തിരുവനന്തപുരം: കള്ളപ്പണ കേന്ദ്രത്തിലെ റെയ്ഡിനിടയില്‍ പിടി തോമസ് എംഎല്‍എ കള്ളപ്പണക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന സംഭവം അപമാനകരമാണെന്ന് ഡിവൈഎഫ് ഐ നേതാവ് എഎ റഹീം. സംഘങ്ങളുടെ തലവന്‍ പിടി തോമസ് എംഎല്‍എ ആണെന്നാണ് പുറത്തുവരുന്ന വിവരമെന്നും, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എ എ റഹിം  ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്? റഹിം ചോദിച്ചു. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ചയും ബിനാമി ഇടപാടുകളും  അന്വഷിക്കണമെന്നും റഹീം തന്റെ എഫ്ബി പേജിലൂടെ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു. റെയ്ഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എംഎല്‍എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത.
താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും
ശ്രീ പി ടി തോമസ് എംഎല്‍എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും
എം എല്‍ എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.
കള്ളപ്പണ സംഘവുമായി എംഎല്‍എ യ്ക്കുള്ള ബന്ധം എന്താണ്?
ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു?
പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?
സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വേഷിക്കണം.
കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ  നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.

ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്
ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണം.

content highlights: AA Rahim allegation against PT Thomas MLA