എം.ബി രാജേഷ് , വി. മുരളീധരൻ
ആദി ശങ്കരനും ശ്രീനാരായണ ഗുരുവും ഒരേ ഭാരതീയ ഋഷി പരമ്പരയില്‍ പെട്ടവരാണെന്ന വി. മുരളീധരന്റെ വാദം തികച്ചും തെറ്റാണെന്ന് മന്ത്രി എംബി രാജേഷ്. വേദാന്തത്തിന്റെ വ്യത്യസ്ത ധാരകളിലാണ് ഇരുവരും വ്യാപരിച്ചത്. ശൂദ്രന് വേദാധികാരമില്ലെന്നും വിപ്രനാണ് ശ്രേഷ്ഠനെന്നും വാദിച്ച ഋഷിപരമ്പരയില്‍ പെട്ട ആചാര്യനാണ് ശ്രീ ശങ്കരന്. എന്നാല്‍ മനുഷ്യര്‍ ഒന്നാണെന്ന യഥാര്‍ത്ഥ അദ്വൈത ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ച ഋഷിവര്യനാണ് ശ്രീനാരായണഗുരുവെന്നും എംബി രാജേഷ് പറഞ്ഞു. ശങ്കരാചാര്യരോടുള്ള ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ അധിക്ഷേപമായി മുരളീധരന് തോന്നുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ശങ്കരാചാര്യരോട് ആശയപരമായ വിയോജിപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘപരിവാറിന് ശ്രീനാരായണഗുരു അത്ര പ്രിയപ്പെട്ട ആളാണെങ്കില്‍ എന്തുകൊണ്ടാണ് റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ ഫ്ലോട്ടില്‍ നിന്ന് ശ്രീനാരായണഗുരുവിനെ മാറ്റി ശ്രീശങ്കരനെ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും എം.ബി രാജേഷ് ചോദിക്കുന്നു. ശ്രീനാരായണ ഗുരുവിനെ പുറമെ വാഴ്ത്തിപ്പറയുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ശ്രീനാരായണ ഗുരുവിനോട് അത്ര പ്രിയമൊന്നും സംഘപരിവാറിന് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ ഡിസംബര്‍ 30 ന് എം.ബി രാജേഷ് നടത്തിയ പ്രസംഗത്തോട് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നടത്തിയ പ്രതികരണത്തിനുള്ള മറുപടിയായി തന്റെ ഫെയ്സ്ബുക്ക് പേജിലാണ് എം.ബി രാജേഷ് കുറിപ്പിട്ടത്.
ഭാരതീയ പാരമ്പര്യങ്ങളോടും തത്വചിന്തയോടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ അസഹിഷ്ണുതയെക്കുറിച്ചുള്ള മുരളീധരന്റ പരാമര്‍ശത്തിന് കുറിപ്പില്‍ എം.ബി രാജേഷ് മറുപടി പറയുന്നുണ്ട്. ഭാരതത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യത്തില്‍ എല്ലാവര്ക്കും അഭിമാനിക്കാന്‍ കഴിയും. എന്നാല്‍ പാരമ്പര്യം മുഴുവന്‍ തങ്ങളുടേതാണെന്ന സംഘപരിവാറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. ഭാരതീയ ദര്‍ശനത്തെ കുറിച്ച് വിശദമായി പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തവരില്‍ കെ ദാമോദരന്‍, രാഹുല്‍ സാം കൃത്യായന്‍, ദേബിപ്രസാദ് ചതോപാധ്യായ, ഇ എം എസ്, എന്‍ ഇ ബാലറാം തുടങ്ങിയ കമ്മ്യൂണിസ്റ്റുകാരുമുണ്ടെന്നത് മുരളീധരന് അറിയില്ലായിരിക്കാം എന്നും കുറിപ്പില്‍ എംബി രാജേഷ് ഓര്‍മ്മപ്പെടുത്തുന്നു
എം ബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആദി ശങ്കരനും ശ്രീനാരായണ ഗുരുവും ഒരേ ഭാരതീയ ഋഷി പരമ്പരയില്‍ പെട്ടവരാണെന്ന വി. മുരളീധരന്റെ വാദം തികച്ചും തെറ്റാണ്. വേദാന്തത്തിന്റെ വ്യത്യസ്ത ധാരകളിലാണ് ഇരുവരും വ്യാപരിച്ചത്. ശൂദ്രന് വേദാധികാരമില്ലെന്നും വിപ്രനാണ് ശ്രേഷ്ഠനെന്നും വാദിച്ച ഋഷിപരമ്പരയില്‍ പെട്ട ആചാര്യനാണ് ശ്രീ ശങ്കരന്. എന്നാല്‍ മനുഷ്യര്‍ ഒന്നാണെന്ന യഥാര്‍ത്ഥ അദ്വൈത ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ച ഋഷിവര്യനാണ് ശ്രീനാരായണഗുരു. ഈ വ്യത്യാസമാണ് ഞാന്‍ എന്റെ ശിവഗിരി പ്രസംഗത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. രണ്ടു പേരും കേരളത്തിന്റെ യശസ്സുയര്‍ത്തിയവര്‍ തന്നെ.
ജന്മഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ ചുവടുപിടിച്ചാണ് ശ്രീ. മുരളീധരന് എനിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചത്. അതിനാല്‍ ഈ മറുപടി ജന്മഭൂമിക്കും കൂടിയുള്ളതാണ്.
ശങ്കരാചാര്യരോടുള്ള ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ അധിക്ഷേപമായി മുരളീധരന് തോന്നുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ശങ്കരാചാര്യരോട് ആശയപരമായ വിയോജിപ്പ് എക്കാലത്തും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനോട് യോജിപ്പുമുണ്ട്.
ശ്രീശങ്കരനും ശ്രീനാരായണനും മുന്നോട്ടുവെച്ചത് ഒരേ ദര്‍ശനമാണെന്ന മുരളീധരന്റെ വാദം തികച്ചും തെറ്റാണ്. താനും അദ്വൈതവാദിയാണെന്ന് ശ്രീനാരായണന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ അത് മനുഷ്യരെ ഒന്നായി കാണുന്നതും ജാതിവ്യത്യാസം കാണാത്തതുമാണെന്ന് ഗുരു വ്യക്തമാക്കി. ശൂദ്രന് വേദാധികാരമില്ലെന്ന് ഗീതാഭാഷ്യത്തില്‍ ശങ്കരന് വ്യക്തമാക്കുന്നുണ്ട്. വര്‍ണാശ്രമ ധര്‍മ്മത്തിനും ബ്രാഹ്മണ്യത്തിനും ഗീതാഭാഷ്യത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട് ശങ്കരന്. പൂര്‍വ്വജന്മാര്‍ജ്ജിതമായ വ്യത്യസ്ത വാസനകളാണ് വ്യത്യസ്ത വര്‍ണത്തില്‍ പിറക്കാന്‍ കാരണമെന്ന ഗീതാതത്വത്തെയാണ് ശങ്കരന് ഉയര്‍ത്തിപ്പിടിച്ചത്. ശങ്കരന്റെയും ശ്രീനാരായണന്റെയും ദര്‍ശനങ്ങളുടെ വ്യത്യാസം വ്യക്തമാണല്ലോ. ഗീതയിലില്ലാത്ത വിധം ബ്രാഹ്മണരുടെ ഉന്നത പദവി ഉദ്ഘോഷിക്കാന്‍ ഗീതാഭാഷ്യത്തില്‍ ശങ്കരന് ശ്രമിച്ചിട്ടുണ്ട്.
ശങ്കരാചാര്യര്‍ ജാതിവ്യവസ്ഥയുടെ വക്താവായിരുന്നുവെന്ന അറിവ് എവിടെനിന്നു കിട്ടിയെന്നാണ് മുരളീധരന് ചോദിക്കുന്നത്. ശങ്കരാചാര്യരുടെ ഗീതാഭാഷ്യം വായിച്ചാല്‍ മുരളീധരനും അത് വ്യക്തമാകും. ശ്രീനാരായണന് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നാണ് ഉദ്ഘോഷിച്ചത്. ഇവയുടെ വ്യത്യാസം മനസിലാക്കാന്‍ മുരളീധരന് ശ്രമിച്ചുനോക്കൂ.
ഹൈന്ദവ ധര്മത്തില് ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹൈന്ദവധര്‍മം ഏകാത്മകമാണോ? ശങ്കരനും ശ്രീനാരായണനും അദ്വൈതത്തിന് വ്യത്യസ്ത ഭാഷ്യം കൊണ്ടുവന്നില്ലേ? ഏതെല്ലാം കാലത്ത് എന്തെല്ലാം വ്യത്യസ്ത ധാരകള്‍ ദര്‍ശനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതുപോലെ അദ്വൈത ദര്‍ശനത്തിലുമുണ്ട്. രാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ഒക്കെ വ്യത്യസ്ത ചിന്തകള്‍ കൊണ്ടുവന്നു. അവയൊക്കെ ശാങ്കര ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമാണുതാനും. ഞാനായിട്ട് ഹൈന്ദവധര്‍മത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കേണ്ട ഒരു കാര്യവുമില്ല.
ശാങ്കര ദര്‍ശനവും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനവും ഒന്നാണെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നുണ്ട്. അത് ഗുരുവിനെ വാഴ്ത്താനല്ല, ശങ്കരനെ മുകളില്‍ പ്രതിഷ്ഠിക്കാനാണ്. സംഘപരിവാറിന്റെ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കാന്‍ അവര്‍ക്ക് ശങ്കരന്റെ ദര്‍ശനങ്ങളെ കൂട്ടുപിടിച്ചേ കഴിയൂ. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി' എന്ന ദര്‍ശനത്തോട് സംഘപരിവാറിന് ഒരിക്കലും ചേര്‍ന്നുപോകാന്‍ കഴിയില്ല. ശ്രീ നാരായണ ഗുരുവിനെ അവര്‍ക്ക് തള്ളിപ്പറയാന്‍ കഴിയാത്തത് , കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഹിന്ദു സമൂഹത്തില്‍ ഗുരു അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതുകൊണ്ടാണ്.
കേരളത്തിന്റെ ആചാര്യന് ശ്രീനാരായണഗുരുവാന്നെന്ന് ശിവഗിരിയില്‍ ഞാന്‍ പ്രസംഗിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു.
സംഘപരിവാറിന് ശ്രീനാരായണഗുരു അത്ര പ്രിയപ്പെട്ട ആളാണെങ്കില്‍ എന്തുകൊണ്ടാണ് റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ ഫ്ലോട്ടില്‍ നിന്ന് ശ്രീനാരായണഗുരുവിനെ മാറ്റി ശ്രീശങ്കരനെ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത് ? അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കേരളത്തിന്റെ ഫ്ലോട്ട് അനുവദിച്ചതുമില്ല. ശ്രീനാരായണഗുരുവിനെ പുറമെ വാഴ്ത്തിപ്പറയുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ശ്രീനാരായണഗുരുവിനോട് അത്ര പ്രിയമൊന്നും സംഘപരിവാറിന് ഇല്ലെന്നതിന്റെ തെളിവാണത്.
കേരള ജനതയെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ് ശ്രീനാരായണ ഗുരുവാണെന്ന് ആരെയും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല. ആ സത്യത്തെ പെട്ടെന്നൊന്നും തമസ്കരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിയുകയുമില്ല.
അദ്വൈതം എന്ന് പറഞ്ഞാല്‍, രണ്ടല്ല എന്നാണ്. ശങ്കരന് പറഞ്ഞത് ഞാന്‍ തന്നെയാണ് ബ്രഹ്മം എന്നാണ്. എല്ലാത്തിലും ബ്രഹ്മമുണ്ട് എന്നാണ്. ഇത് സിദ്ധാന്ത തലത്തില്‍ തന്നെ ദീര്‍ഘകാലം നിലനിന്നു. ശങ്കരന് അതുവരെയുള്ള സംഹിതകള്‍ തന്റേതാക്കി പുനഃസൃഷ്ടിച്ചു. ഒപ്പം അക്കാലത്ത് നിലനിന്ന ബൗദ്ധ ദര്‍ശനത്തെ കടന്നാക്രമിക്കുകയും ബുദ്ധഭിക്ഷുക്കളെ ആക്രമിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തു. ബുദ്ധമതത്തിന് ഏറെ പ്രചാരമുണ്ടായിരുന്ന കാശ്മീരില്‍ അദ്ദേഹം നേരിട്ടെത്തി ബുദ്ധമതത്തെയും ബുദ്ധഭിക്ഷുക്കളെയും കടന്നാക്രമിക്കാനും ഹിന്ദുധര്‍മം സ്ഥാപിക്കാനും ആഹ്വാനം നല്കി. ക്രമേണ കശ്മീര്‍ ഒരു ഹിന്ദു കേന്ദ്രമായി മാറി. ചരിത്രം അവിടെയും നിന്നില്ല എന്നത് മറ്റൊരു കാര്യം.
ശങ്കരന്റെ അദ്വൈതത്തില്‍ മനുഷ്യനെ ഒന്നായിക്കണ്ടിരുന്നില്ല. വിപ്രന് എന്ന ബ്രാഹ്മണന് ആയിരുന്നു ഏറ്റവും യോഗ്യന്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഊട്ടിയുറപ്പിച്ച് ബ്രാഹ്മണര്‍ക്ക് മേധാവിത്വം സ്ഥാപിച്ചുകൊടുക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. വര്‍ണാശ്രമ ധര്‍മത്തെ അംഗീകരിച്ച് വേദജ്ഞാനം നേടി മോക്ഷപ്രാപ്തിക്ക് ബ്രാഹ്മണന് മാത്രമേ കഴിയൂ എന്ന് ശങ്കരന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ അദ്ദേഹം മറ്റുള്ള മനുഷ്യരെ എങ്ങനെയാണ് ഒന്നായിക്കാണുന്നത്?
കാശിയില്‍ വെച്ച് ക്ഷേത്ര ദര്‍ശനത്തിനായി കുളിച്ച് ശുദ്ധനായി പുറപ്പെട്ട ശങ്കരാചാര്യര്‍ക്ക് എതിരെ ഒരു ചണ്ഡാളന് മദ്യകുംഭവുമായി നടന്നുവന്നു. 'ഹേ ചണ്ഡാളാ മാറിനില്കൂ. എന്റെ മാര്‍ഗത്തില്‍ പ്രവേശിച്ച് എന്നെ അശുദ്ധനാക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? മാറിനില്‍ക്കുക' എന്നാണ് ശങ്കരാചാര്യര്‍ കല്പിച്ചത്. വഴിമാറേണ്ടത് ഞാനോ എന്റെ ആത്മാവോ എന്ന ചണ്ഡാളന്റെ ചോദ്യം കേട്ട് ശങ്കരാചാര്യര്‍ ഞെട്ടി. എല്ലാ മനുഷ്യരുടെയും ശരീരം രക്താസ്ഥിവിണ്‍മൂത്രരേതസ്സുകള്‍ കൊണ്ടല്ലേ നിര്‍മിച്ചിരിക്കുന്നത്? ഉത്തമനായ അങ്ങയുടെയും നീചനായ എന്റെയും ശരീരത്തിലൂടെ ഒഴുകുന്ന ചൂട് രക്തത്തിന് ഒരേ നിറവും ഗുണവുമല്ലേ? മരിച്ച ശേഷം എല്ലാവരുടെയും ശരീരത്തെ അഗ്നി ഒരേപോലെയല്ലേ ഏറ്റുവാങ്ങുന്നത്? അങ്ങ് ബ്രാഹ്മണകുലത്തില്‍ പിറന്നത് അങ്ങയുടെ ഇഷ്ടപ്രകാരമാണോ? ഞാന്‍ ചണ്ഡാളനായി പിറന്നത് എന്റെ ഇഷ്ടപ്രകാരമാണോ? അങ്ങ് മരിച്ചാല്‍ അങ്ങയുടെ ആത്മാവ് എവിടെപ്പോകും? എന്റേത് എവിടെപ്പോകും? രണ്ടും ഈശ്വര സന്നിധിയില്‍ തന്നെയല്ലേ ചെന്നുചേരുന്നത്? മൃതശരീരമാകാന്‍ പോകുന്ന ഈ ദേഹത്തിന്മേല്‍ എന്തിനാണിത്ര അഹന്ത?' ചണ്ഡാളന്റെ ചോദ്യങ്ങള്‍ കേട്ട് ശങ്കരാചാര്യര്‍ കരഞ്ഞുപോയി എന്നാണ് കഥ. ചോദിച്ചത് ചണ്ഡാളന് എന്ന് അംഗീകരിക്കാന്‍ സവര്‍ണ ജാത്യാഭിമാനികള്‍ തയാറായില്ല. ശിവന് ചണ്ഡാളനായി വന്നതാണെന്ന് അഭിമാനിച്ചു.
ഭാരതീയ പാരമ്പര്യങ്ങളോടും തത്വചിന്തയോടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ അസഹിഷ്ണുതയെക്കുറിച്ച് മുരളീധരന് പറയുന്നുണ്ട്. ഭാരതത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യത്തില്‍ എല്ലാവര്ക്കും അഭിമാനിക്കാന്‍ കഴിയും. എന്നാല്‍ പാരമ്പര്യം മുഴുവന്‍ തങ്ങളുടേതാണെന്ന സംഘപരിവാറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. ഭാരതീയ ദര്‍ശനത്തെ കുറിച്ച് വിശദമായി പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തവരില്‍ കെ ദാമോദരന്‍, രാഹുല്‍ സാം കൃത്യായന്‍, ദേബിപ്രസാദ് ചതോപാധ്യായ, ഇ എം എസ്, എന്‍ ഇ ബാലറാം തുടങ്ങിയ കമ്മ്യൂണിസ്റ്റുകാരുമുണ്ടെന്നത് മുരളീധരന് അറിയില്ലായിരിക്കാം.
ശങ്കരന്റെ അദ്വൈതം ബൗദ്ധികതലത്തില്‍ മാത്രം നിലനിന്ന വൈജ്ഞാനിക അദ്വൈതമായിരുന്നു. ഗുരുദേവന് അതിനെ പ്രായോഗിക അദ്വൈതമാക്കി.
ഗുരുദേവന് പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ജനിച്ചത്. ശങ്കരന് ഊട്ടിയുറപ്പിച്ച ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ മനുഷ്യരിലേറെപ്പേരും പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്ന കാലത്താണ് ശ്രീനാരായണന് തന്റെ ചിന്തകളുമായി രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം അദ്വൈതത്തെ ഒന്ന് എന്ന ശരിയായ അര്‍ത്ഥത്തില്‍ പുനര്‍നിര്‍വചിച്ചു. സത്യത്തില്‍ അദ്വൈതം എന്നാല്‍ രണ്ടല്ലാത്തത്, ഒന്ന് തന്നെയല്ലേ? അതാണ് ശ്രീനാരായണന് സ്ഥാപിച്ചെടുത്തത്. മനുഷ്യരെ അദ്ദേഹം ഒന്നായിക്കണ്ടു. വിപ്രന് ശ്രേഷ്ഠന് എന്ന ശങ്കരചിന്ത തള്ളിക്കളഞ്ഞ് എല്ലാവരും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ബ്രാഹ്മണ മേധാവിത്വത്തെയല്ലേ അദ്ദേഹം വെല്ലുവിളിച്ചത്? അതല്ലേ അദ്വൈത ദര്‍ശനത്തിന്റെ പ്രയോഗം?
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരു രൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം'
ഞാനും നീയും അവനും ഇവനും മറ്റൊരാളും തമ്മില്‍ ഭേദമില്ലെന്ന ഈ ചിന്തയിലല്ലേ ശരിയായ അദ്വൈതം കുടികൊള്ളുന്നത്?
അദ്വൈതത്തെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളായിരുന്നു അദ്ദേഹം തുടര്‍ന്ന് നല്‍കിയത്. അതിലൂടെ ഉയര്‍ന്നുവന്ന സാമൂഹ്യാന്തരീഷത്തിലാണ് തുല്യനീതിക്കായുള്ള നിരവധി പോരാട്ടങ്ങള്‍ കേരളത്തില്‍ നടന്നതും തുല്യനീതി ഏറെക്കുറെ ലഭ്യമാക്കാന്‍ കേരളത്തിന് കഴിഞ്ഞതും.
'തത്വശാസ്ത്രത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു' എന്ന ഗുരുവിന്റെ പ്രതികരണം വിശാല അര്‍ത്ഥത്തിലുള്ളതാണ് . അദ്വൈതത്തെ വാക്കില്‍ സ്വീകരിച്ച ഗുരു അതിന്റെ അന്തരാര്‍ത്ഥങ്ങളെ പുനര്‍നിര്‍ണയിച്ചു. താന്‍ ചെയ്യുന്നത് അപരന്ന് സുഖത്തിനായ് വരേണമെന്ന് വ്യക്തമായി അദ്ദേഹം ഉദ്ഘോഷിച്ചു. അദ്വൈതം അങ്ങനെ വളരെ വ്യക്തമായി തെളിഞ്ഞുവന്നത് ഗുരുവിന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയുമാണ്. അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനമുള്ള സാമൂഹ്യപരിഷ്കര്‍ത്താവായി ശ്രീനാരായണന് ഇന്നും ജനമനസ്സുകളില്‍ നിലകൊള്ളുന്നത്.
സഹോദരന് അയ്യപ്പനുമായുള്ള സംഭാഷണത്തില്‍ ഗുരു പറയുന്നത് ഇപ്രകാരമാണ്, ' ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്'. ഈ തെറ്റ് തിരുത്താനും അതുവഴി അദ്വൈതത്തെ ജീവിതസത്യമാക്കാനുമാണ് ഗുരു പ്രയത്നിച്ചത്.
' ശങ്കരാചാര്യര്‍ വലിയ ആളായിരുന്നിരിക്കാം; ജാതിയുടെ കാര്യത്തില്‍ ചെറിയ ആളായിരുന്നു' എന്നാണ് ഗുരു പറഞ്ഞത്. ജാതിയുടെ സങ്കുചിത്വത്വത്തില്‍ നിന്ന് മനുഷ്യരെ വിമോചിപ്പിക്കാനാണ് ഗുരു പരിശ്രമിച്ചത്. അതിനെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള മാര്‍ഗദര്‍ശനം നല്‍കുകയാണ് ചെയ്തത്. എല്ലാവരും നിന്റെ തന്നെ ഭാഗമായതിനാല്‍ നീ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് കൂടി ഹിതകരമായിരിക്കണം എന്നതായിരുന്നു ഗുരുവിന്റെ അദ്വൈതത്തിന്റെ സാരം.
ശ്രീനാരായണ ദര്‍ശനത്തെ സംഘപരിവാര്‍ ഉള്‍ക്കൊള്ളുന്നില്ല. പലമതസാരവും ഏകമെന്ന് അവര്‍ കരുതുന്നില്ല. അത്തരക്കാര്‍ക്കുള്ള മറുപടി ശ്രീനാരായണന് തന്നെ നല്‍കിയിട്ടുണ്ട്.
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
Content Highlights: Mb rajesh, V muraleedharan,Sreenarayan Guru,Shankaracharyan, ideological difference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..