വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തുറിച്ച് നോക്കുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ വീഡിയോയും ഫോട്ടോകളും വൈറലാവുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായ ലോക രാഷ്ട്രങ്ങളെ വിമർശിച്ച് കൊണ്ടുള്ള ഗ്രേറ്റയുടെ പ്രസംഗവും അതിനെതിരേയുള്ള ട്രംപിന്റെ പരിഹാസവും വാർത്തയായതിനു തൊട്ടു പിന്നാലെയാണ് ഗ്രേറ്റയുടെ നോട്ടം വാർത്താ പ്രാധാന്യം നേടുന്നത്. 

 "ഹൗ ഡേര്‍ യു" എന്നാവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ചു കൊണ്ട് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ വൈകാരിക പ്രസംഗം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. കാലാവസ്ഥാ പ്രശ്നങ്ങൾക്കും ആഗോള താപനത്തിനുമെതിരെ സമരരംഗത്ത് സജീവമായ ഗ്രേറ്റയുടെ പ്രസംഗ ശേഷം "ഹൗ ഡേര്‍ യു" എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റിങ്ങാണ്. എന്നാല്‍ പ്രസംഗ ശേഷം ഗ്രേറ്റയെ പരിഹസിച്ചു കൊണ്ട് ട്വീറ്റ് കുറിച്ച ട്രംപിന്റെ നിലപാടിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോക നേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ ഗ്രേറ്റ പ്രസംഗിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

'വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു'- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. വീഡിയോയില്‍ വിതുമ്പലോളമെത്തുന്ന വൈകാരിക ഭാവത്തോടെയാണ് ഗ്രേറ്റ തുന്‍ബര്‍ഗ് പരിസ്ഥിതി വിഷയത്തിലുള്ള ലോക നേതാക്കളുടെ ഇടപെടലുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഗ്രേറ്റയെ പരിഹസിക്കുന്ന ട്രംപിന്റെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.  ഇതുകൊണ്ട് കൂടിയാണ് ട്രംപ് നടന്നു പോകുമ്പോള്‍ ഗ്രേറ്റ കാണിച്ച മുഖഭാവം മാധ്യമങ്ങള്‍ ഏറ്റെടുത്തതും.

ഒരൊറ്റ നോട്ടം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ പ്രതികരണവും ഗ്രേറ്റ ട്രംപിനോട് പ്രതിഫലിപ്പിച്ചിരിക്കുകയാണെന്ന തലത്തിലുള്ള കുറിപ്പുകളോട് കൂടിയാണ് ആ നോട്ടവും ദൃശ്യങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഗ്രേറ്റ തുന്‍ബര്‍ഗ് അഴിച്ചുവിട്ടത്. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് അവള്‍ പറഞ്ഞു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്നും ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി ചോദിച്ചിരുന്നു.

content highlights: Greta Thunberg’s death stare at Donald Trump is now viral