ന്യൂഡല്‍ഹി :  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം ദളിത് - ന്യൂനപക്ഷങ്ങള്‍ക്ക് നേരെ 'സവര്‍ണ്ണര്‍' നടത്തുന്ന ആക്രമണങ്ങളില്‍ യു.പി. മുന്നിലാണെന്ന് കെ . കെ രാഗേഷ് എം.പി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രാദേശിക പത്രങ്ങള്‍ക്ക് പോലും വാര്‍ത്തയാകാറില്ലെന്നും ഭരണകൂടം അത്രമേല്‍ ഭയം വിതച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്തിലൂടെയാണ് ആ നാട് കടന്നുപോകുന്നതെന്നും കെ കെ രാഗേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉത്തര്‍പ്രദേശ് എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം

ഭ്രാന്താലയമെന്ന് സ്വാമിവിവേകാനന്ദന്‍ കേരളത്തെ കുറ്റപ്പെടുത്തിയിട്ട് 128 വര്‍ഷം കഴിഞ്ഞു. എന്നാല്‍ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച് പുതുമണ്ണ് തീര്‍ത്ത കേരളം ഏതൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും മാതൃകയാണ് ഇന്ന്. ഉച്ചനീചത്വങ്ങളുടെ ഒരു ഭൂതകാലം പാഠപുസ്തകങ്ങളിലെ അറിവ് മാത്രമാണ് ഇവിടുത്തെ പുതുതലമുറയ്ക്ക്. ജീവിതസാഹചര്യങ്ങളില്‍, സാമൂഹ്യസുരക്ഷിതത്വത്തില്‍, ആരോഗ്യസംവിധാനത്തില്‍, വിദ്യാഭ്യാസരംഗത്ത് ഒക്കെ ഏറെ മുന്നോട്ടുപോയിരിക്കുന്നു നാം. എന്നാല്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സംഘപരിവാര്‍ സംഘടനകളുടെ ഭരണനേതൃത്വമുള്ള സംസ്ഥാനങ്ങള്‍, ഏറെ പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഹത്റാസ് ജില്ലയില്‍ പത്തൊന്‍പതുകാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പോലീസിന് വിവരം നല്‍കാതിരിക്കാന്‍ നാവ് പിഴുതെടുത്തു.  കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് രണ്ടാഴ്ചക്ക് ശേഷം കുട്ടി മരിച്ചു. ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് നിരീക്ഷിച്ചു.  എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകളെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെപ്പോലും വെറുതെവിടില്ലെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.  ഹാത്‌റാസ്  ജില്ലാ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തു. പക്ഷേ, ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് പിന്നീട് ആ കേസില്‍ നടക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയി കത്തിക്കുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സെര്‍വിക്കല്‍ സ്പൈനിലെ പരുക്കിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തെക്കുറിച്ച് സൂചനയൊന്നുമില്ല.  പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ കുടുംബാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല.
യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്തശേഷം ഉത്തര്‍പ്രദേശിലെ ജാതി ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം ദളിത് - ന്യൂനപക്ഷങ്ങള്‍ക്ക് നേരെ 'സവര്‍ണ്ണര്‍' നടത്തുന്ന ആക്രമണങ്ങളില്‍ യു.പി. മുന്നിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രാദേശിക പത്രങ്ങള്‍ക്ക് പോലും വാര്‍ത്തയാകാറില്ല. ഭരണകൂടം അത്രമേല്‍ ഭയം വിതച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്തിലൂടെയാണ് ആ നാട് കടന്നുപോകുന്നത്. ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് ഭരിച്ച പഴയ നാട്ടുരാജാക്കന്മാരുടെ ഭരണമാണ് ഓര്‍ത്തെടുക്കാനാവുന്ന ഏക മാതൃക. ജനാധിപത്യം തുടര്‍ച്ചയായി കൂട്ടക്കുരുതിക്കിരയാവുന്നു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കനുസരിച്ചാവണം ജനങ്ങള്‍ ജീവിക്കേണ്ടതെന്ന് ഭരണകൂടം നിരന്തരം ജനങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റംഗം വരെയുള്ള 'ജനപ്രതിനിധികള്‍' ശിരസാവഹിക്കുന്നു. തൊട്ടുകൂടായ്മകള്‍, തീണ്ടാപ്പാടുകള്‍ എല്ലാം കൃത്യമായി നടപ്പാക്കപ്പെടുന്നു.

തങ്ങള്‍ക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞാല്‍, വസ്തുനിഷ്ഠമായ ഒരന്വേഷണത്തിനും മുതിരാത്ത വലതുപക്ഷ മാധ്യമയുക്തിയും ഇത്തരം അധികാരദുര്‍വ്വിനിയോഗങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ആ വഴിയില്‍ തന്നെയാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയവും നീങ്ങുന്നത്.  യഥാര്‍ത്ഥകാരണം കണ്ടെത്തി അതിനെ ചികിത്സിക്കാതെ 'റോഡ്ഷോ'കള്‍ നടത്തി സായൂജ്യമടയുകയാണ് പലരും. ഫാസിസം ജനതയെ ഭയപ്പെടുത്തി ഭരിക്കുമ്പോള്‍, അതിനെതിരെ ഒരക്ഷരം പോലും നാവില്‍ നിന്ന് വീഴരുതെന്ന വാശിയാണ് ഇവിടുത്തെ പല പ്രമുഖരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നയിക്കുന്നത്.  ജനതയെ അലോസരപ്പെടുത്തുന്ന ഒന്നിനെയും അഭിമുഖീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല, സ്വന്തം അണികളെ അതിന് പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ ജനാധിപത്യസംവിധാനങ്ങളെ ഏതുമാര്‍ഗത്തിലൂടെയും അട്ടിമറിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല.  മാറ്റേണ്ടത്, ആ നയം തന്നെയാണ്. ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്.  ഇല്ലെങ്കില്‍ ഉന്നാവും ഹത്രാസും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

content highlights: KK Ragesh Facebook post on Hathras rape