ന്യൂഡല്‍ഹി : കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക വിപണി പിടിക്കാനായുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹായമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ എന്ന കർഷകരുടെ ആരോപണത്തിന് തെളിവുകളുമായി സിപിഎമ്മിന്റെ ട്വീറ്റ്.

അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാര്‍ഷിക കമ്പനികളുടെ പേര് പുറത്ത് വിട്ടുകൊണ്ടാണ് സിപിഎമ്മിന്റെ ട്വീറ്റ്. അദാനി ഗ്രൂപ്പ് പുതുതായി ആരംഭിച്ച കാർഷിക ചരക്ക് കമ്പനികളുടെ എണ്ണം നോക്കിയാൽ കാര്‍ഷിക നിയമം ആര്‍ക്കുവേണ്ടിയാണെന്ന് വെളിവാകുമെന്നാണ് സിപിഎം ആരോപണം.

"കര്‍ഷകര്‍ക്കെതിരായുള്ള ബില്ലില്‍ നിന്ന് ആര്‍ക്കാണ് ഗുണം. അതിനുള്ള ഉത്തരം ഇവിടുണ്ട്. അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ഒട്ടേറെ കാര്‍ഷിക ചരക്ക് കടത്തു കമ്പനികളാണുള്ളത്. അദാനിയുടെ 22 കാര്‍ഷിക ചരക്കു കടത്തു കമ്പനികളില്‍ 20ഉം മോദിയുടെ കാലത്താണ് രൂപപ്പെട്ടത്. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള സര്‍ക്കാരാണ്", കമ്പനികളുടെ ലിസ്റ്റുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് സിപിഎം കുറിച്ചു.

എന്നാൽ തങ്ങള്‍ കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ വില നിശ്ചയിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി അവകാശപ്പെടുന്നത്.

content highlights: 20 out of 22 Adani agro logistics firms were set up during Modi Rule, says CPM