അടുത്തിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. നിര്‍ത്താതെ പെയ്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും പൊലിഞ്ഞത് ഇരുപതിലേറെ ജീവന്‍. തകര്‍ന്നടിഞ്ഞത് ഒട്ടേറെ വീടുകള്‍. ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് കലിതുള്ളിയെത്തിയ കാലവര്‍ഷം ഏറേ നാശം വിതച്ചത്. കിടപ്പാടം നഷ്ടമായവരടക്കം പ്രളയബാധിതരായ ഒട്ടേറെപ്പേരാണ് ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് താങ്ങും തണലുമാകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. ഓരോ മലയാളിയും തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ തയ്യാറാകുന്നു. 

പ്രളയദുരിതത്തിനിടെയിലും മലയാളികളുടെ നിറഞ്ഞ കയ്യടിനേടിയ രണ്ട് പേരുണ്ട്. മറുനാട്ടുകാരായ വിഷ്ണുവും കനയ്യകുമാറും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പ് വില്‍പനക്കാരനാണ്. കഴിഞ്ഞദിവസം ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളിപ്പുതപ്പ് വില്‍ക്കാനെത്തിയപ്പോഴാണ് നാട്ടിലെ ദുരിതത്തെക്കുറിച്ചറിഞ്ഞത്. ഉടന്‍തന്നെ മറ്റൊന്നും ചിന്തിക്കാതെ തന്റെ കൈയിലുള്ള കമ്പിളിപ്പുതപ്പുകളെല്ലാം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തീരുമാനിച്ചു. അമ്പത് കമ്പിളിപ്പുതപ്പുകളാണ് മാങ്ങോട് നിര്‍മല എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി നല്‍കിയത്.

താന്‍ അന്നംതേടുന്ന നാട്ടിലുള്ളവര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ തന്നാലാകുന്ന സഹായം ചെയ്ത വിഷ്ണുവിന്റെ ആ നല്ല മനസിനെ അഭിനന്ദിക്കാന്‍ മലയാളികളും മറന്നില്ല. മറുനാടന്‍ തൊഴിലാളികളോടുള്ള മലയാളികളുടെ സമീപനവും അവരെ അകറ്റിനിര്‍ത്തുന്ന സംഭവവികാസങ്ങളും ഓര്‍ത്തെടുത്തായിരുന്നു പലരും വിഷ്ണുവിനെ അഭിനന്ദിച്ചത്. മനുഷ്യസ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് അടിവരയിട്ടാണ് ഈ യുവാവിനെ ഓരോരുത്തരും നെഞ്ചേറ്റിയത്. വിഷ്ണുവിനെ അഭിനന്ദിച്ചുള്ള ഒട്ടേറെ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

vishnu

കുത്തിയൊലിക്കുന്ന പെരിയാറിന് കുറുകെയുള്ള ചെറുതോണി പാലത്തിലൂടെ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചോടിയ ബീഹാറുകാരന്‍ കനയ്യകുമാറാണ് മലയാളികളുടെ കയ്യടി നേടിയ രണ്ടാമത്തെയാള്‍. കുഞ്ഞിനെ എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലത്തിലൂടെ മറുകരയിലേക്ക് ഓടുന്ന കനയ്യകുമാറിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയിലും പ്രചരിച്ചു.

cheruthoni

ചെറുതോണി പാലം മുങ്ങിപ്പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു കനയ്യകുമാറിന്റെ സാഹസികത. രൗദ്രഭാവം പൂണ്ട പെരിയാറിന് കുറുകെയുള്ള പാലത്തിലൂടെ കുഞ്ഞിനെയും നെഞ്ചോടുചേര്‍ത്ത് ഓടിയ ഈ ബീഹാറുകാരനും ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. മന്ത്രി ജി. സുധാകരനടക്കം ഒട്ടേറെപേരാണ് ഫേസ്ബുക്കിലൂടെ കനയ്യകുമാറിനെ അഭിനന്ദനമറിയിച്ചിരിക്കുന്നത്. അതെ, ഇവര്‍ രണ്ടുപേരെയും മലയാളികള്‍ മറക്കില്ല. കരുണ വറ്റിയിട്ടില്ലാത്ത ആ മനസിന്, ജീവന്‍പണയംവെച്ചുള്ള ആ സാഹസികതയ്ക്ക്, നിറഞ്ഞ മനസോടെ ബിഗ്‌സല്യൂട്ട്.