ന്യൂഡല്‍ഹി : രാജ്യത്ത് ഫെയ്‌സ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഫെയ്‌സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പരസ്യത്തിനായി കാശ് ചെലവഴിച്ച ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവർ നല്‍കിയിരിക്കുന്നത് ഡല്‍ഹിയില്‍ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസ്സാണ്. 

മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന പേജ് 1.39 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് കെ മന്‍ കി ബാത്ത്-2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെ പോകുന്നു ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി പണം ഏറ്റവും അധികം ചെലവഴിച്ച രാഷ്ട്രീയ പേജുകളുടെ വിശദാംശങ്ങള്‍.

ഇവയെല്ലാം കൂടി കണക്കാക്കുമ്പോള്‍ 10.17 കോടി രൂപയാണ് ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങള്‍ ചെലവാക്കിയ തുക.  

ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫെയ്‌സ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്‌ളിപ്കാര്‍ട്ട് പരസ്യത്തിനായി എഫ്ബിയില്‍ ഈ കാലയളവില്‍ ചെലവഴിച്ചത്.

content highlights: BJP tops in political advertisements spend on Facebook India