കൊച്ചി:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രസാദ ഊട്ടു നടത്താനുളള തീരുമാനം പിന്‍വലിച്ച നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍. സോറി, എച്ചൂസ് മീ! ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

 

സോറി, എച്ചൂസ് മീ! 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദു സഖാക്കള്‍ക്കു പ്രസാദ ഊട്ടു നടത്താനുളള വിപ്ലവകരമായ തീരുമാനം ഞങ്ങള്‍ 'തല്ക്കാലം' പിന്‍വലിക്കുകയാണ്.

സംസ്ഥാന ദേവസ്വം-സഹകരണ മന്ത്രിയും ഗുരുവായൂരപ്പ ഭക്തനുമായ സഖാവ് കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പ്രസാദ ഊട്ടില്‍ അഹിന്ദുക്കളെക്കൂടി സഹകരിപ്പിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. പാന്റ്‌സും ഷര്‍ട്ടും ഷൂസും ധരിച്ചു പ്രസാദമുണ്ണാനും വ്യവസ്ഥയുണ്ടാക്കി.

അപ്പോഴേക്കും തന്ത്രി ഉടക്കി, ബിജെപിക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു. പ്രശ്‌നം വഷളായി.

ഗുരുവായൂര്‍ തന്ത്രിയെ കിന്ത്രി എന്നു വിളിച്ചിട്ടുണ്ട്, മുന്‍പ് ദേവസ്വം വകുപ്പ് ഭരിച്ച സഖാവ് ജി സുധാകരന്‍. എന്നാല്‍ കടകംപള്ളി അത്ര സാഹസികനല്ല. പുതിയ പരിഷ്‌കാരങ്ങള്‍ തല്ക്കാലം നടപ്പാക്കേണ്ട എന്നു നിര്‍ദ്ദേശിച്ചു.

ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രസാദ ഊട്ടു സംബന്ധിച്ച് അഷ്ടമംഗല്യ പ്രശ്‌നം നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കള്‍ ക്ഷമിക്കുമല്ലോ.

Content Highlights; guruvayoor temple