സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ പോലും മടിക്കുന്ന ജനവിഭാഗത്തിനിടയിലേക്ക് കോണ്ടത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിക്കുന്ന വലിയ ദൗത്യമാണ് മിച്ചായ് വിര്‍വൈദ്യ എന്ന തായ്‌ലന്‍ഡുകാരന്‍ ഏറ്റെടുത്തത്. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയതിനും എയിഡ്‌സ് ബാധിതരുടെ എണ്ണം കുറഞ്ഞ ലോകത്തിലെ ആദ്യരാജ്യമായി തായ്‌ലാന്‍ഡിനെ മാറ്റിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് മെച്ചായ് ആയിരുന്നു.

മെചായെ കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതോടെയാണ് മെചായ് എന്ന പേര് വീണ്ടും ചര്‍ച്ചയാവുന്നത്. മിസ്റ്റര്‍ കോണ്ടം അഥവാ കോണ്ടം കിങ് എന്നാണ് മെച്ചായിയെ തായ്‌ലാന്‍ഡുകാര്‍ വിശേഷിപ്പിക്കുന്നത്.കോണ്ടം ധരിക്കേണ്ട ആവശ്യകതയെകുറിച്ച് തായ്‌ലാന്‍ഡിലെ സാധാരണക്കാര്‍ക്കിടയില്‍ ഇദ്ദേഹം നടത്തിയ ബോധവത്കരണ ശ്രമങ്ങൾ ഏറെ പ്രശംസനീയമായിരുന്നു. മെച്ചായിയുടെ പ്രവർത്തനങ്ങളെ തുടര്‍ന്ന് ഐച്ച് ഐവി ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്തിയ ആദ്യ രാജ്യമായി തീരുകയായിരുന്നു തായ്‌ലാന്‍ഡ്.

കോണ്ടം ആവശ്യമുള്ളപ്പോള്‍ തായ്‌ലാന്‍ഡിലെ മനുഷ്യര്‍ ഒരു മെചായ് തരൂ എന്നാണ് പറയുന്നത്. കോണ്ടത്തിന് പകരം മെച്ചായ് എന്ന പേര് നല്‍കി മെച്ചായിയോടുള്ള ആദരവ് കാണിക്കുകയാണവര്‍.

മെച്ചായിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സാര്‍ഥകമാക്കിയ വലിയ ദൗത്യത്തെകുറിച്ചും ബില്‍ഗേറ്റ്‌സ് ഇട്ട കുറിപ്പിനോട് ഇതിനോടകം 62000ത്തിലധികം പേരാണ് പ്രതികരിച്ചത്. മെചായില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ബില്‍ ഗേറ്റ്‌സ് എഴുതിയ കുറിപ്പില്‍ പറയുന്നു.