തിരുവനന്തപുരം: ഇടത് വലത് അഴിമതി ഭരണത്തില്‍ മനംനൊന്താണ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവി. കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കും. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനം നൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം. കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നകാര്യം ഉറപ്പാണ്.