കൊല്ലം : പോലീസുകാരെയും മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെയും വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.

കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് പോലീസ് കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീടാക്രമിക്കുമെന്ന് ഭീഷണിമുഴക്കി സംസാരിച്ചത്.

യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താൻ ശ്രമിച്ചതിനുമായിരുന്നു കേസ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രവർത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്തിയാല്‍ പോലീസുകാരുടെ കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്നതെവിടെയാണെന്നും കുട്ടികളെവിടെയാണ് പഠിക്കുന്നതെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്. 

അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല.

content highlights: Yuvamorcha state secretary Shyam Raj threatens Minister Mercykkuttyamma and police