ചെന്നൈ: മോട്ടോര്‍ ബൈക്കില്‍ കറങ്ങാനിറങ്ങിയ  യുവാവിനെയും യുവതിയെയും തടഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിട്ട യുവാവിനെ തേടി പോലീസ്. 

വീഡിയോ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടതോടെ യുവതിയും യുവാവും പോലീസില്‍ പരാതി നല്‍കി. ഫെയ്‌സ്ബുക്ക് വീഡിയോ ഒഴിവാക്കിയെങ്കിലും അപ്ലോഡ് ചെയ്തയാളെ തേടുകയാണ് പോലീസ്. വേല്‍മുരുകന്‍ കൊലങ്കിനാഥന്‍ എന്നയാളാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്തതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

യുവതിക്കും യുവാവിനും നേരെ വേല്‍മുരുകനടക്കം ജാതീയമായ അധിക്ഷേപം ചൊരിയുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. തങ്ങളുടെ വീഡിയോ ചിത്രീകരിക്കരുതെന്ന് ഇരുവരും അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാം. മുഖം ഷാള്‍ കൊണ്ട് മറച്ചാണ് യുവതി യുവാവിന്റെ കൂടെ ബൈക്കിലിരിക്കുന്നത്.

'ഞങ്ങള്‍ പരസ്പരം പ്രണിയിക്കുന്നവരാണ്. ഞങ്ങളിവിടെ ഇരുന്ന സംസാരിക്കാന്‍ മാത്രം വന്നതാണ്. ഞങ്ങളുടെ വീഡിയോ ദയവ് ചെയ്ത് എടുക്കരുത്. അത് അവളുടെ ഭാവി തകര്‍ക്കും', യുവാവ് അഭ്യര്‍ഥിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം..

പക്ഷെ വേല്‍മുരുകന്‍ വീഡിയോ ദൃശ്യവത്കരിക്കുന്നത് തുടര്‍ന്നു. മൂന്ന പേര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കുമെന്ന പോലീസ് അറിയിച്ചു.