മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലെ സന്ദേശത്തില്‍ കുഴങ്ങി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍. "12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം" എന്നായിരുന്നു ആ പോസ്റ്റ്. ഒപ്പം 12 മണി കാണിക്കുന്ന ക്ലോക്കിന്റെ ചിത്രവും പങ്കുവെച്ചു മുഖ്യമന്ത്രി.

പോസ്റ്റിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ അത് ചര്‍ച്ചയായി. ആയിരത്തോളം കമന്റുകളും വന്നു. ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു കൊണ്ട് വിശദീകരണ കുറിപ്പും വീഡിയോയും എത്തി. അതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. 

സ്ത്രീകളിലെ അനീമിയ പ്രതിരോധ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനായിരുന്നു അത്. 

ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 എങ്കിലും വേണം. ഇല്ലെങ്കില്‍ ക്ഷീണം തളര്‍ച്ച ശ്വാസതടസ്സം ,ബോധക്ഷയം, തൊലിയുടെ തിളക്കക്കുറവ്, ക്രമരഹിതമായ ആര്‍ത്തവം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കും. പഠനത്തില്‍ ശ്രദ്ധക്കുറവ്, പരീക്ഷകളിലെ പരാജയം, പ്രസവ സമയത്തെ അമിത രക്തസ്രാവം എന്നിവയിലേക്ക് വരെ ഇത് നയിക്കും. 

12 ആക്കുവാനായി ഇരുമ്പടങ്ങിയ ഭക്ഷണവും ഐഎഫ്എ ടാബ്ലറ്റുകളും വിറ്റമിന്‍സി അടങ്ങിയ ഭക്ഷണവും കഴിക്കണമെന്നുള്ള വിവരങ്ങളും വിശദീകരണ വീഡിയോയില്‍ നല്‍കുന്നുണ്ട്.

"വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില നമുക്ക് 12 g/dI ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു", എന്നുള്ള കുറിപ്പും മുഖ്യമന്ത്രിയുടെ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.

സമൂഹത്തിന് ഗുണകരമായ സന്ദേശങ്ങൾ പരമാവധി ജനങ്ങളിലെത്തുക, അതേകുറിച്ച് ബോധവത്കരണം സൃഷ്ടിക്കുക എന്നുദ്ദേശത്തോടെയാണ് ഇത്തരത്തിൽ നാടകീയമായ പോസ്റ്റിട്ടുകൊണ്ട് വിഷയം സർക്കാർ കൈകാര്യം ചെയ്തത്.

content highlights: Chiefminister Pinarayi Vijayan's FB post on 12 0 clock time, Anemia campaign