എം.ബി രാജേഷ് | ഫോട്ടോ : കൃഷ്ണ പ്രദീപ്
കോണ്‍ഗ്രസ്സ് ഡൊമിനിയന്‍ പദവി മാത്രം ആവശ്യപ്പെട്ടിരുന്ന കാലത്ത് ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതനത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100 വാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി രാജ്യത്തിന് നല്‍കിയ സംഭാവനയെ കുറിച്ച് എണ്ണിപ്പറഞ്ഞു കൊണ്ട് എഫ്ബിയിലിട്ട കുറിപ്പിലാണ് എംബി രാജേഷ് ഇക്കാര്യം പറഞ്ഞത്.
ക്വിറ്റ് ഇന്ത്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പങ്കെടുത്തിട്ടുണ്ടെന്ന് ശങ്കർ ദയാൽ ശർമ്മയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി രാജേഷ് എഫ് ബി പോസ്റ്റിൽ മറുപടി പറയുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌ക്കെന്റില്‍ വെച്ച് രൂപീകൃതമായി ഇന്ന് നൂറു വര്‍ഷം തികയുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടി ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യക്ക് നല്‍കിയ സംഭാവന എന്താണ്? അറിയാന്‍ ഗൗരവബുദ്ധിയോടെ താല്‍പര്യപ്പെടുന്നവരുമുണ്ടാകും. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുമിടയില്‍ .അങ്ങിനെയുള്ള ഗൗരവബുദ്ധിയോടെ ചോദ്യം ഉന്നയിക്കുന്നവരെ മാത്രം അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറിപ്പാണിത്. കഴിയുന്നത്ര ചുരുക്കിപ്പറയാനാണ് ശ്രമം.
1. പൂര്‍ണ്ണ സ്വാതന്ത്ര്യം
പൂര്‍ണ്ണ സ്വാതന്ത്ര്യം,ആധുനിക ഇന്ത്യ അഥവാ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് രാഷ്ട്രം എന്നീ ആശയങ്ങള്‍ കമ്യുണിസ്റ്റുകാരുടെ മൗലിക സംഭാവനയാണ് എന്ന് നിസ്സംശയം പറയാം. അവ യാഥാര്‍ത്ഥ്യമാക്കാന്‍ സമാനതകളില്ലാത്ത സഹനവും ത്യാഗവും കമ്യൂണിസ്റ്റുകാര്‍ അനുഭവിച്ചു.
1920ല്‍ ഉണ്ടായ കമ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍1921 ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ രണ്ട് കമ്യുണിസ്റ്റുകാര്‍ - ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് ഡൊമിനിയന്‍ പദവി മാത്രം ആവശ്യപ്പെടുന്ന കാലം. പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ എതിര്‍ത്തതോ ഗാന്ധിജി നേരിട്ടും! ഒടുവില്‍ കമ്യുണിസ്റ്റുകാരുയര്‍ത്തിയ മുദ്രാവാക്യം കോണ്‍ഗ്രസ് അംഗീകരിച്ചത് ഏകദേശം ഒരു പതിറ്റാണ്ടു കഴിഞ്ഞ് 1930ല്‍.
കൂട്ടത്തില്‍ പറയട്ടെ കവിയായ ഹസ്രത്ത് മൊഹാനിയാണ് വിഖ്യാതമായ 'ചുപ് കേ ചുപ് കേ' എന്ന ഗസലിന്റെ രചയിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യവും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
2. അടിച്ചമര്‍ത്തല്‍
വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭു, കമ്യുണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നതായി 1929ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് ബ്യുറോ കമ്യുണിസ്റ്റ് പ്രവര്‍ത്തനം നേരിടാന്‍ നിലവിലുള്ള നിയമങ്ങള്‍ പോരെന്ന രഹസ്യ റിപ്പോര്‍ട്ട് നല്‍കി. 1929ല്‍ ഇതിനായി പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്നു.പെഷവാര്‍, മീററ്റ്, കാണ്‍പുര്‍ ഗൂഡാലോചനക്കേസുകള്‍ ചുമത്തി കമ്യുണിസ്റ്റുകാരെ വേട്ടയാടി. ബ്രിട്ടീഷ് ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കേസ്. ഇന്ന് യെച്ചുരിക്കും ബൃന്ദ കാരാട്ടിനുമെതിരെ മോദി സര്‍ക്കാര്‍ ഗൂഡാലോചന ആരോപിക്കുന്നു!
3.മീററ്റ് കേസ്:
അടിച്ചമര്‍ത്തലുകളില്‍ പ്രധാനപ്പെട്ടതാണിത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന മുസാഫര്‍ അഹമ്മദ്, എസ്.എ. ഡാങ്കേ, പി.സി.ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരടക്കം 31 പേര്‍ ജയിലിലടക്കപ്പെട്ടു. ഗാന്ധിജി നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം അറിയിച്ചു. മോട്ടിലാല്‍ നെഹ്‌റു പ്രസിഡന്റും ജവഹര്‍ലാല്‍ നെഹ്‌റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് ഡിഫന്‍സ് കമ്മിറ്റി ഉണ്ടാക്കി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, റൊമാങ് റോളാങ്ങ്, ഹരോള്‍ഡ് ലാസ്‌കി തുടങ്ങി ലോകത്തിലെ മഹാപ്രതിഭകള്‍ പലരും കള്ളക്കേസിനെതിരെ തടവുകാരെ പിന്തുണച്ചു രംഗത്തുവന്നു. 1931 ല്‍ 27 പേരെ ശിക്ഷിച്ചു. വിചാരണയേയും കോടതിയേയും കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചു.. കോടതിയിലെ പ്രസ്താവന സ്വന്തം ലക്ഷ്യം അവതരിപ്പിക്കുന്നതായി. സാമൂഹിക നീതി, സ്ത്രീവിമോചനവും തുല്യനീതിയും ന്യുനപക്ഷ സംരക്ഷണം എന്നീ നിലപാടുകള്‍ പ്രസ്താവനയില്‍ മുന്നോട്ടുവെച്ചു.
4.നിരോധനം
വേട്ടയാടല്‍ ശക്തിപ്പെട്ടു.124-എ( രാജ്യദ്രോഹം ),153 എ എന്നീ വകുപ്പുകളും പാസ്‌പോര്‍ട്ട് ആക്ടും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. 1934 ജൂലൈ 23 ന് പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേള മാറ്റിനിര്‍ത്തിയാല്‍ 1940 ല്‍ വീണ്ടും നിരോധിക്കപ്പെട്ടു.6456 പാര്‍ട്ടി കാഡര്‍മാര്‍ ശിക്ഷിക്കപ്പെട്ടു. അനേകായിരങ്ങള്‍ വിചാരണയില്ലാതെ തടവിലായി.പാര്‍ട്ടി മുഖപത്രം നാഷണല്‍ ഫ്രണ്ടും നിരോധിക്കപ്പെട്ടു.
5.ക്വിറ്റിന്ത്യ സമരം
കമ്യൂണിസ്റ്റുകാര്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തില്ല എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. അവര്‍ക്കുള്ള മറുപടിസ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട്. 1992 ല്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പാര്‍ലിമെന്റിന്റെ പ്രത്യേക സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞു -
'വന്‍ തോതിലുള്ള പണിമുടക്കുകളുടെ പശ്ചാത്തലത്തില്‍ 1942 സെപ്റ്റംബര്‍ 5ന് ദില്ലിയില്‍ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കമ്യുണിസ്റ്റുകാരെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അയക്കുകയുണ്ടായി. കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികള്‍ നിറഞ്ഞ പ്രസ്ഥാനമാണെന്ന കാര്യം തെളിയിക്കുന്നതാണ് അവരുടെ എല്ലായ്‌പ്പോഴുമെന്ന പോലെ ഇപ്പോഴത്തേയും പ്രവര്‍ത്തനം '. ശങ്കര്‍ ദയാല്‍ ശര്‍മ്മയേക്കാള്‍ ഇതു സാക്ഷ്യപ്പെടുത്താന്‍ യോഗ്യനായ ആരുണ്ട്?
6.വര്‍ഗ്ഗീയതക്കെതിരെ
1937 ലെ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തില്‍ വെച്ച് സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചു.1941ല്‍ ജിന്നയും ദ്വിരാഷ്ട്ര വാദം ഉയര്‍ത്തി. വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമായി.ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റുള്ളവരുമായ തൊഴിലാളികളേയും കൃഷിക്കാരേയും വര്‍ഗ്ഗാടിസ്ഥാനത്തില്‍ അണിനിരത്തി വര്‍ഗ്ഗീയ ചേരിതിരിവിനെ നേരിടാന്‍ കമ്യുണിസ്റ്റുകാര്‍ ശ്രമിച്ചു.കല്‍ക്കത്തയിലും നവഖാലിയിലുമെല്ലാം വര്‍ഗ്ഗീയ കലാപത്തിനെതിരെ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി സമാധാന ജാഥകളും മറ്റും നടത്തി.നവഖാലിയില്‍ നിന്ന് ത്രിപുരയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ഗ്ഗീയ കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്യുണിസ്റ്റ് വളണ്ടിയര്‍മാര്‍ തുരത്തിയോടിച്ച സംഭവവും ഉണ്ടായി. കലാപം പടരാതിരിക്കാന്‍ ട്രേഡ് യൂണിയനുകളും കിസാന്‍ സഭയും കഠിന പരിശ്രമം നടത്തി.ആ മതനിരപേക്ഷ പൈതൃകമാണ് കമ്യുണിസ്റ്റുകാര്‍ ഇന്നും അചഞ്ചലമായി ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇന്ത്യ
ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ആദ്യരൂപം 1931 ലെ കറാച്ചി കോണ്‍ഗ്രസ് അംഗീകരിച്ചപ്പോള്‍ അത് കമ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് എം.എന്‍.റോയി തയ്യാറാക്കിയ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. ബ്രിട്ടീഷ് രഹസ്യരേഖകളില്‍ ഇതു പറയുന്നുണ്ട്.
ഐക്യ കേരളം, വിശാലാന്ധ്ര, സംയുക്ത മഹാരാഷ്ട്ര തുടങ്ങിയ സമരങ്ങളിലൂടെ കമ്യുണിസ്റ്റുകാര്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ആധുനിക ഫെഡറല്‍ രാഷ്ട്ര ഘടനക്കും സുപ്രധാന സംഭാവന നല്‍കി. ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവവും ഫെഡറല്‍ ഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇന്നും കമ്യൂണിസ്റ്റുകാര്‍ മുന്നില്‍ നില്‍ക്കുന്നു. പൗരത്വം, കര്‍ഷക നിയമം, ജി.എസ്.ടി. കുടിശ്ശിക, തുടങ്ങി എത്ര സമീപകാല ഉദാഹരണങ്ങള്‍. വര്‍ഗ്ഗ ചൂഷണത്തിനെതിരെ തൊഴിലാളികള്‍, കര്‍ഷകര്‍ മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരുടെ ആയുധവും കമ്യുണിസ്റ്റ് പാര്‍ട്ടി തന്നെ.
ഇന്ത്യയില്‍ ഒരിക്കലും അധികാരത്തില്‍ വന്നിട്ടില്ലാത്ത കമ്മ്യുണിസ്റ്റുകാര്‍ ആധുനിക ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അധികാര രാഷ്ട്രീയത്തിനുമപ്പുറമാണത്.
content highlights: Contributions Of communist party of India , MB Rajesh FB Post


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..