"ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളൊന്നും ജോലിക്കു പോകാറില്ല", "പെണ്ണുങ്ങളാകുമ്പോ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം", അവര്‍ അടക്കവും ഒതുക്കവുമുള്ളവരായരിക്കണം എന്നതൊക്കെ പതിറ്റാണ്ടുകളായി സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് കേട്ടു തഴമ്പിച്ച വാക്കുകളാണ്. കേരളം പലരീതിയിലും പുരോഗമനപരമായ മുന്നേറ്റങ്ങള്‍ കൈവരിച്ചെങ്കിലും അമ്മ റോള്‍, വീട്ടമ്മ ഉത്തരവാദിത്വം എന്നിവയില്‍ കെട്ടിയാണ് പലപ്പോഴും സമൂഹം സ്ത്രീകളെ അഭിസംബോധന ചെയ്യുന്നത്. ഇതിനെതിരേ വ്യത്യസ്തമായ രീതിയിലൊരു ബോധവത്കരണ ശ്രമമാണ് വനിതാശിശുവികസന വകുപ്പിന്റെ( ഡബ്ല്യുസിഡി) ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. 

"വേണ്ട വിട്ടുവീഴ്ച" എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ കുറെക്കാലമായി ജെന്‍ഡര്‍ ഇന്‍സെന്‍സിറ്റിവിറ്റിക്കെതിരേയും ബോഡി ഷെയിമിങ്ങിനെതിരെയും, സ്ത്രീ വിരുദ്ധതക്കെതിരേയും, ഗാര്‍ഹിക പീഡനത്തിനും സ്ത്രീധനത്തിനുമൊക്കെയെതിരായി ഡബ്ല്യുസിഡി കാമ്പയിന്‍ നടത്തുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കാമ്പയിനാണ് പുരുഷന്‍മാരെ അഭിസംബോധന ചെയ്തിട്ടുള്ളത്.

venda vittuveezhchaസ്ത്രീകള്‍ നിരന്തരമായി കേള്‍ക്കുന്ന കാര്യങ്ങളാണ് കുട്ടികളെ നോക്കേണ്ടതും വീട്‌നോക്കേണ്ടതുമെല്ലാം സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍. അത് പലപ്പോഴും സാമാന്യവത്കരിക്കുകയും ചെയ്യപ്പെട്ടു. ഇത്തരത്തില്‍ സാധാരണവത്കരിക്കപ്പെട്ട കാര്യങ്ങള്‍ക്കെതിരേ സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അത് സ്ത്രീകളുടെ അസഹിഷ്ണുതയായും മറ്റുമാണ് ചിത്രീകരിക്കപ്പെടുന്നത്. ആ വാക്കുകളിലെ സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും പലപ്പോഴും പലരും തിരിച്ചറിയാറില്ല. എന്നാല്‍ സ്ത്രീകള്‍ നിരന്തരം നേരിടുന്ന ഇത്തരം വാക്കുകള്‍ ഒരു പുരുഷന് നേരെയായാല്‍ എങ്ങനെയാണ് അനുഭവപ്പെടുക എന്ന ചോദ്യമുയര്‍ത്തുക എന്നതാണ് ഇത്തവണത്തെ കാമ്പയിനിന്റെ ലക്ഷ്യം. 

അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം ആണുങ്ങള്‍, ആണുങ്ങളായാല്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോൾ പുരുഷന് അനുഭവപ്പെടുന്നതെന്തോ അതാണ് സ്ത്രീക്കും അനുഭവപ്പെടുക എന്നാണ് കാമ്പയിൻ പറഞ്ഞുവെക്കുന്നത്. "വിവേചനം പുരുഷന്‍മാരോടാകുമ്പോള്‍ പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ" എന്ന ചോദ്യവും കാമ്പയിന്‍ മുന്നോട്ടുവെക്കുന്നുണ്ട്.

content highlights: IniVendaVittuveezhcha campaign WCD against geneder insensitivity