കൊൽക്കത്ത: ആനകള്‍ തീവണ്ടി അപകടങ്ങളില്‍പ്പെട്ട് ചെരിയുന്ന വാര്‍ത്തകള്‍ക്കിടെ ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് സഡന്‍ ബ്രേക്കിട്ട ലോക്കോ പൈലറ്റിന് സാമൂഹിക മാധ്യമങ്ങളില്‍ ആദരം. ആനയെ രക്ഷിക്കാന്‍ തീവണ്ടിക്ക് ബ്രേക്കിട്ട വീഡിയോ വൈറലായതോടെയാണ് ലോക്കോപൈലറ്റിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയത്. 

ഇന്ത്യന്‍ റെയില്‍വേയുടെ അലിപുര്‍ദുവാര്‍ ഡിവിഷനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. 

"03150  അലിപുര്‍ ദുവാര്‍- സീല്‍ദ കാഞ്ചന്‍കന്യ സ്‌പെഷ്യല്‍ തീവണ്ടി ഓടിക്കുന്നതിനിടെ 5.45നാണ് ലോക്കോ പൈലറ്റുമാരായ ഡി.ദൊരൈയും പി. കുമാറും ആന ട്രാക്കിനോട് ചേര്‍ന്ന് നടക്കുന്നത് കാണുന്നത്. 72 കിമി വേഗതയിലായിരുന്നു തീവണ്ടിയപ്പോള്‍. ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് ആനയെ അവര്‍ രക്ഷിക്കുകയായിരുന്നു" എന്നാണ് റെയില്‍വേയുടെ ട്വീറ്റ്. 

പശ്ചിമബംഗാളിലെ ജയ്പായ്ഗുരി ജില്ലയിലാണ് സംഭവം. ട്രാക്കിനോട് ചേര്‍ന്ന് ആന നിലയുറപ്പിച്ചതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തീവണ്ടിയുടെ വേഗം കുറച്ചതും ഹാഥി(ആന) എന്ന് ഹിന്ദിയില്‍ വിളിച്ചു പറയുന്നതും കേള്‍ക്കാം. പിന്നീട് തീവണ്ടി അടുത്തതോടെ കുറ്റിക്കാട്ടിലേക്ക് ആന നടന്നകലുന്നതും കാണാം.

ഓഗസ്റ്റ് 25നാണ് റെയില്‍വേ ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 11000 പേര്‍ ഇതിനോടകം വീഡിയോ കണ്ടു. തീവണ്ടിയിടിച്ച് ആനകള്‍ ചരിഞ്ഞ സംഭവങ്ങള്‍ ഒരുപാടായി കാണുന്നുവെന്നും ആ അവസ്ഥയില്‍ മാറ്റം വന്നെന്നും പറഞ്ഞുള്ള ധാരാളം പ്രതികരണങ്ങളാണ് വരുന്നത്. ആനകളെ രക്ഷിക്കാനായി ജോലിക്കിടെ പരിശ്രമിക്കുന്ന ലോക്കോ പൈലറ്റുമാരുടെ മനസ്സാന്നിധ്യത്തെ പ്രശംസിച്ചും ധാരാളം കമന്റുകളാണ് ട്വീറ്റിന് കീഴെ വന്നത്.

content highlights: Loco Pilots put emergency break to Train To Save Elephant Near Railway Track