ല്ലാ ജോലികളും എല്ലാവര്‍ക്കും ചെയ്യാമെന്നിരിക്കെ സമൂഹം പെണ്ണിനും ആണിനും കല്‍പിച്ച, ഓരോ ജെന്‍ഡറില്‍ നിന്നും പ്രതീക്ഷിക്കുന്ന ചില ജോലികളുണ്ട്. അതില്‍ ചെറിയ വ്യത്യാസമുണ്ടായാല്‍ അപ്പോള്‍ അവരെ പെണ്‍കോന്തനെന്നും ഫെമിനിച്ചികളെന്നുമുള്ള ചില കള്ളികളില്‍പ്പെടുത്തും അതേസമൂഹം. അത്തരത്തിലുള്ള മുന്‍വിധികളെ പൊളിച്ചടുക്കുകയാണ് ജുവല്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍ തന്റെ എഫ്.ബി. പോസ്റ്റിലൂടെ. 

സമൂഹം ഒരു ഭര്‍ത്താവിനു കല്‍പ്പിച്ചുനല്‍കിയ 'മാസ്‌ക്യുലിന്‍' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് താനെന്നു പറഞ്ഞു തുടങ്ങുന്നതാണ് ജുവലിന്റെ പോസ്റ്റ്. ഭാര്യയെ 'ആണത്തത്തിന്റെ'  നിഴലില്‍ സംരക്ഷിച്ചുനിര്‍ത്തുന്ന സിനിമാ സ്‌റ്റൈല്‍ ഭര്‍ത്താവല്ല താനെന്നും ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണെന്നും അവളാണെങ്കില്‍ ആരുടെ മുഖത്തു നോക്കിയും കാര്യംപറയാന്‍ ചങ്കൂറ്റമുള്ളയാളാണെന്നും ജുവല്‍ പോസ്റ്റില്‍ പറയുന്നു.

പൊതുവെ വീട്ടില്‍ പാചകംചെയ്യുന്നത് ആണുങ്ങളുടെ പൗരുഷമില്ലായ്മയാണെന്ന മുന്‍വിധികളെയും പ്രഹരിക്കുന്നുണ്ട് പോസ്റ്റില്‍. ധ്യാനം പോലെ റിലാക്‌സിങ്ങാണ് പാചകം ചെയ്യുന്നത് തനിക്കെന്ന് പറഞ്ഞ് സകല സ്റ്റീരിയോടൈപ് സങ്കൽപങ്ങളെയും ഉടച്ചുവാര്‍ത്തിരിക്കുകയാണ് ഈ പോസ്റ്റിലൂടെ. 24 മണിക്കൂറാകുന്നതിനു മുമ്പുതന്നെ 1700-ലധികം ആളുകളാണ് പോസ്റ്റ് ചെയര്‍ ചെയ്തത്.

പോസ്റ്റ് വായിക്കാം

പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭര്‍ത്താവിനു കല്‍പ്പിച്ചു നല്‍കിയ 'മാസ്‌ക്യുലിന്‍' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് ഞാന്‍.
ഒന്നാമത് ഞാന്‍ വളരെ വള്‍നറബിളാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ ടെന്‍ഷനടിക്കും. പെട്ടന്നു കരച്ചിലൊക്കെ വരും. ഒരു ക്രൈസിസ് അഭിമുഖീകരിക്കുന്നതില്‍ പൊതുവേ പിന്നാക്കം.  ഭാര്യ നേരെ തിരിച്ചാണ്. ഒരുവിധം പ്രശനങ്ങളിലൊക്കെ ഉരുക്കു പോലെ നിന്നുകളയും. കരയുന്നതൊക്കെ അപൂര്‍വമായേ കണ്ടിട്ടുളളൂ. (സിനിമ കാണുമ്പോളൊഴിച്ച്!)
വീട്ടിലാണെങ്കില്‍ അല്പസ്വല്പം വയറിങ്, പ്ലമ്പിങ്, മറ്റ് അറ്റകുറ്റപ്പണികള്‍ ഇതിലൊക്കെ അവള്‍ ഉസ്താദാണ്. ഞാന്‍ ഒരു ആണിയടിച്ചാല്‍ പോലും ആ പ്രദേശം മുഴുവന്‍ വൃത്തികേടാവും. ടൂള്‍സ് എടുത്തു കൊടുക്കല്‍, സ്റ്റൂള്‍ പിടിച്ചു കൊടുക്കല്‍ ഇതൊക്കെയാണ് എന്റെ പണി. കൂടുതല്‍ കായബലം വേണ്ട കാര്യങ്ങളില്‍ മാത്രമാണ് ഞാന്‍ മുന്നില്‍ നില്‍ക്കേണ്ടത്.
നാട്ടിലെത്തിയാല്‍ അവളുടെ വക പറമ്പില്‍ ഒരു റെയ്ഡുണ്ട്. കാട്ടിലും മുള്ളിലുമൊക്കെ ചാടി മറിഞ്ഞ് എന്തെങ്കിലുമൊക്കെ പെറുക്കിക്കൊണ്ട് വരും. എനിക്കാണെങ്കില്‍ പറമ്പില്‍ ഇറങ്ങാനേ ഇഷ്ടമല്ല. വല്ല പാമ്പുമുണ്ടെങ്കിലോ?
എന്റെ സാമ്രാജ്യം അടുക്കളയാണ്. അടുക്കളയുടെ മണമാണെനിക്ക് മിക്കപ്പൊഴും.
പാചകം ചെയ്യുന്നത് ധ്യാനം പോലെ റിലാക്‌സിങ്ങാണെനിക്ക്. അവളാണെങ്കില്‍ വേറെ നിവൃത്തിയില്ലെങ്കിലേ പാചകം ചെയ്യാറുള്ളൂ.
ഭാര്യയെ 'ആണത്തത്തിന്റെ'  നിഴലില്‍ സംരക്ഷിച്ചു നിര്‍ത്തുന്ന സിനിമ സ്‌റ്റൈല്‍ ഭര്‍ത്താവുമല്ല ഞാന്‍. ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണ്. അവളാണെങ്കില്‍ ആരുടെ മുഖത്തു നോക്കിയും കാര്യം പറയാന്‍ ചങ്കൂറ്റമുള്ളയാളും. ദേഷ്യം വന്നാല്‍ ഒന്നാന്തരം തീപ്പൊരി.
ശരിക്കും അവളാണെന്റെ റോക്ക്. അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.
നീ 'ഭര്‍ത്താവാണോ അതോ ഭാര്യയാണോ ' എന്നു പലരും ചോദിച്ചിട്ടുണ്ട്. ഇതുവരെ ഒരു തരി പോലും വിഷമം തോന്നിയിട്ടില്ല, 'ആരായാല്‍ നിങ്ങക്കെന്താ' എന്നാരോടും തിരിച്ചു ചോദിക്കാത്തതിലല്ലാതെ. പി ജി എന്‍ട്രന്‍സിനു തയ്യാറെടുക്കുമ്പോള്‍ ഒരു വര്‍ഷം മുഴുവന്‍ അവളാണെന്നെ പണിയെടുത്തു പോറ്റിയത്. പി ജി കിട്ടാത്തതിന്റെ ഫ്രസ്ട്രേഷനല്ലാതെ, ഒരിക്കല്‍ പോലും ഭാര്യയുടെ ചിലവില്‍ കഴിയുന്നതില്‍ നാണക്കേടു തോന്നിയിട്ടില്ല.
ഉപദേശമൊന്നുമല്ല, എന്നാലും 'പെണ്‍കോന്തന്മാരായ' ഭര്‍ത്താക്കന്മാരോടും 'മീശയുള്ള' ഭാര്യമാരോടും പറയട്ടെ. ചക്കരകളേ, നിങ്ങളൊരു ടീമാണ്. അതില്‍ നിങ്ങളെന്തു റോളെടുക്കുന്നു, എന്തൊക്കെ ജോലികള്‍ ചെയ്യുന്നു എന്നൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളാണ്. പുറത്തിരുന്നു കമന്ററി പറയുന്നവരല്ല. നിങ്ങള്‍ സന്തോഷമായിരിക്കണം, ടീം ജയിക്കണം. അത്രേ ഉളളൂ.
പരസ്പരം താങ്ങാവുക, കമ്പ്‌ലീറ്റ് ചെയ്യുക. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേട്ടിട്ടില്ലേ? അതുപോലെ.
അപ്പൊ കാറ്റും മഴയും ഒരുമിച്ചു വന്നാല്‍ എന്തു ചെയ്യുമെന്നല്ലേ? ദേഹത്തിരിക്കുന്ന മണ്ണാങ്കട്ടയെ കരിയില വട്ടം ചുറ്റി, കെട്ടിപ്പിടിക്കും.
പിന്നല്ല??

പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ 'മാസ്ക്യുലിൻ' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ്...

Posted by Jewel Joseph on Monday, 12 October 2020