ദൂരദര്‍ശനിലെ ഹിറ്റ് പരിപാടികള്‍ പോലെ 1990കളിലെ യുവതയും കുട്ടികളും ആസ്വദിച്ച മ്യൂസിക്കൽ പരസ്യമാണ് കാഡ്ബറിയുടെ "കുച്ച ഖാസ് ഹേ സിന്ദഗി മേൻ". രണ്ട് പതിറ്റാണ്ടിനു ശേഷം കാലം ആവശ്യപ്പെടുന്ന ട്വിസ്റ്റു നൽകിയരിക്കുകയാണ് പരസ്യ സൃഷ്ടാക്കളും കാഡ്ബറിയും. പഴയ പരസ്യം പോലെ ജനം വരവേറ്റിരിക്കുകയാണ് പുതിയ ഭാഷ്യം നൽകിയ പരസ്യത്തിന്റെ റീ മേക്ക്.

പഴയ പരസ്യത്തിൽ കാഡ്ബറീസ് കഴിച്ചുകൊണ്ട് ക്രിക്കറ്റ് കളി കാണുന്നകയാണ് മോഡല്‍ ഷിമോണ റാഷി അവതരിപ്പിച്ച ഫ്‌ലോറല്‍ ഉടുപ്പിട്ട യുവതി. ക്രിക്കറ്റർ ആകാശത്തേക്ക് ബാറ്റ്‌കൊണ്ട് പന്തടിച്ചുയർത്തിയപ്പോള്‍ ഒരുവേള ആ ഉടുപ്പിട്ട യുവതിയുടെ ആകാംക്ഷയ്‌ക്കൊപ്പം പരസ്യം കാണുന്ന പ്രേക്ഷകരും ആകാംക്ഷ കൂറുന്നുണ്ട്. ക്യാച്ച് ആയി അവസാനിക്കുമെന്ന് കരുതിയ ആ ഹിറ്റ് ബൗണ്ടറി കടക്കുമ്പോള്‍ സന്തോഷത്തിന്റെ സകല നിയന്ത്രണവും വിട്ട് ഗാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിവരികയാണ് യുവതി. അതിമനോഹരമായ പാട്ടിനൊപ്പം സന്തോഷത്തിന്റെ പരകോടിയില്‍ ഉന്‍മാദ നൃത്തം ചെയ്യുന്ന യുവതി 90കളിലെ ദൂരദര്‍ശന്‍ പ്രേക്ഷകരുടെ മനമിളക്കിയ പരസ്യമാണ്. ആ പരസ്യമാണ് അതിന്റെ സൃഷ്ടാക്കളായ ഒഗ്ലിവി ആഡ് ഏജന്‍സി പുനസൃഷ്ടിച്ചിരിക്കുന്നത്.

ചോക്ക്‌ലേറ്റ് എന്നത് കുട്ടികളുടെ ഉത്പന്നമാണെന്ന കാഴ്ച്ചപ്പാടിനെ തന്നെ തിരുത്തി കുറിച്ച പരസ്യമായിരുന്നു കാഡ്ബറിയുടെ "കുച്ച്  ഖാസ് ഹേ". രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പരസ്യത്തെ പുതിയകാലത്തെ കാഴ്ച്ചപ്പാടിനൊത്ത് പുനസൃഷ്ടിച്ചിരിക്കുന്നത്. പുതിയതും ഇതിനോടകം സൂപ്പർ ഹിറ്റായി കൊണ്ടിരിക്കുകയാണ്.

പരസ്യത്തിന്റെ റീമേക്കിൽ കളികാണുന്ന കാഴ്ചക്കാരിയുടെ റോളില്‍ നിന്ന് സ്ത്രീ കഥാപാത്രത്തിന്റെ പ്രാധാന്യം ക്രിക്കറ്റര്‍ റോളിലേക്ക് മാറിയിരിക്കുന്നു. പഴയ പരസ്യത്തില്‍ പുരുഷ ക്രിക്കറ്ററുടെ സിക്‌സറില്‍ കാണിയായ സ്ത്രീ(കാമുകിയോ സുഹൃത്തോ ആവാം) ആണ് ഉന്‍മാദ നൃത്തം ചവിട്ടുന്നതെങ്കില്‍ പുതിയ പരസ്യത്തില്‍ കാണി പുരുഷനായി മാറി. മാത്രവുമല്ല കളി കാണുന്ന കോട്ടിട്ട പ്രധാനികളിലും സ്ത്രീ സാന്നിധ്യത്തെ കാണാം. തലയില്‍ കൈവെച്ച് നിരാശ പ്രകടിപ്പിക്കുന്നയാള്‍ പഴയ പരസ്യത്തില്‍ പുരുഷനാണെങ്കില്‍ പുതിയ പരസ്യത്തില്‍ അത് സ്ത്രീയായി മാറി. 

ക്രിക്കറ്റ് എന്നത് പുരുഷ ക്രിക്കറ്റിനു പര്യായമായി പതിറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്നിടത്ത് കാഡ്ബറി പരസ്യം വ്യത്യസ്തമായ ഒരു വീക്ഷണകോണാണ് പ്രദാനം ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളൊന്നാകെ പുതിയ പരസ്യത്തിന്റെ വാഴ്ത്തുപാടലുകളാല്‍ നിറയുകയാണ്. 

'അതിമനോഹരം, കാഡ്ബറി ഡയറി മില്‍ക്കിനും ഓഗില്‍വിയ്ക്കും ആദരവോടെ തല കുനിക്കുന്നു. ഇക്കാലമത്രയും നമ്മളെയെല്ലാം തുറിച്ചു നോക്കിയ ലളിതവും വ്യക്തവുമായ ട്വിസ്റ്റ്, കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് കാര്‍ത്തിക് ശ്രീനിവാസന്‍ കുറിച്ചു. കാലികപ്രസക്തമായ ട്വിറ്റ് കൊണ്ടുവന്നതിനു മീഡിയ കോര്‍പ്പ് എക്‌സിക്യൂട്ടീവ് പരമീന്ദര്‍ സിങ്ങടക്കം നിരവധിപേരാണ് അഭിവാദ്യങ്ങളുമായി മുന്നോട്ടുവന്നത്.

ഗുഡ് ലക്ക് ഗേൾസ് എന്ന ഹാഷ്ടാഗോടെയാണ് കാഡ്ബറി പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

"കായികരംഗത്തെയും നിത്യജീവിതത്തിലെയും വനിതാ നേട്ടങ്ങളെയാണ് പരസ്യം ആഘോഷിക്കുന്നത്. ഒഗില്‍വിയിലെ ഒരു യുവ അംഗമാണ് ഈ ആശയം കൊണ്ടുവന്നത്, ഞങ്ങള്‍ അത് തല്‍ക്ഷണം ഇഷ്ടപ്പെട്ടു. അന്ന് ഈ പരസ്യം ഐക്കണ്‍ ആയിരുന്നു, അത് ഒരു പുതിയ പ്രവണത തന്നെ സൃഷ്ടിച്ചു. നിലവില്‍ ഈ പ്രാതിനിധ്യത്തിനും സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു" , ഒഗില്‍വി പ്രതിനിധി പറഞ്ഞു.

content highlights: Cadbury's iconic 'Cricket' ad kusc Khaas hai is back with a twist