ന്യൂഡൽഹി: ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച ബിജെപി ഐടി മേധാവി അമിത് മാളവിയക്കെതിരെ വന്‍ വിമര്‍ശം. ട്വീറ്റ് വിവാദമായതോടെ അതേ കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍  അറിയിച്ചു. 

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ല എന്ന തരത്തിലാണ് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചത്.

"അവള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരവും നിയമവിരുദ്ധവുമാണ്" എന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്. 

സണ്‍ഡേ എക്‌സ്പ്രസ്സാണ് രേഖശര്‍മ്മയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.

അതേസമയം വീഡിയോ കണ്ടില്ലെന്ന് യു.പി വനിതാ കമ്മീഷന്‍ അധ്യക്ഷ വിംല ബാത്തം പറഞ്ഞു.  സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

വെള്ളിയാഴ്ചയാണ് ബിജെപി നേതാവ് 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത്. ഒരു റിപ്പോര്‍ട്ടറുമായി ഹത്രാസില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആശയവിനിമയം നടത്തുന്നതാണ് വീഡിയോയില്‍.  കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമമുണ്ടെന്ന് മാത്രമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാളവിയയുടെ ട്വീറ്റ്.

വീഡിയോ ഞായറാഴ്ച രാവിലെ ഈ സമയം വരെയും മാളവിയയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല..

content highlights: BJP IT head tweets her video; illegal if she’s rape victim, says Rekha Sharma