കേരളം ഏറെ ആദരവോടെ സാര്‍ എന്ന് വിളിച്ചിരുന്ന കെഎസ് രാധാകൃഷ്ണന്റെയും ടിപി ശ്രീനിവാസന്റെയും ഉള്ളിലെ സംഘികള്‍ പുറത്തു ചാടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. കോണ്‍ഗ്രസ്സ്  സര്‍ക്കാരിന്റെ കാലത്ത് ആനുകൂല്യങ്ങള്‍ പറ്റി ഉന്നത സ്ഥാനത്തിരുന്ന ഇവര്‍ ഇരുട്ടി വെളുത്തപ്പോള്‍ കാവിപ്പടയ്‌ക്കൊപ്പം കൂടിയെന്നും ചാമക്കാല വിമര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് താളിലാണ് ഇരുവര്‍ക്കുമെതിരേ ശക്തമായ വിമര്‍ശനം ചാമക്കാല ഉന്നയിച്ചത്.

"കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് ' അക്കാദമിക പുരുഷന്‍മാര്‍. രാധാകൃഷ്ണന്‍ സാറെ, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിന്നെ PSC ചെയര്‍മാന്‍ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി", ചാമക്കാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കെ എസ് രാധാകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ടിപി ശ്രീനിവാസന്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. ഇതെല്ലാമാണ് പോസ്റ്റിനാധാരം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഉളുപ്പുണ്ടോ സാര്‍ ?
.................................
കേരളം ഏറെ ആദരവോടെ ' സാര്‍ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികള്‍ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും.

കോണ്‍ഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് ' അക്കാദമിക പുരുഷന്‍മാരും '.

രാധാകൃഷ്ണന്‍ സാറെ, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിന്നെ PSC ചെയര്‍മാന്‍ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ?

നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.

എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാല്‍ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു , ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയില്‍ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഇതിന്റെ പേരില്‍ എന്നെ ചൊറിയാന്‍ പുറപ്പെടും മുമ്പ് സഖാക്കള്‍, പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് പോയി സംഘി സ്ഥാനാര്‍ഥിയായ എത്ര പേര്‍ ഉണ്ടെന്നു കൂടി പഠിക്കുക.

content highlights: Jyothikumar Chamakkala criticises TP Sreenivasan and KS Radhakrishnan