കൊച്ചി: കൊച്ചിയില്‍ ഫ്‌ളാറ്റില്‍നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ പോലീസിനെതിരേ പ്രതികരണവുമായി സി.പി.ഐ .നേതാവ് ബിനോയ് വിശ്വം എം.പി.. എഫ്‌.ഐ.ആറില്‍ ഫ്‌ളാറ്റുടമയുടെ പേര് രേഖപ്പെടുത്താതെ പോലീസ് കുറ്റക്കാരെ സംരക്ഷിക്കുകയാണ്. ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുമ്പില്‍ പോലീസ് ഒട്ടകപ്പക്ഷിയാകരുത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ നയം നടപ്പാക്കലാണ് പോലീസിന്റെ ചുമതല. അജ്ഞാതന്‍ എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പോലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫെയ്‌സ്ബുക്ക്‌ പേജിലാണ് അദ്ദേഹം പോലീസിനെതിരേ പോസ്റ്റിട്ടത്. 

"അത്ഭുതകരമായ കൃത്യവിലോപമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതല്ല കേരളം ഭരിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ നയം. ഇവിടെ ജീവിക്കാന്‍ വേണ്ടി പണിയെടുക്കാന്‍ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കരുതലോടുകൂടി കാണാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ ഭാഗമായ വകുപ്പിന്റെ നയമല്ല പോലീസ് നടപ്പാക്കുന്നതെന്നും ബിനോയ് വിശ്വം തുടര്‍ന്ന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

"സര്‍ക്കാര്‍ നയങ്ങളെ കുറിച്ച് ബോധമില്ലാതെ പണക്കാരെയും പ്രമാണിമാരെയും സംരക്ഷിക്കുന്ന നയത്തിന്റെ പഴയ ഹാങ്ങോവറില്‍ ജീവിക്കുന്ന ഒരുപാട് പോലീസുകാരുണ്ട് . അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം എന്തെന്ന് മനസ്സിലാക്കണം". 

സത്യം പുറത്ത് വരണമെങ്കില്‍ അന്വേഷണം വേണം, ആ അന്വേഷണത്തില്‍ നിക്ഷ്പക്ഷത വേണമെന്നും പോലീസിനെ തിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഇംതിയാസിനെതിരേ മനുഷ്യക്കടത്തിനും പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ ഒളിവിലാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

എറണാകുളം ഫ്‌ലാറ്റ് ദുരന്തത്തിന്റെ എഫ്‌ഐആര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കണ്ടു. ഫ്‌ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോള്‍ അത്ഭുതം തോന്നി. നാട്ടില്‍ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പോലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാന്‍ ഇവിടെയെന്നുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയം. അത് പോലീസിലെ കുറേ പേര്‍ക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിന്റെ കഥയും ആ FIR പറയുന്നു. ആ പണം ഭര്‍ത്താവ് അയച്ചുകൊടുത്തെങ്കിലും  'unknown' ആയ ഫ്‌ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടില്‍ പോകാന്‍ സമ്മതിച്ചില്ല. ഇതും എഫ്‌ഐആര്‍ വായിച്ച് മനസിലാക്കിയതാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുമ്പില്‍ പോലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണ ഘടനാപ്രമാണങ്ങള്‍ പ്രകാരമുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നയം നടപ്പിലാക്കലാണ് പോലീസിന്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പോലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിതബോധം നല്‍കുംവിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എറണാകുളം ഫ്ലാറ്റ് ദുരന്തത്തിൻ്റെ FIR സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ടു. ഫ്ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോൾ അത്ഭുതം...

Posted by Binoy Viswam on Monday, 14 December 2020

content highlights: Binoy Viswam on Kochi lady's death in flat and biased investigation of Police