ന്യൂഡൽഹി: കോവിഡ് കാലത്ത് പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ ഹൃദയശൂന്യരാണെന്ന പ്രസ്താവനുമായി പി ചിദംബരം രംഗത്ത്.

"കൂടുതല്‍ കൂടുതല്‍ ആളുകളുടെ കയ്യില്‍ കാശില്ലാതാവുന്നതിനും പാകം ചെയ്ത ഭക്ഷണത്തിനു വേണ്ടി വരിയില്‍ നില്‍ക്കുന്നതിനുമുള്ള ധാരാളം തെളിവുകള്‍ മുന്നിലുണ്ട്. ഹൃദയശൂന്യരായ സര്‍ക്കാരിനു മാത്രമേ ഇത്തരമൊരു നിലപാടെടുക്കാനും ഒന്നും ചെയ്യാതെ നോക്കിനില്‍ക്കാനും കഴിയൂ", ചിദംബരം ട്വീറ്റ് ചെയ്തു.

ഇതിനു പുറമെ രണ്ട് ചോദ്യങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചു. 

"എന്തുകൊണ്ടാണ്‌ പട്ടിണിയില്‍ നിന്ന് അവരെ രക്ഷിക്കാനും അവര്‍ക്ക് കാശ് കൊടുത്തുകൊണ്ട് അവരുടെ അന്തസ്സ് സംരക്ഷിക്കാനും സര്‍ക്കാരിനാവാത്തത്. എന്തുകൊണ്ടാണ്‌ എഫ്‌സിഐയിലുള്ള 7.7 കോടി ടണ്‍ ധാന്യത്തിന്റെ ഒരംശം അവശ്യമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാരിന് വിതരണം ചെയ്യാനാവാത്തത്". നിര്‍മ്മലാ സീതാരാമനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്തുകൊണ്ട് ചിദംബരം ട്വീറ്റ് ചെയ്തു.

സാമ്പത്തികമായും ധാര്‍മ്മികമായുമുള്ള ചോദ്യങ്ങളാണിവയെന്നും  രാജ്യത്തിന്റെ നിസ്സഹായാവസ്ഥയില്‍ നിര്‍മ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിന് ഉത്തരം നല്‍കാന്‍ പരാജയപ്പെട്ടെന്നും തന്റെ മൂന്നാമത്തെ ട്വീറ്റില്‍ ചിദംബരം കുറിച്ചു.

content highlights: Chidambaram calls central govt heartless for not distributing cash and free food to families in need