ആലപ്പുഴ : സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി യുവതികള്‍ മലകയറിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നുവെന്ന് എഎം ആരിഫ് എംപി. കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ് ആര്‍എസ്എസും കോണ്‍ഗ്രസ്സും നടത്തിയതെന്നും എംപി കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലില്‍ തന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് എംപി പോസ്റ്റിട്ടത്.
"അവിടെ തടസ്സങ്ങള്‍ ഇല്ലാത്തതു കൊണ്ട് അവര്‍ അവിടെ കയറി പോയി. ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവര്‍ പോലും ആ ദിവസം തടസ്സപെടുത്താന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അയ്യപ്പപ്രതിഷ്ഠക്ക് മുമ്പില്‍ ആചാരം ലംഘിച്ചു നിന്ന, തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതിലെ നിഗൂഢതയിൽ സംശയം തോന്നിയിരുന്നു" എന്നും ആരിഫ് കുറിച്ചു.
തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആയുധമാക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. അതിനാല്‍ വീണ്ടും ഈ വിഷയം ലൈവാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടുവാന്‍ കഴിയുമോ എന്ന ആലോചനയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ആരിഫ് എംപി കുറ്റപ്പെടുത്തി.
"ശബരിമലയുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരണ അനുമതി തേടിയിരുന്നു. അനുമതി നല്കി, അതില്മേല് ഉള്ള ചര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് സ്പീക്കറുടെ അറിയിപ്പ് വന്നിട്ടില്ല.
അത് 12 -ാം തീയ്യതിയാണ് വരുന്നത്. അത് ചര്‍ച്ചക്ക് വന്നാല്‍ത്തന്നെ ഗവണ്മെന്റാണ് ആണ് ആദ്യം നയം വ്യക്തമാക്കേണ്ടത്. അതിനു ശേഷം ഓരോ അംഗങ്ങള്‍ക്കും സംസാരിക്കാം, സംസാരിക്കാതിരിക്കാം. അപ്പോള്‍ അനുകൂലിച്ചൊ, പ്രതികൂലിച്ചൊ, സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചാല്‍ അവസരം കിട്ടും. എതിര്‍ക്കാതിരുന്നാല്‍ അതിനെ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാം . ആ വാര്‍ത്ത പക്ഷേ പറയണ്ടത് 12-ാം തീയ്യതിക്ക് ശേഷമാണ്. ഇപ്പോഴെ അതേക്കുറിച്ച്, അനുകൂലിച്ചു എന്ന പ്രചരണം, വസ്തുതാപരമായി ശരിയല്ല", എന്ന് ചില വാര്‍ത്തകളെ ചൂണ്ടി കാണിച്ച് ആരിഫ് നിലപാട് വ്യക്തമാക്കി.
content highlights: AM Arif MP on Sabarimala women entry , kanaka Durga and Bindu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..