മണിമാളികയും കാറുമൊക്കെ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം; ലീഗ് നേതാക്കളെ ഉന്നം വെച്ച് ജലീൽ


കെ.ടി. ജലീൽ| Photo:Mathrubhumi

കോഴിക്കോട്: സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങള്‍ മാത്രമാണെന്ന ആരോപണവുമായി ലീഗ് നേതാക്കൾക്കെതിരേ മന്ത്രി കെ. ടി ജലീല്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പേജിലാണ് ലീഗ് നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തും ധൂര്‍ത്തുമെല്ലാം പരാമര്‍ശിച്ചുകൊണ്ട് കെ.ടി ജലീല്‍ പോസ്റ്റിട്ടത്. കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കായി ലീഗ് നടത്തിയ പണപ്പിരിവിനെയും പോസ്റ്റിലൂടെ ജലീൽ വിമർശിച്ചു.

"തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍കോട് - തിരുവനന്തപുരം 'കാല്‍നട വാഹന വിനോദ യാത്ര'ക്കുള്ള ചെലവു പോലും കണ്ടെത്തിയത് ആസിഫയുടെ കണ്ണീര്‍ കണങ്ങളില്‍ ചവിട്ടിയാണെന്നത് ക്രൂരമാണ്", ജലീൽ കുറിച്ചു. മണിമാളികയും വിലപിടിച്ച കാറുമൊക്കെ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്ന തരത്തില്‍ ഫിറോസിനെയും കെ. എം ഷാജിയെയും ഉന്നം വെച്ചുകൊണ്ട് അവരുടെ പേരെടുത്ത് പറയാതെയും ജലീൽ കുറിപ്പിൽ വിമർശിക്കുന്നുണ്ട്. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനെയും ആത്മാര്‍ത്ഥതയുള്ള ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഒരിക്കല്‍കൂടി നമ്മുടെ കണ്‍മുന്നില്‍ പുലരുകയാണ്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഇളമുറക്കാരനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സാക്ഷ്യം മാത്രംമതി ഒരു ജന്‍മം വൃഥാവിലാവാന്‍. കത്വവയിലെ ആസിഫയുടെ ആര്‍ത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍? മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആര്‍ക്കുമാവാം. സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ.
പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്. മുസ്ലിംലീഗിലെ സംശുദ്ധര്‍ ഇന്നും ആവേശത്തോടെ അനുസ്മരിക്കുന്ന ഒരു സംഭവമാണ് മനസ്സിന്റെ അഭ്രപാളികളില്‍ തെളിയുന്നത്.
ഒരിക്കല്‍ മുസ്ലിംലീഗിന്റെ വാര്‍ഷിക കൗണ്‍സില്‍ ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മുന്‍ സ്പീക്കറും മഹാസാത്വികനുമായിരുന്ന കെ.എം സീതി സാഹിബ് അസ്വസ്ഥനായി കാണപ്പെട്ടുവത്രെ. കാരണം തിരക്കിയവരെ ശ്രദ്ധിക്കാതെ അദ്ദേഹം ആലോചനാ നിമഗ്‌നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വിവരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ചെവിയിലുമെത്തി. അദ്ദേഹം സീതി സാഹിബിനെ കാണാന്‍ ചെന്നു. കേട്ടത് സത്യമെന്ന് ബോദ്ധ്യമായ ഇസ്മായില്‍ സാഹിബ് വിഷമത്തിന്റെ കാരണം തിരക്കി. ഇതുകേട്ട സീതിസാഹിബ് നിറഞ്ഞ കണ്ണുകളോടെ ഖാഇദെമില്ലത്തിന്റെ നേര്‍ക്കുതിരിഞ്ഞ് പറഞ്ഞു: 'വാര്‍ഷിക കൗണ്‍സിലില്‍ വരവുചെലവുകള്‍ അവതരിപ്പിക്കാന്‍ കണക്കുകള്‍ ശരിയാക്കവെയാണ് ഒരു രൂപയുടെ വ്യത്യാസം എന്റെ ശ്രദ്ധയില്‍ പെട്ടത്. ഏതിനത്തിലാണ് ആ ഒരു രൂപ ചെലവാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല. കൗണ്‍സിലിനു മുന്നില്‍ ഞനെന്തു സമാധാനം പറയും? അതോര്‍ത്ത് എന്റെ മനസ്സ് നീറുകയാണ്'. ഇതുകേട്ട ഇസ്മായില്‍ സാഹിബ് സത്യസന്ധതയുടെ സ്വരൂപമായ തന്റെ സഹപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ച് തേങ്ങിയത് ലീഗിന്റെ പുത്തന്‍ കോര്‍പ്പറേറ്റ് നേതത്വത്തിനും യൂത്ത്‌ലീഗിന്റെ മനശുദ്ധിയില്ലാത്ത യുവ സിങ്കങ്ങള്‍ക്കും കെട്ടുകഥകളായി തോന്നാം. പക്ഷെ, അതാണ് ലീഗിന്റെ യഥാര്‍ത്ഥ ചരിത്രം.

സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങള്‍ മാത്രമാണ്. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനെയും ആത്മാര്‍ത്ഥതയുള്ള ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുത്. വേലയും കൂലിയുമില്ലാത്ത മൂത്തന്‍മാരും യൂത്തന്‍മാരും കൂറ്റന്‍ ബംഗ്ലാവുകള്‍ പണിയുമ്പോഴും വിലയേറിയ കാറുകളില്‍ മലര്‍ന്നുകിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വന്‍ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങള്‍ 'ഗുഡ് വില്‍' പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള 'വക' എവിടെ നിന്നാണ് അത്തരക്കാര്‍ക്കൊക്കെ കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരണ ലീഗുകാര്‍ ചോദിക്കാന്‍ തുടങ്ങണം. അതിഥികള്‍ വന്നാല്‍ ഒന്നിരിക്കാന്‍ നല്‍കാന്‍ പോലും കസേരയില്ലാത്ത മദിരാശിയിലെ സൂഫിവര്യനായ തുര്‍ക്കിത്തൊപ്പി ധരിച്ച നരച്ച താടിയുള്ള കോട്ടിട്ട നേതാവിന്റെ ജീവിതം ഇനി മേലില്‍ അത്തരം കപടന്‍മാരോട് പറയരുതെന്ന് കല്‍പിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ലീഗുകാര്‍ക്ക് കഴിയണം.

എന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍ഗോഡ്- തിരുവനന്തപുരം 'കാല്‍നട വാഹന വിനോദ യാത്ര' ക്കുള്ള ചിലവു പോലും കണ്ടെത്തിയത് പാവം ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീര്‍ കണങ്ങളില്‍ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ്! പിരിക്കലും മുക്കലും മുഖമുദ്രയാക്കുന്നതല്ല, അത്തരം ഗുരുതരമായ അരുതായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ കാലത്തെ ലീഗില്‍ തെറ്റെന്ന് യൂത്ത്‌ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. അതിന്റെ ഒരിരയായിരുന്നല്ലോ ഈയുള്ളനും.
യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുന്ന കാലത്തും അതിനുശേഷം ഈ നിമിഷം വരെയും മഹാമനീഷികളായ ഇസ്മായില്‍ സാഹിബും സീതി സാഹിബും പരസ്പരം പങ്കുവെച്ച 'ഒരു രൂപയുടെ' ആ തേങ്ങല്‍ കരിക്കട്ടയാകാതെ സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലോകത്തിലെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈതൊട്ട് നിസ്സംശയം എനിക്ക് പറയാനാകും. ഇരുപത് കൊല്ലത്തെ എന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ഇ.ഡി, പത്തു പൈസയുടെ പിശക് കണ്ടെത്താനാകാതെ അന്തംവിട്ട് നിന്നത്, ആ കനല്‍ ഇന്നും അകക്കാമ്പില്‍ എവിടെയൊക്കെയോ എരിയുന്നത് കൊണ്ടാണ്. എല്ലാ അപവാദ പ്രചാരകര്‍ക്കും കാലം കരുതിവെച്ച കാവ്യനീതി പുലരുന്നത് കാണാന്‍ ഇമ്മിണി വലിയ ചേലുണ്ട്! വെളിച്ചത്തിന് എന്തൊരു വെളിച്ചം! അല്ലേ!

content highlights: K T Jaleel criticises Muslim league leaders for their extravaganza and illegal money accumulation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented