കൃഷ്ണപ്രിയയും സുദീപും
തൃശൂര്‍പൂരം...അതൊരു അഹങ്കാരമാണ് മലയാളിക്ക്. പകല്‍പ്പൂരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കണ്ട് ജനസാഗരത്തിലാറാടി, വടക്കുംനാഥന്ന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിവീരന്മാര്‍ക്കും കൊട്ടിക്കയറുന്ന മേളപ്രമാണിമാര്‍ക്കുമൊപ്പം ലക്ഷത്തിലൊരാളായി പൂരത്തിലലിഞ്ഞുചേരുമ്പോള്‍....ഹാ... ആ വികാരം വാക്കുകള്‍ക്കതീതമാണ്.
പൂരമെന്നാല്‍ പണ്ട് ആണുങ്ങള്‍ക്ക് പറഞ്ഞതായിരുന്നു. ജനസാഗരത്തിലൊരാളായുള്ള പൂരമാസ്വാദനം സ്ത്രീകൾക്ക് പ്രാപ്യമായതായിരുന്നില്ല. എന്നാൽ "മാറ് ഗഡ്യേന്ന്" നേര്‍ക്ക് നേരെ നിന്ന് പറയും ഇപ്പോഴത്തെ പെണ്ണുങ്ങള്‍. അഭിമാനത്തോടെ. ഈ വര്‍ഷം മനം നിറച്ച പൂരക്കാഴ്ചകളിലൊന്നായിരുന്നു സുഹൃത്തിന്റെ തോളിലേറി പൂരലഹരിയില്‍ മതിമറന്ന് കണ്ണീരോടെ പൂരമാസ്വദിക്കുന്ന പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളാകെ ഏറ്റെടുത്ത ആ കുഞ്ഞ് വീഡിയോ കണ്ട് മനംകുളിര്‍ത്തവരാണ് ഏറെപ്പേരും. തൃശൂര്‍ മണ്ണുത്തിക്കാരിയായ കൃഷ്ണപ്രിയയും സുഹൃത്ത് സുദീപുമായിരുന്നു ആ രണ്ട് പേര്‍. ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇരുവരും പൂരാവേശത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ആദ്യം സംസാരിച്ചത് കൃഷ്ണപ്രിയയാണ്.
' 25 വയസ്സായി എനിക്ക്. ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ, ഇത്ര ഉയരത്തില്‍ ഞാന്‍ പൂരം കാണുന്നത്. എന്തൂട്ടാ പറയേണ്ടതെന്നറിയില്ല...വല്ലാത്തൊരു ഫീലായിരുന്നു. ഇത്തവണത്തെ പൂരത്തിന് എന്തായാലും പോണംന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനായുള്ള ശ്രമങ്ങളായിരുന്നു പിന്നെ. കൂട്ടുകാരി രേഷ്മ പാസൊപ്പിച്ചു. ഞാനും സുദീപും രേഷ്മയും ബിയാനിയുമാണ് പൂരം കാണാന്‍ പോയത്. വീട്ടില്‍ അമ്മയോട് മാത്രം പറഞ്ഞു പൂരം കാണാനാണ് പോവുന്നതെന്ന്. അവിടെയെത്തിയപ്പോ ആകെ നിരാശയായി. പാസുണ്ടായിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന അവസ്ഥ. അത്രയ്ക്ക് തിരക്ക്. അത് നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാലാവണം പൂരത്തിന് തൊട്ടടുത്ത് എത്താനായ ഞങ്ങളെ പോലീസ് പറഞ്ഞുവിട്ടു. നല്ല തിരക്കാണ്, ലേഡീസ് ഇവിടെ നിന്നാലത്ര സേഫായിരിക്കില്ല, നിങ്ങള്‍ അങ്ങോട്ട് മാറിനിന്ന് കണ്ടോളൂ എന്ന് പറഞ്ഞു. പക്ഷേ പോലീസുകാര് പറഞ്ഞ സ്ഥലത്തേക്ക് നീങ്ങി നിന്നപ്പോള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഔട്ടർ ലൈനിലെത്തിയപ്പോള്‍ ആകെ സങ്കടായി. എങ്ങനെയെങ്കിലും മുന്നിലെത്തി പൂരം കാണണമെന്ന ഒറ്റ വിചാരം മാത്രമായി പിന്നെ. ഞാനും രേഷ്മയും മുന്നില്‍ നടന്നു. ബിയാനിയും സുദീപും പിന്നാലെ. തിക്കും തിരക്കിനുമിടയില്‍കൂടി നടക്കുമ്പോ തോണ്ടാന്‍ നോക്കിയവനിട്ട് ഒന്ന് പൊട്ടിച്ചു. അല്ലെങ്കിലേ..പൂരം കാണാന്‍പറ്റാത്തതിന്റെ നിരാശയിലും സങ്കടത്തിലുമാണ്. അപ്പഴാണ് അവന്റെ...ഞങ്ങൾ നടന്ന് നടന്ന് ബാരിക്കേഡിനടുത്തെത്തി. വീണ്ടും പോലീസ് തടഞ്ഞു. ഞാനാകെ കരയാനായി. സഹതാപം കൊണ്ടോ എന്തോ...നേരത്തെ കണ്ട ഒരു പോലീസുകാരന് പാവം തോന്നി അയാള്‍ കയറിവരാന്‍ ആംഗ്യം കാണിച്ചു. അത് മാത്രമേ ഓര്‍മ്മയുള്ളൂ. ഞങ്ങള്‍ നാല്‌പേരും വേഗംചെന്നു. അത്ര അടുത്ത്....അതും അത്ര ആരവങ്ങള്‍ക്കിടയില്‍...ആദ്യമായിട്ടായിരുന്നു ആ അനുഭവം. ആളുകളെക്കൊണ്ട് ഒന്നും കാണുന്നുണ്ടായിരുന്നില്ല. അപ്പഴാണ് സുദീപ് ചോദിച്ചത്. കിച്ചാ നിനക്ക് കാണുന്നില്ലെങ്കി തോളില്‍ കേറുന്നോന്ന്...പിന്നൊന്നും നോക്കിയില്ല. ആ കാണലൊരു കാണലായിരുന്നു. ഞാന്‍ കരയുന്നുണ്ടായിരുന്നെന്ന് വീഡിയോ കണ്ടപ്പഴാണ് മനസിലായേ. ഇറക്കി വിട്ട പോലീസ് തന്നെ അടുത്ത് നിന്ന് കാണാന്‍ അനുവദിച്ചല്ലോ. സന്തോഷവും സങ്കടവും അഭിമാനവും ....എനിക്കിപ്പഴും അറിയില്ല അതെങ്ങന്യ പറയാന്ന്'.
'ഞങ്ങള്‍ അത്ര കൂട്ടാണ്. വീട്ടുകാര്‍ക്കൊക്കെ അറിയാം' . സുദീപ് പറഞ്ഞുതുടങ്ങി. ' ഇപ്പോ എല്ലാവരും വന്ന് ഒരു സെല്‍ഫി എടുക്കട്ടേന്നൊക്കെ ചോദിക്കുമ്പോ എനിക്ക് തന്നെ അറിയുന്നില്ല ഇവരെന്നെ ആക്കുകയാണോ അതോ ശരിക്കും ചോദിക്ക്യാണോന്ന്. പൂരം ഞാനൊറ്റത്തവണയും മിസ്സാക്കാറില്ല. അത്രയ്ക്ക് ആവേശമാണ്.
മൂന്ന് തവണ ഞാന്‍ മേളത്തിന് കൊട്ടിയിട്ടുമുണ്ട്. പാറമേക്കാവിലാണ് ഞാന്‍ തായമ്പക പഠിച്ചത്. മേളത്തിന് കൊട്ടുക എന്നാല്‍ ആസ്വാദകരെ നമ്മളായിട്ട് രസിപ്പിക്കലാണ്. അത് വേറൊരു വൈബാണ്. പക്ഷേ, ആ സമയത്ത് പൂര്‍ണമായി നമുക്കാസ്വദിക്കാന്‍ കഴിയില്ല. പൂരം അതിന്റെ ഏറ്റവും ഏക്‌സ്ട്രീം ലവലില്‍ ആസ്വദിക്കാനാണ് പിന്നെ ഞാന്‍ മേളത്തിന് പോവാതിരുന്നത്'
അധ്യാപികയായിരുന്ന കൃഷ്ണപ്രിയ തൃശൂരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സബ് എഡിറ്ററാണിപ്പോള്‍. അമ്മയും ചേട്ടനുമടങ്ങുന്നതാണ് കൃഷ്ണപ്രിയയുടെ കുടുംബം. സുദീപ് ഓട്ടോ മൊബൈല്‍ രംഗത്ത് ജോലിചെയ്യുന്നു. ഇടയ്ക്ക് മോഡലിങും ചെയ്യുന്നുണ്ട്.
'കുണാഫാന്ന് പറഞ്ഞിട്ടൊരു ടീമുണ്ട് ഞങ്ങള്‍ക്ക്. ആണും പെണ്ണും എന്ന വേര്‍തിരിവൊന്നുല്ല അവിടെ. സുഹൃത്തുക്കളുടെ ഒരുഗ്യാങ്. ഒരുമിച്ച് യാത്രപോവാനും നെറ്റ് റൈഡ് പോവാനും എല്ലാത്തിനും കട്ട സപ്പോര്‍ട്ടുള്ള സൗഹൃദക്കൂട്ടം. ഞങ്ങളങ്ങനെ ധാരാളം യാത്രകള്‍ പോവാറുമുണ്ട്. എല്ലാവരുടെ വീട്ടിലും എല്ലാവരെയും പരസ്പരം അറിയാം. അതുകൊണ്ട് സൗഹൃദത്തിന് വിലക്കുകളൊന്നുമില്ല. സുദീപിന്റെ തോളില്‍ കയറി പൂരം കണ്ടത് വിമര്‍ശിക്കുന്നവരൊക്കെ ഉണ്ടാവാം. അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുക എന്നതേ ചെയ്യാനുള്ളൂ. മുന്‍പും ഇത്തരം വിമര്‍ശനങ്ങളൊക്കെ വന്നിട്ടുണ്ട്. അപ്പോള്‍ പറഞ്ഞ മറുപടി വീണ്ടും പറയുന്നു, എന്റെ തീരുമാനങ്ങള്‍ ശരിയാണെന്ന് എനിക്ക് ബോധ്യമുള്ളിടത്തോളം ഞാനാരെയും ഭയക്കില്ല. ഒരു ജീവിതമല്ലേയുള്ളൂ അത് ഇഷ്ടത്തോടെ ജീവിച്ച് തീര്‍ക്കണം'
Content Highlights: Krishna priya and sudeep - the people who behind the viral pooram video, Thrissur pooram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..