മദ്യപിച്ചിട്ടായാലും അല്ലെങ്കിലും അനാവശ്യമോ അക്രമമോ കാണിക്കുന്ന പത്തോ നൂറോ പേര്‍ ഉടന്‍ ജയിലിലായാല്‍ തീരാവുന്ന ''കിക്കേ'' ഇപ്പോള്‍ മലയാളിക്കുള്ളൂവെന്ന് മുരളി തുമ്മാരുകുടി.

ബാറുകള്‍ അടക്കുന്നു, തുറക്കുന്നു, വിസ്‌ക്കിയും ബ്രാണ്ടിയും മാറ്റി വൈനും ബിയറും ആക്കുന്നു, ദേശീയപാതകളുടെ പേര് മാറ്റി നട്ടുവഴികള്‍ ആക്കുന്നു. ഇതിനൊക്കെ പുറമേ മന്ത്രിമാരുടെ, കോടതിയുടെ, മാധ്യമങ്ങളുടെ, പൊതുസമൂഹത്തിന്റെ ഒക്കെ വിലപ്പെട്ട സമയവും ഇത് അപഹരിക്കുന്നു. ഇതെല്ലാം കഴിഞ്ഞു നോക്കുമ്പോളും ''ശങ്കര്‍ജി ഈസ് സ്റ്റില്‍ ഓണ്‍ ദി കോക്കനട്ട് ട്രീ'' തന്നെ.

കേരളവും മലയാളികളും മദ്യത്തിന്റെ പരിധികളും പക്ഷേ ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നതാണ് സ്ഥിതിയെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു.  

സത്യത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. താന്‍ താമസിക്കുന്ന ജനീവയില്‍ ഓഫിസില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് വെള്ളം കിട്ടുന്ന ഏതു കടയില്‍ കയറിയാലും മദ്യവും കിട്ടും, പലപ്പോഴും വെള്ളത്തേക്കാള്‍ ചിലവ് കുറവും ആണ്. കേരളത്തിലാണെങ്കില്‍ വെയിലത്തും മഴയത്തും ക്യു നില്‍ക്കണം, വരുന്നവരുടെയും പോകുന്നവരുടേയും പുച്ഛം ഏറ്റു വാങ്ങണം, സാധനം കയ്യില്‍ ഉണ്ടെങ്കില്‍ ബന്ധുക്കള്‍ തൊട്ട് പോലീസുകാര്‍ വരെ എല്ലാവരെയും പേടിക്കണം. 

മദ്യപിച്ചിട്ടായാലും അല്ലെങ്കിലും അനാവശ്യമോ അക്രമമോ കാണിക്കുന്ന പത്തോ നൂറോ പേര്‍ ഉടന്‍ ജയിലിലായാല്‍ തീരാവുന്ന ''കിക്കേ'' ഇപ്പോള്‍ മലയാളിക്കുള്ളു. 

മദ്യത്തോടുള്ള നിഷേധാത്മക സമീപനവും അതിനെ നിരോധിച്ച് ശരിയാക്കാം എന്ന ചിന്തയും സമൂഹത്തില്‍ നിന്ന് ആദ്യം മാറണം. മദ്യപാനത്തിലെ ഉത്തരവാദിത്തവും മദ്യപാനത്തിന് ശേഷമുള്ള ഉത്തരവാദിത്തവും വ്യക്തികളിലും ഉണ്ടാകണം. 

അടുത്ത ഓണക്കാലത്തെങ്കിലും വെയിലത്തും മഴയത്തും ക്യു നില്‍ക്കാതെ സൂപ്പര്‍ മാര്‍ക്കറ്റിലും മാര്‍ജിന്‍ ഫ്രീയിലും മലയാളികള്‍ക്ക് നല്ല മദ്യം കിട്ടട്ടെ എന്ന ആശംസകളോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

Bar

ഫെ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

മദ്യത്തിന്റെ പരിധികള്‍.  

മദ്യഷാപ്പും ആരാധനാലയങ്ങളും തമ്മിലുള്ള ദൂര പരിധി മാറ്റി എന്നതാണ് ഇന്നത്തെ വാര്‍ത്ത.

മദ്യവില്പനയെച്ചൊല്ലി നാട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ എനിക്ക് ചിരിയും ചിലപ്പോള്‍ സങ്കടവും വരും. ബാറുകള്‍ അടക്കുന്നു, തുറക്കുന്നു, വിസ്‌ക്കിയും ബ്രാണ്ടിയും മാറ്റി വൈനും ബിയറും ആക്കുന്നു, ദേശീയപാതകളുടെ പേര് മാറ്റി നട്ടുവഴികള്‍ ആക്കുന്നു. ഇതിനൊക്കെ പുറമേ മന്ത്രിമാരുടെ, കോടതിയുടെ, മാധ്യമങ്ങളുടെ, പൊതുസമൂഹത്തിന്റെ ഒക്കെ വിലപ്പെട്ട സമയവും ഇത് അപഹരിക്കുന്നു. ഇതെല്ലാം കഴിഞ്ഞു നോക്കുമ്പോളും ''ശങ്കര്‍ജി ഈസ് സ്റ്റില്‍ ഓണ്‍ ദി കോക്കനട്ട് ട്രീ'' തന്നെ.

സത്യത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. ഇവിടെ എനിക്ക് ഓഫിസില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് വെള്ളം കിട്ടുന്ന ഏതു കടയില്‍ കയറിയാലും മദ്യവും കിട്ടും, പലപ്പോഴും വെള്ളത്തേക്കാള്‍ ചിലവ് കുറവും ആണ്. നാട്ടിലാണെങ്കില്‍ വെയിലത്തും മഴയത്തും ക്യു നില്‍ക്കണം, വരുന്നവരുടെയും പോകുന്നവരുടേയും പുച്ഛം ഏറ്റു വാങ്ങണം, സാധനം കയ്യില്‍ ഉണ്ടെങ്കില്‍ ബന്ധുക്കള്‍ തൊട്ട് പോലീസുകാര്‍ വരെ എല്ലാവരെയും പേടിക്കണം. മെട്രോയിലേക്ക് അതുമായി കേറാന്‍ പോലും പറ്റില്ല എന്ന് പറയുന്നു. ഒരു വിധം 'സോഷ്യല്‍ ഔട്ട് കാസ്റ്റ്' ആണ് മദ്യപാനികള്‍. ചുമ്മാതല്ല ഓണമായിട്ടും ഞാന്‍ ഇവിടെത്തന്നെ ഇരിക്കുന്നത്.

പത്താം ക്ലാസ്സിലെത്തുന്നതിന് മുന്‍പേ കള്ളുകുടി തുടങ്ങുകയും നിര്‍ത്തുകയും ചെയ്ത ഒരാളാണ് ഞാന്‍. എന്നാണ് ആദ്യമായി കള്ള് കുടിച്ചതെന്ന് ഓര്‍മ്മയില്ല. (ഓര്‍മ്മ വെക്കുന്നതിന് മുന്‍പേ ആയിരിക്കണം). വീട്ടിലെ പന ചെത്തുന്നുണ്ടായിരുന്നതിനാല്‍ വൈകിട്ടത്തെ കള്ള് ഒരു ബക്കറ്റില്‍ അടുക്കളയില്‍ കാണും. ചേട്ടന്മാരും ചേച്ചിമാരുമൊക്കെ അത് മുക്കി കുടിക്കും. ഒരു ഗ്ലാസ് ഞാനും. വെള്ളമോ മോരോ കുടിക്കുന്നതില്‍ കവിഞ്ഞൊരു ഭാവമാറ്റവും അമ്മയോ മറ്റുള്ളവരോ കാണിച്ചില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന വിചാരമില്ലായിരുന്നു അന്നും, ഇന്നും.
മദ്യം എളുപ്പത്തിലും സുലഭമായും ചെലവില്ലാതെയും കിട്ടുന്ന സാഹചര്യത്തിലായിരുന്നു പിന്നീടുള്ള ജീവിതവും. മദ്യനിരോധനം ഉണ്ടായിരുന്ന ബ്രൂണെയിലും ഒമാനിലും ഓയില്‍ കമ്പനിക്കാര്‍ക്ക് പ്രത്യേക ക്വോട്ട ഉണ്ടായിരുന്നു. വിമാനങ്ങളിലും മുന്തിയ ഇനം മദ്യം വെറുതെ കിട്ടിയിരുന്നു. എന്നിട്ടും എനിക്കത് കുടിക്കണമെന്ന യാതൊരു ആഗ്രഹവും ഉണ്ടായില്ല.

ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടും മദ്യം അതിനൊരു പ്രതിവിധി ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തില്‍ ദുരന്തങ്ങള്‍ ഏറെ കണ്ടുനില്‍ക്കേണ്ടി വരുമെങ്കിലും അപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നത് പോലെ ''ഒരു ധൈര്യം കിട്ടാന്‍'' മദ്യം ഉപയോഗിക്കാറില്ല. ലോകത്തെവിടെ ചെന്നാലും സുഹൃത്തുക്കളുടെ നടുക്കായിരിക്കും മിക്ക സമയവും. അപ്പോഴും കമ്പനിക്ക് കൊഴുപ്പേകാന്‍ മദ്യം വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നുവെച്ച് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പുറപ്പെടുന്ന വിമാനത്തില്‍ ഒരു ഗ്ലാസ്സ് ഷാമ്പെയിനും ഓറഞ്ചു ജ്യൂസും മിക്‌സ് ചെയ്ത് കുടിക്കാനോ ഒത്തു കിട്ടിയാല്‍ ഒരു ലെമണ്‍ചെല്ലോ കഴിക്കാനോ ഒരു നാണക്കേടും ഇല്ല. ഇതിനൊക്ക കാരണം കള്ള് വല്യ സംഭവം ഒന്നുമല്ല എന്ന മട്ടില്‍ വീട്ടില്‍ കിട്ടിയ പരിശീലനം ആണ്. ഇതെന്റെ മാത്രം കാര്യമല്ല, എന്റെ വീട്ടില്‍ വളര്‍ന്ന എല്ലാവരുടെയും കാര്യമാണ്.

എന്നാല്‍ കേരളത്തില്‍ മദ്യത്തെപ്പറ്റിയുള്ള സാമൂഹ്യ വീക്ഷണം ഏറെ മാറിപ്പോയിരിക്കുന്നു. മദ്യം ഉപയോഗിക്കുന്നത് എന്തോ വലിയ അപരാധമാണെന്നാണ് പൊതുവെ സമൂഹം കരുതുന്നത്. സ്വന്തം വീട്ടിലിരുന്നു മദ്യപിക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍ തന്നെ നന്നേ കുറവാണ്. പരസ്യമായി മദ്യപിക്കാന്‍ മധ്യവര്‍ഗ്ഗത്തില്‍ ഉള്ളവര്‍ക്ക് ധൈര്യമില്ല. മദ്യപിക്കുന്ന സ്ത്രീകള്‍ ''ചീത്ത'' യാണെന്ന് സ്ത്രീകള്‍ക്ക് പോലും അഭിപ്രായമുണ്ട്. മദ്യപിക്കുന്ന ആളുകള്‍ പോലും മദ്യപാനത്തെ പിന്തുണച്ച് സംസാരിക്കാന്‍ മടിക്കുന്നു. മദ്യപാനത്തെപ്പറ്റി സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായതിനാല്‍ മദ്യത്തിന് ചില നല്ല ഗുണങ്ങള്‍ കൂടിയുണ്ടെന്ന് ശാസ്ത്രീയമായി പറയാന്‍ പോലും ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരും മടിക്കുന്നു.

അതേസമയം സര്‍ക്കാരിന് മദ്യവില്‍പ്പന വലിയൊരു വരുമാന മാര്‍ഗ്ഗമായതിനാല്‍ അത് വിറ്റ് കാശ് കിട്ടുകയും വേണം, സമൂഹത്തിന്റെ മുന്നില്‍ അതിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് വെറുതെ നടിക്കുകയും വേണം. ഈ ഹിപ്പോക്രസിയില്‍ പെട്ട് സര്‍ക്കാര്‍ വലയുന്നു. ഇപ്പോള്‍ കാണുന്ന സര്‍ക്കസെല്ലാം അതിന്റെ ഫലമാണ്.

മദ്യത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനുള്ളിടത്തോളം കാലം ഇതിവിടെ നിലനില്‍ക്കുകയും ചെയ്യും. എത്രയോ കാലമായി എത്രയോ ദേശങ്ങളില്‍ ഏതെല്ലാം രീതികളില്‍ മദ്യനിരോധനം ശ്രമിച്ചിരിക്കുന്നു! അതിന്റെ ഫലമായി മദ്യത്തിന്റെ നിര്‍മ്മാണം അധോലോകത്തെത്തിച്ച് അതില്‍നിന്നും ചിലര്‍ കൊള്ളലാഭം ഉണ്ടാക്കി. ആ ലാഭം നിലനിര്‍ത്താന്‍ അക്രമം നടത്തുകയും ഗുണ്ടാസംഘങ്ങളെ നിലനിര്‍ത്തുകയും രാഷ്ട്രീയക്കാരെയും ഭരണ സംവിധാങ്ങളെയും വിലക്ക് വാങ്ങുകയും ചെയ്യാന്‍ കാരണമായി എന്നല്ലാതെ ആവശ്യക്കാരന് അന്നും ഇന്നും എവിടെയും മദ്യം ലഭ്യമാണ്.

കേരളത്തില്‍ വേണ്ടത് മദ്യനിരോധനമോ മദ്യനിയന്ത്രണമോ ഒന്നുമല്ല, മറിച്ച് മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. ഏത് മദ്യം എത്ര അളവില്‍ കഴിക്കണം, നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനം മദ്യത്തിനായി ചെലവാക്കണം, ആഴ്ചയില്‍ എത്ര തവണ മദ്യപിക്കണം, എവിടെ ആരുടെ കൂടെ മദ്യപിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങള്‍ക്ക് ആളുകള്‍ സ്വയം ഉത്തരവാദികളാണ്. ആ തീരുമാനങ്ങളാണ് ഏറ്റവും ഉത്തരവാദിത്തത്തോടെ എടുക്കേണ്ടത്. വീട്ടുകാരും കൂട്ടുകാരും ഒക്കെ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. ഡോക്ടര്‍മാര്‍ തൊട്ട് പുരോഹിതര്‍ വരെ ഇക്കാര്യത്തില്‍ ആളുകളെ ഉപദേശിക്കണം, ശരിയായ വിവരങ്ങള്‍ കൊടുക്കണം, സഹായിക്കണം. ശരിയായ തീരുമാനം എടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണം.

രണ്ടാമത്തേത് മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. മദ്യപിച്ചാലും ഇല്ലെങ്കിലും പ്രായപൂര്‍ത്തിയായ ഏതൊരാളുടെയും പെരുമാറ്റത്തിന് അവര്‍ തന്നെയാണ് ഉത്തരവാദി. മദ്യപിച്ച് ബാറില്‍ അടിയുണ്ടാക്കിയാലും റോഡില്‍ അപകടമുണ്ടാക്കിയാലും അതിനൊരു പ്രത്യാഘാതം എപ്പോഴും ഉണ്ടാകണം. മദ്യപിച്ച് വണ്ടി ഓടിക്കുന്ന ആളുടെ ലൈസന്‍സ് അപ്പോള്‍ തന്നെ റദ്ദ് ചെയ്യണം, പിന്നെ കൗണ്‍സിലിങ്ങും ട്രെയിനിങ്ങും കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു കൊടുത്താല്‍ മതി. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സും കൊടുക്കാതെ കൊലപാതക ശ്രമത്തിനോ കൊലപാതകത്തിനോ കേസെടുക്കണം.

മദ്യപിച്ച് വിമാനമോടിക്കാനെത്തുന്ന പൈലറ്റും ഓപ്പറേഷന്‍ ചെയ്യാനെത്തുന്ന ഡോക്ടറും പിന്നെ ആ ജോലിക്ക് അര്‍ഹരല്ല എന്ന ശക്തമായ നിയമങ്ങളും അതിന്റെ നടപ്പാക്കലും നിലവില്‍ വരണം. ഒരാള്‍ മദ്യപിച്ച് നാട്ടിലോ വീട്ടിലോ ആളുകളോട് അക്രമം ചെയ്യുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ ഉടനടി ശിക്ഷാനടപടികള്‍ ഉണ്ടാകണം. മദ്യപിച്ചിട്ടായാലും അല്ലെങ്കിലും അനാവശ്യമോ അക്രമമോ കാണിക്കുന്ന പത്തോ നൂറോ പേര്‍ ഉടന്‍ ജയിലിലായാല്‍ തീരാവുന്ന ''കിക്കേ'' ഇപ്പോള്‍ മലയാളിക്കുള്ളു.

ആരോഗ്യകരമായ മദ്യപാനവും മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെ ഉള്ള  പെരുമാറ്റവും ഒരു സംസ്‌കൃത സമൂഹത്തിന് തീര്‍ച്ചയായും സാധ്യമാണ്. അത് കേരളത്തിലും ഉണ്ടാകാവുന്നതേയുള്ളു. അതിന് എല്ലായിടത്തും മാറ്റങ്ങള്‍ വരണം. മദ്യത്തോടുള്ള നിഷേധാത്മക സമീപനവും അതിനെ നിരോധിച്ച് ശരിയാക്കാം എന്ന ചിന്തയും സമൂഹത്തില്‍ നിന്ന് ആദ്യം മാറണം. മദ്യപാനത്തിലെ ഉത്തരവാദിത്തവും മദ്യപാനത്തിന് ശേഷമുള്ള ഉത്തരവാദിത്തവും വ്യക്തികളിലും ഉണ്ടാകണം. മദ്യപിച്ചോ അല്ലാതെയോ തെറ്റ് ചെയ്താല്‍ അതിന് തക്കതായ ശിക്ഷ സമയത്ത് തന്നെ ലഭിക്കുന്ന ''റൂള്‍ ഓഫ് ലോ'' എല്ലായിടത്തും നടപ്പിലാക്കുകയും വേണം.

അടുത്ത ഓണക്കാലത്തെങ്കിലും വെയിലത്തും മഴയത്തും ക്യു നില്‍ക്കാതെ സൂപ്പര്‍ മാര്‍ക്കറ്റിലും മാര്‍ജിന്‍ ഫ്രീയിലും മലയാളികള്‍ക്ക് നല്ല മദ്യം കിട്ടട്ടെ എന്ന ആശംസകളോടെ,
മുരളി തുമ്മാരുകുടി.