തിരുവനന്തപുരം: രോഗികളോടും രോഗികള്‍ക്കൊപ്പം വന്നവരോടും ധിക്കാരപൂര്‍വ്വം പെരുമാറിയ ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ആരോഗ്യ വകുപ്പ് ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

'സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ്ണമായും രോഗീ സൗഹൃദമാക്കാന്‍ ഉള്ള തീവ്ര യജ്ഞ പരിപാടികളുമായാണ് ഗവ: മുന്നോട്ട് പോവുന്നത്. ആ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്താനാവില്ല', ഫെയ്‌സ്ബുക്ക് പേജില്‍ മന്ത്രി കുറിച്ചു.

ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. രോഗികള്‍ക്ക് ടോക്കണ്‍ നടക്കാതെ ധിക്കാരപൂര്‍വ്വം പെരുമാറുന്ന ജീവനക്കാരിയുടെ വീഡിയോ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലടക്കം സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.