്‍ ആണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വക്കുന്നത്. കരട് നയം നടപ്പിലാക്കിയാല്‍ പത്തു വര്‍ഷത്തിനകം കേരളത്തില്‍ അഫിലിയേറ്റഡ് കോളേജുകള്‍ ഇല്ലാതാകും, ഡിഗ്രി കൊടുക്കാന്‍ അനുമതി ഉള്ള സ്ഥാപനങ്ങളുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയെങ്കിലും ആകും, ആരോഗ്യ സര്‍വ്വകലാശാല മുതല്‍ കൃഷി സര്‍വ്വകലാശാല വരെ ഉള്ളവ പൊളിച്ചടുക്കി ലിബറല്‍ ആര്‍ട്ട്‌സ് സര്‍വ്വകലാശാലകള്‍ വരും. സ്വകാര്യ സര്‍വ്വകലാശാലകള്‍ സര്‍വത്രികം ആകും. എന്ത് അവസരങ്ങളും വെല്ലുവിളികളും ആണ് ഈ പുതിയ നയം കേരളത്തില്‍ എത്തിക്കുന്നത് ?. ഇതൊക്കെ വിദ്യാര്‍ഥികള്‍ ചിന്തിക്കേണ്ടേ ചര്‍ച്ച ചെയ്യേണ്ടേ ?

4. യൂറോപ്പില്‍ എമ്പാടും ഹരിത രാഷ്ട്രീയം തിരിച്ചു വരികയാണ്. ഇതിന് തുടക്കം ഇട്ടത് ഒരു സ്‌കൂള്‍ കുട്ടിയാണ്, സ്വീഡന്കാരിയായ ഗ്രെറ്റ തുന്‍ബര്‍ഗ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ അവര്‍ തുടങ്ങിയ ഒറ്റയാള്‍ പോരാട്ടം ലോകത്തെമ്പാടും ഉള്ള വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തിരിക്കയാണ്, എന്നാണ് കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഒരു പ്രതീകാത്മക സമരം എങ്കിലും ചെയ്യുന്നത് കാണാന്‍ നമുക്ക് അവസരം ഉണ്ടാകുന്നത് ?

നമ്മുടെ വിദ്യാര്‍ഥികള്‍ നമ്മുടെ ഭാവിയാണ്. ഭാവി നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരു 'ലീഡര്‍ഷിപ്പ് അക്കാദമി' നമുക്ക് ഉണ്ടാക്കണം. ക്യാംപസ് പിടിച്ചെടുക്കലും അടിച്ചമര്‍ത്തലും ഒന്നുമല്ല നാളത്തെ പോയിട്ട് ഇന്നത്തെ ക്യാംപസ് രാഷ്ട്രീയം എന്ന് കുട്ടികളെ മനസ്സിലാക്കണം. കൃത്രിമ ബുദ്ധി ജോലികള്‍ ഇല്ലാതാക്കുന്നു, കാലാവസ്ഥ വ്യതിയാനം നമുക്ക് പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലേക്ക് പരിസ്ഥിതിയെ മാറ്റുന്നു, ലിംഗ സമത്വം എന്നത് സര്‍വ്വലൗകികമാകുന്നു, ജനാധിപത്യത്തിന്റെ വസന്തകാലം കഴിയുന്ന പോലെ തോന്നുന്നു. നാളത്തെ ലോകത്തിന് വേണ്ടി നമ്മുടെ യുവനേതാക്കളെ തയ്യാറെടുപ്പിക്കണം, ഇല്ലെങ്കില്‍ അവതാളത്തിലാകുന്നത് അവരുടെ ഭാവി മാത്രമല്ല, നമ്മുടെ സുരക്ഷയും കൂടിയാണ്.

മുരളി തുമ്മാരുകുടി 
ജനീവ, ജൂലൈ 13

(ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Muralee Thummarukudy on Campus politics, behind the recent issues of sfi in university campus