കോഴിക്കോട് : ഒറ്റ ദിവസം കൊണ്ട് മാതൃഭൂമിയുടെ യൂത്ത് മാനിഫെസ്റ്റോയ്ക്കായുള്ള സര്‍വേയിലൂടെ ലഭിച്ചത് ആയിരക്കണക്കിന് പ്രതികരണങ്ങള്‍.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം ഡോട്ട്‌കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. 

15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.  
വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്. 

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍

കൃഷിയോടുള്ള താത്പര്യം വരും തലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ തലത്തില്‍ കുട്ടി കര്‍ഷക പുരസ്‌കാരം, ഗ്രേസ് മാര്‍ക്ക്, കൃഷി മേളകള്‍ എന്നിവ സംഘടിപ്പിക്കമമെന്ന് സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം ആളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

നീന്തല്‍ വിവിധ ആയോധന മുറകള്‍, പ്രഥമ ശുശൂഷ്രാ പാഠങ്ങള്‍ എന്നിവ കരിക്കുലത്തിന്റെ ഭാഗമാകുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത നൂറ് ശതമാനം ആളുകളും ആവശ്യപ്പെട്ടിരിക്കുന്നത്. 

തൊഴില്‍ മേഖലയ്ക്കായി നിര്‍ദേശം

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടും നല്ല പ്രതികരണങ്ങളാണ് ഇതുവരെ വന്നിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഒഴിവുകളെ കുറിച്ചറിയാനും പൊതു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വേണമെന്നാണ് 52 ശതമാനം ആളുകളും ആവശ്യപ്പെട്ടരിക്കുന്നത്. പിഎസ് സിയില്‍ സമഗ്രമായ മാറ്റം വേണമെന്ന് 43.5 ശതമാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളിലെ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വേണമെന്ന് 43 ശതമാനം ആളുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 78 ശതമാനം ആളുകള്‍ കേരളത്തിലെ യുവതയ്ക്കാവശ്യമായ തൊഴല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്ന അഭിപ്രായവും പങ്കുവെച്ചിട്ടുണ്ട്. 

സാമൂഹിക സുരക്ഷ

ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ലൈംഗികാതിക്രമത്തിന് വിധേയരാകുന്നവരുടെ ഔദ്യോഗിക കണക്കെടുപ്പ് അത്യാവശ്യമായി നടത്തേണ്ടതാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത് 90.9 ശതമാനം ആളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍വിവാഹത്തിന് കേരളത്തില്‍ സാമൂഹിക സ്വീകാര്യതയില്ലെന്ന് 82 ശതമാനത്തോളം യുവത കരുതുന്നുണ്ടെന്നും സർവേയിലെ ഇതുവരെയുള്ള കണക്കുകൾ പറയുന്നു

ഇതുവരെ പങ്കെടുക്കാത്തവര്‍ക്ക് സര്‍വ്വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് എല്ലാ മേഖലകളിലും അഭിപ്രായം രേഖപ്പെടുത്താം.

content highlights: Youth Manifesto Initial day survey result