വരുംദിവസങ്ങളില്‍ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലെല്ലാം കുറിക്കുകൊള്ളുന്ന പോസ്റ്റുകളാണ് സി.പി.എം. ലക്ഷ്യമിടുന്നത്. അനുകൂല പോസ്റ്റുകള്‍ കൂടുതല്‍ പേരിലെത്തിക്കാനും എതിരാളികളെ നേരിടാനുമുള്ള തന്ത്രങ്ങള്‍ സൈബര്‍ സഖാക്കള്‍ക്ക് പാര്‍ട്ടി പകര്‍ന്നു നല്‍കും. നവമാധ്യമങ്ങളെക്കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകമാണ് സി.പി.എം. തയ്യാറാക്കിയിട്ടുള്ളത്. കൈപുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍
എതിരാളി നമ്മുടെ പോസ്റ്റിന് ഇടുന്ന കമന്റ് എങ്ങനെ പ്രതിരോധിക്കാം
ഒരിക്കലും അത്തരം കമന്റിന് 'ഹഹ' ഇമോജി, മറുപടി എന്നിവ ഇടരുത്. അങ്ങനെവന്നാല്‍ എതിരാളിയുടെ കമന്റ് കൂടുതലാളുകളിലേക്കെത്തും. ലൈക്കും കമന്റും വരുന്നതോടെ ആ പോസ്റ്റ് എല്ലാവര്ക്കും കാണുന്ന രീതിയില്‍ ഏറ്റവും മുകളില്‍ത്തന്നെ വരും. അതുകൊണ്ട് ആ കമന്റ് പരമാവധി അവഗണിക്കുക. എതിരാളിയുടെ കമന്റിന് മറുപടി കൊടുത്തേ തീരൂ എന്നാണെങ്കില്‍ ആ പോസ്റ്റിനടിയില്‍ വേറൊരു കമന്റായി മറുപടിയിടുക. ഒരിക്കലും ഈ മറുപടി എതിരാളിയുടെ കമന്റിന്റെ അടിയില്‍ പോയി ചെയ്യാതിരിക്കുക. വേറെ കമന്റായി ഇടുക. അതുമല്ലെങ്കില്‍ എതിരാളിയുടെ കമന്റ് സ്ക്രീന്‍ഷോട്ട് എടുത്ത് വേറെ ഒരു പോസ്റ്റിടുക.
നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും പോസ്റ്റിനെ എങ്ങനെ കൈകാര്യം ചെയ്യാം
മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടത്. ആ പോസ്റ്റിനെ ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക, ആ പോസ്റ്റില്‍ കമന്റിടുക. പ്രത്യേകിച്ച് കമന്റൊന്നും ഇടാന്‍ ഇല്ലെങ്കില്‍ എന്തെങ്കിലും ഒരു സ്മൈലി ഇടുക. അതുമല്ലെങ്കില്‍ ഒരു കുത്ത് എങ്കിലുമിടണം. ഒരു കുത്തെങ്കിലും കമന്റായി ഇടുന്നതോടെ ആ പോസ്റ്റ് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ ഇടയാകും.
എങ്ങനെയുള്ള മെസേജുകള്‍ പോസ്റ്റ് ചെയ്യാം
എപ്പോഴും പ്രത്യക്ഷമായ രാഷ്ട്രീയവിഷയങ്ങള്‍ മാത്രം പോസ്റ്റുചെയ്യാതെ മറ്റു വിഷയങ്ങളിലും പോസ്റ്റുകള്‍ ഇടണം. നാട്ടിലുള്ള എല്ലാവരുമായി നല്ലബന്ധം കാത്തുസൂക്ഷിക്കാന്‍ ഇത് ഉപകരിക്കും. നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളും കലാപരിപാടികളും സര്‍ക്കാര്‍ സഹായ പദ്ധതികളുടെ അറിയിപ്പുകളും പഞ്ചായത്ത് വില്ലേജ് എന്നിവിടങ്ങളിലെ അറിയിപ്പുകളും വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങളുമെല്ലാം പോസ്റ്റുചെയ്യണം. മരണങ്ങള് അറിയിക്കണം. ഗള്‍ഫിലുള്ളവരുമായി ബന്ധപ്പെട്ടുള്ള സംയുക്ത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, നാട്ടിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍, എന്നിവയുടെ വിശദാംശങ്ങളും നാട്ടില്‍ നടക്കുന്ന പരിപാടികളുടെ ലൈവും പോസ്റ്റ് ചെയ്യാം. പാചകക്കുറിപ്പുകള്‍, ബുക്ക്, നോവല്‍, സിനിമ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയും പോസ്റ്റുചെയ്യണം.
എതിരാളികളുടെ പോസ്റ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം
എതിരാളികളുടെ പോസ്റ്റുകള്‍ക്ക് ലൈക്കോ മറ്റെന്തെങ്കിലും ഇമോജികളോ ഇടുകയോ കമന്റുചെയ്യുകയോ അരുത്. അത് ആ പോസ്റ്റിന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ കൂടുതല്‍ പ്രചാരം കൊടുക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ കൂടുതലും ഇടതുപക്ഷ അനുഭാവികളായിരിക്കും എന്നതിനാല്‍ ഈ ശീലം പൂര്‍ണമായും ഒഴിവാക്കണം.
എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ
എതിരാളികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, എന്തൊക്കെ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത് എന്നറിയാന്‍ മാത്രം അവരെ ഫോളോ ചെയ്യാം. വേറെ ഒരു തരത്തിലുള്ള ഇടപെടലും അവരുടെ പേജുകളില്‍ വേണ്ടാ. എന്തുചെയ്താലും അത് സ്വന്തം പേജില്‍ മാത്രമായിരിക്കുമെന്ന ഉറച്ച നിലപാടെടുക്കുക.
ഫെയ്സ്ബുക്കില്‍ പോസ്റ്റിടാന്‍ എപ്പോഴാണ് നല്ലസമയം
അങ്ങനെയൊരുസമയം ഉണ്ടോ എന്ന് ശങ്കിക്കേണ്ട. ആളുകള്‍ ഫെയ്സ്ബുക്ക് കൂടുതല്‍ ഉപയോഗിക്കുന്ന സമയത്ത് പോസ്റ്റിട്ടാല്‍ കൂടുതല്‍ പേരിലേക്ക് പടരും. ആളുകള്‍ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്‍ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം ഉത്തമമാണ്. ഉച്ചയിലെ ഇടവേള സമയം, വൈകുന്നേരം, രാത്രി ഊണെല്ലാം കഴിഞ്ഞ് കിടക്കും മുന്നേയുള്ള സമയം എന്നിവയും പോസ്റ്റിടാന്‍ പറ്റിയ സമയമാണ്. പോസ്റ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ വായനക്കാരുണ്ടെങ്കില് ഗള്‍ഫിലെ സമയം കൂടി കണക്കിലെടുത്ത് പോസ്റ്റ് ചെയ്യാം.
എതിരാളികളുടെ പോസ്റ്റിന് എങ്ങനെ മറുപടി കൊടുക്കാം
എതിരാളികളുടെ പോസ്റ്റിന് അവരുടെ വാളില്‍ പോയി മറുപടി കൊടുക്കേണ്ടതില്ല. സ്ക്രീന്‍ഷോട്ട് എടുത്ത് അതിനെ ഒരു പുതിയ മെസേജായി സ്വന്തം വാളില്‍ പോസ്റ്റ് ചെയ്യാം. എതിരാളിക്ക് നമ്മുടെ ചെലവില്‍ പബ്ലിസിറ്റി കൊടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇങ്ങനെയുള്ള പോസ്റ്റുകളില്‍നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കണം. സ്ക്രീന്‍ഷോട്ടില്‍നിന്ന് അവരുടെ പേരുകള്‍ മറയ്ക്കുക. പേര് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അവരുടെ പേരിനുപകരം ബി.ജെ.പി. അംഗമെന്നോ യു.ഡി.എഫ്. അംഗമെന്നോ പാര്‍ട്ടിയുടെ പേരുപറയാതെ സുഹൃത്തെന്നോ മറ്റോ ഉപയോഗിക്കുക. ഒരു കാരണവശാലും എതിരാളികളുടെ പോസ്റ്റ്ഷെയര്‍ ചെയ്തുകൊണ്ട് അതിനു മറുപടി അരുത്, സ്ക്രീന്‍ഷോട്ട് മാത്രമേ ഉപയോഗിക്കാവൂ.
എതിരാളിയിട്ട കമന്റിന് പോസ്റ്റിനെക്കാള്‍ ലൈക്ക് കിട്ടുന്നെങ്കില്‍ എന്ത് ചെയ്യണം
ആ കമന്റ് അവഗണിക്കുക. അതിന്റെ അടിയില്‍ പോയി മറുപടിയിടരുത്. നമുക്ക് അനുകൂലമായി നില്ക്കുന്ന വേറെ ഏതെങ്കിലും കമന്റിന് മറുപടി, ലൈക്ക് എന്നിവ കൊടുത്ത് ആ കമന്റിനെ മുന്നോട്ടു കൊണ്ടുവരണം. ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും നടക്കുന്നില്ലെങ്കില്‍ മറുപടി ഹൈഡ് ചെയ്യണം(ഒളിച്ചുെവക്കണം). അപ്പോള്‍ ആ കമന്റ് നമുക്കും ഇട്ടയാള്‍ക്കും മാത്രമേ കാണാന്‍ കഴിയൂ. ഇതൊന്നും പറ്റിയില്ലെങ്കില്‍ ആ കമന്റ് ഡിലീറ്റ്(മായ്ച്ചുകളയുക) ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക. കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ മടി കാണിക്കേണ്ട. നമ്മുടെ ചെലവില്‍ എതിരാളികളുടെ പ്രചാരണം നടക്കേണ്ടതില്ല.
എതിരാളികളെ ഫ്രണ്ഡ് ആക്കാമോ
ആക്കാം. എതിരാളികളെയും നമ്മുടെ രാഷ്ട്രീയത്തിന് പുറത്തുള്ളവരെയും നിഷ്പക്ഷരെയും കൂടുതല്‍ ഫ്രണ്ഡ് ആക്കുക. അവരിലേക്കാണ് നമ്മുടെ മെസേജുകള്‍ എത്തിക്കേണ്ടത്. അവരെ ടാര്‍ഗറ്റ് ചെയ്ത് കൂടുതല്‍ പോസ്റ്റുകള്‍ ഇടുക. അവരെ മറുപടി പറയാനും സ്മൈലി ഇടാനും പ്രേരിപ്പിക്കുക. അതുവഴി അവരുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ മെസേജ് എത്തും.
എതിരാളികളുടെ പോസ്റ്റ് പൂര്‍ണമായും അവഗണിക്കണോ
വേണം. എതിരാളികള്‍ പ്രത്യേക അജന്‍ഡയില്‍നിന്നു കൊണ്ടാണ് നിഷ്കളങ്കമായ രീതിയിലുള്ള പോസ്റ്റുകള്‍ ഇടുന്നത്. ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോം പോലും പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായ നീതിബോധത്തോടെയല്ല. സോഷ്യല്‍ മീഡിയയെ ജനാധിപത്യമര്യാദകള്‍ പാലിച്ച് സംവാദങ്ങള്‍ നടത്താനുള്ള ഒരു സ്ഥലമായി കണക്കാക്കാനാവില്ല. എതിരാളികളുടെ അജന്‍ഡകളില്‍ കുരുങ്ങാതിരിക്കുക.
തെറ്റായ പോസ്റ്റ് ഇട്ടാല്‍ !
തെറ്റായ പോസ്റ്റ് ഡിലീറ്റ് ചെയ്യുക. വേറൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്ന് വിശദീകരിച്ചുകൊണ്ട് വേറെ പോസ്റ്റ് ഇടരുത്.
എതിരാളികളെ ഫ്രണ്ഡാക്കിയാല് എന്റെ വാള് മുഴുവന്‍ അവരുടെ മെസേജുകളാവില്ലേ. ഇത് എങ്ങനെ ഒഴിവാക്കാം
അനാവശ്യ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്ന എതിരാളികളെ 'അണ്‍ഫോളോ' ചെയ്യുക. അവരെ 'അണ്‍ഫോളോ' ചെയ്യുന്നതുവഴി അവര്‍ നമ്മുടെ ഫ്രണ്‍ഡായി നിലനില്ക്കുകയും നമ്മുടെ മെസേജുകള്‍ അവരിലെത്തുകയും ചെയ്യും. പക്ഷേ, അവരുടെ മെസേജുകള്‍ നമ്മുടെ വാളില്‍ വരുന്നത് ഒഴിവാക്കാനും കഴിയും. അണ്ഫ്രണ്ഡ്, ബ്ലോക്ക് എന്നിവ ചെയ്യുന്നതു വഴി അവര്‍ക്ക് നമ്മുടെ മെസേജുകള്‍ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കഴിയുന്നതും ഒഴിവാക്കുക.
content highlights: CPM Social media hand book for cyber wing