തൃശ്ശൂര്‍ : കോണ്‍ഗ്രസ്സ് തിരിച്ചു വരണമെന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള പ്രചാരണങ്ങളെ തള്ളി മുന്‍ എംപിയും നടനുമായ ഇന്നസെന്റ് രംഗത്ത്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്നും ഇന്നസെന്റ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. 

"എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല", ഇന്നസെന്റ് പറഞ്ഞു. 

"കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് . എന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി", എന്ന് ഇന്നസെന്റ് പറഞ്ഞു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം വെച്ച് പ്രചരിക്കുന്ന സന്ദേശത്തിനെതിരേയായിരുന്നു ഇനന്‌സെന്റിന്റെ പോസ്റ്റ്‌

 

content highlights: Innocent criticises Congress