കൊടുംപ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. സമീപകാലത്തൊന്നും കാണാത്ത വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും എഴുപതിലേറെ പേരുടെ ജീവന് കവര്‍ന്നിരിക്കുന്നു. നിരവധിപേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കെടുതിയില്‍പ്പെട്ട് രക്ഷപ്പെടാന്‍ സഹായം കാത്തിരിക്കുന്ന ഒട്ടേറെപേരും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ട്.
പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീവ്രമായി പരിശ്രമിക്കുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ പല ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറാനും, ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വലിയതോതില്‍ ഉപകാരപ്പെടുന്നുണ്ട്. മലയാളികളില്‍ ഭൂരിഭാഗവും അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇത്തരം വിവരങ്ങള്‍ കൈമാറുകയും സഹായം ഉറപ്പുവരുത്തുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ keralarescue.in എന്ന പ്രത്യേക വെബ്സൈറ്റും തുറന്നിട്ടുണ്ട്. എന്നാല്‍, കഷ്ടമെന്ന് പറയട്ടെ, ഒരു ചെറിയ ശതമാനം പേരെങ്കിലും ഈ ദുരന്തത്തെയും അതിന് ഇരകളായവരെയും പരിഹസിക്കുന്നവിധമാണ് സോഷ്യല്‍മീഡിയയില്‍ പെരുമാറുന്നത്.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും, വിവരങ്ങള്‍ കൈമാറാനുമുള്ള സര്‍ക്കാര്‍ വെബ്സൈറ്റിലെ ചിലരുടെ ആവശ്യങ്ങള്‍ കണ്ടാല്‍ രോഷം സഹിക്കാനാകില്ല. വെബ്സൈറ്റില്‍ എന്തു സഹായമാണ് വേണ്ടതെന്ന് രേഖപ്പെടുത്താനുള്ളിടത്താണ് ഒരാള്‍ മദ്യം വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതുമാത്രം പോര, സോഡയും പൊറോട്ടയും ബീഫ് ഫ്രൈയും വേണമത്രേ.
കഴിഞ്ഞദിവസം എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചില കമന്റുകളും പരിഹാസം നിറഞ്ഞതായിരുന്നു. തന്റെ ഫ്ലാറ്റിൽ വെള്ളം കയറിയെന്നായിരുന്നു ആദ്യ കമന്റ്. ഉടന്‍തന്നെ കളക്ടറുടെ പേജില്‍ നിന്ന് വിലാസവും ഫോണ്‍ നമ്പറും ചോദിട്ടുള്ള മറുപടി. പക്ഷേ, ഇതിനുപിന്നാലെ വന്ന കമന്റുകള്‍ വായിച്ച് മിക്കവരും ഞെട്ടിപ്പോയി. തനിക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം വേണമെന്നും, വെള്ളപ്പൊക്കം ആസ്വദിക്കുകയാണെന്നുമായിരുന്നു അടുത്ത കമന്റ്. ഹെലികോപ്റ്റര്‍ അയക്കണമെന്നും, പണം നല്‍കാമെന്നും ഇതില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് കമന്റ് ചെയ്യുന്നയാള്‍ ശരിക്കും പരിഹസിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടിയത്.
ഇങ്ങനെ പെരുമാറുന്നവരോട് തര്‍ക്കിക്കാന്‍ തത്ക്കാലം സമയമില്ല, വലിയൊരു ദുരന്തത്തെ മറികടക്കേണ്ടതുണ്ട്. അതിനാല്‍, ഇത്തരം 'തമാശക്കാരോടും, ട്രോളന്മാരോടും ഒരപേക്ഷ മാത്രം, സഹായിക്കാന്‍ വന്നില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക, ദയവ് ചെയ്ത് രക്ഷാപ്രവര്ത്തിനുള്ള സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താതിരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..