ഇൻഡോർ: കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി. ഇതുകേട്ട മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നു അവകാശവാദം. ഇംഗ്ലീഷ് അനായാസമായി സംസാരിച്ച പിഎച്ചഡിക്കാരിയെന്നവകാശപ്പെടുന്ന തെരുവുകച്ചവടക്കാരിയുടെ വീഡിയോ അങ്ങനെ ഇന്റര്‍നെറ്റില്‍ തരംഗവുമായി.

വ്യാഴാഴ്ച ഇന്‍ഡോറിലായിരുന്നു സംഭവം. റെയ്‌സ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്. 

മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷില്‍ റെയ്‌സ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് എത്ര വരെ പഠിച്ചു എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചത്. അപ്പോഴായിരുന്നു മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്തെന്ന മറുപടി.

ഇടക്കിടെയുണ്ടാകുന്ന വിലക്കുകളെ തുടര്‍ന്ന് ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. 

"ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ.  ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും?. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്‍ക്കും?. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്". റെയ്‌സ ആരോപിക്കുന്നു.

എന്തുകൊണ്ട് മറ്റൊരു ജോലിക്ക് ശ്രമിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ആര് ജോലി തരുമെന്നായിരുന്നു റെയ്‌സയുടെ മറു ചോദ്യം. 

content highlights: Indore Vegetable Seller's Protest In English Viral, She says she is a PHD scholar