മഹാപ്രളയത്തില്‍ നിന്ന് കേരളം ഇപ്പോള്‍ കരകയറിക്കൊണ്ടിരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. ഈയവസരത്തിലാണ് സംസ്ഥാനത്തെ പ്രതിരോധ വക്താവായ ധന്യ സനല്‍ താന്‍ നേരിട്ടു സാക്ഷ്യംവഹിച്ച രക്ഷാദൗത്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. 18-ാം തീയതി രാത്രി അയ്യപ്പ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനായി യാത്രതിരിച്ച ദൗത്യസംഘത്തില്‍ ധന്യ സനലും ഉണ്ടായിരുന്നു.

ആ രാത്രി ,എല്ലാം കൊണ്ടും ,ആ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ സുരക്ഷിതരല്ല എന്ന് കമാന്റോ തിരിച്ചറിഞ്ഞു. പൈലറ്റുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവരെ എല്ലാവരേയും രക്ഷിക്കുന്നത് വരെ ഹെലികോപ്റ്ററിന് അവിടെ വട്ടമിട്ട് പറക്കാനുള്ള മതിയായ ഫ്യുവല്‍ ഇല്ല എന്ന് മനസ്സിലായി.കാരണം, മറ്റൊരു ദീര്‍ഘ നേര മിഷന്‍ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ഹെലികോപ്റ്റര്‍.പക്ഷെ സേന ആ പ്രതിസന്ധിയെ തരണം ചെയ്തത് രാത്രിയിൽ പെൺകുട്ടികളെ രക്ഷിക്കാനുള്ള തീരുമാനമെടുത്തു കൊണ്ടായിരുന്നു. ആ അനുഭവം പങ്കുവെക്കുകയാണ് ധന്യ .

"മറ്റൊരു റസ്‌ക്യൂ ഓപറേഷന്‍ കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് 38 കുട്ടികള്‍ കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്. ഉടനെ ക്യാപ്റ്റന്‍ ഖണ്ടാല്‍കര്‍ ഹെലികോപ്റ്റര്‍ ആ ദിശയില്‍ തിരിച്ച് വിട്ടു. മറ്റു കെട്ടിടങ്ങളും, മരങ്ങളും ചുറ്റിലും ഉള്ള, ഹെലികോപ്റ്റര്‍ താഴ്ന്ന് പറക്കുവാന്‍ അത്യന്തം ബുദ്ധിമുട്ടേറിയ ഒരു പ്രദേശത്താണ് ഹോസ്റ്റല്‍ കെട്ടിടം. കുട്ടികള്‍ ഹെലികോപ്റ്ററിന്റേയും സേനയുടേയും ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ശ്രമിച്ചതുകൊണ്ട് അവരെ തിരിച്ചറിയുവാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല.
വെള്ളത്താല്‍ ചുറ്റപ്പെട്ട്, ഭീകരമായ ഒരു അന്തരീക്ഷത്തിലായിരുന്നു ആ കുട്ടികള്‍", ധന്യ പറയുന്നു.

മാത്രമല്ല പ്രളയക്കെടുതിയിലും ചില സാമൂഹ്യ വിരുദ്ധര്‍  ഹോസ്റ്റലിന് മുന്നിലെത്തി പെണ്‍കുട്ടികളോട് അസഭ്യം പറയുകയും, തുണി പൊക്കി കാണിക്കുകയും ചെയ്യുന്നത് ക്യാപ്റ്റൻ നേരിൽ കണ്ടെന്നും ഇതാണ് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് സേനയെ പ്രേരിപ്പിച്ചതെന്നും പ്രതിരോധ വക്താവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ

"ഹെലികോപ്റ്ററില്‍ സുരക്ഷിതരായി എത്തിയ കുട്ടികള്‍ അലമുറയിടുന്നുണ്ടായിരുന്നു. തങ്ങളുടെ കൂട്ടുകാരികളെ അവിടെ വിട്ട് പോകേണ്ടി വന്നതിന്റെ വൈകാരിക പ്രക്ഷുബ്ദ്ധത താങ്ങുവാന്‍ ഉള്ള മനക്കരുത്തൊന്നും ആ കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഇല്ലായിരുന്നു. 

ഞാന്‍ എന്നാലാകുന്നതൊക്കെ ചെയ്തിട്ടും കുട്ടികള്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. എന്ത് ചെയ്യും? സുരക്ഷിതനായി കേറി വന്ന് ഹെലികോപ്റ്ററില്‍ തളര്‍ന്നിരിക്കുന്ന പ്രശാന്ത് സാറിനെ ഞാന്‍ നോക്കി. അദ്ദേഹത്തിന് കാര്യം പിടികിട്ടി. കമാന്റോ എഴുന്നേറ്റ് കുട്ടികളുടെ അടുത്തേക്ക് വന്നു .അലമുറയിട്ട് കരയുന്ന രണ്ട് പെണ്‍കുട്ടികളുടെ കൈ പിടിച്ച് ഹെലികോപ്റ്ററിന്റെ ജനല്‍ പാളി തുറന്ന് , അവരുടെ കൈകള്‍ ആ പെരുമഴയത്ത് പുറത്തേക്ക് ഇട്ടു. പെണ്‍കുട്ടികള്‍ ഭയന്നു പോയി. വൈകാരികതയ്ക്കപ്പുറം അപ്പോഴാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്.പൊടുന്നനെ അവര്‍ കരച്ചില്‍ നിര്‍ത്തി".

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം: