നിര്‍ബന്ധിത ജോലിയും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്കായി സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. 'മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാം' എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യക്കടത്തിനെതിരായ ലോക ദിനത്തിന്റെ മുഖ്യവിഷയം. കുട്ടികളെ അവരുടെ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് മാറ്റി ചൂഷണം ചെയ്യുമ്പോഴാണ് കുട്ടിക്കടത്തുണ്ടാവുന്നത്. കടത്തപ്പെടുന്ന കുട്ടികളെ പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ക്ക് നിര്‍ബന്ധിക്കുകയോ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നു.

കോവിഡ് -19 കാലത്ത് ഇന്ത്യയിലെ സാമ്പത്തിക അടിത്തറയില്‍ വളരെ ആഴത്തില്‍ വേരുറച്ചിരിക്കുന്ന കുട്ടിക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് കുട്ടികളെ കടത്തുന്നതിന്റെ ഏറ്റവും പ്രധാന സവിശേഷത, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലുംയാത്രകള്‍ പരിമിതപ്പെടുത്തിയതിനാല്‍ ഈ കുറ്റകൃത്യത്തിന്റെ ഇരകളായ കുട്ടികളെ മോചിപ്പിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാവുന്നില്ല എന്നതാണ്. എന്നിരുന്നാലും, ഈ കുട്ടികളുടെ സ്വാതന്ത്ര്യം സുരക്ഷിതമാക്കുന്നതിന് സംസ്ഥാന പോലീസ് സേനയെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും പിന്തുണച്ച് എന്‍ജിഒ ബച്ച് പാന്‍ ബച്ചാവോ ആന്‍ഡോളന്‍ (ബിബിഎ) 350 ലധികം ബാലവേലക്കാരെ രക്ഷപ്പെടുത്തി.

'ആധുനിക രീതിയിലുള്ള അടിമത്തത്തില്‍' നിന്നും അതുമായി ബന്ധപ്പെട്ട് ദുരുപയോഗങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്‍ജിഒകള്‍ക്കുമുള്ള ഭയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ക്രമേണ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കടത്ത് വര്‍ദ്ധിക്കുമെന്നതാണ്.

ഡിമാന്‍ഡ്, സപ്ലൈ എന്നിവയുടെ തത്വത്തെ അടിസ്ഥാനമാക്കിയുള്ള കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായമാണ് മനുഷ്യക്കടത്ത്. കുട്ടികളെ 'ഉറവിട' സംസ്ഥാനങ്ങളില്‍ നിന്ന് 'ലക്ഷ്യസ്ഥാന നഗരങ്ങളിലേക്ക്' മനുഷ്യക്കടത്തുകാര്‍ മാറ്റുകയും കുട്ടികളെ കുറഞ്ഞ വേതനം തേടുന്ന തൊഴിലുടമകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലെ ഈ നിയമവിരുദ്ധ കച്ചവടത്തിന്റെ ഭയപ്പെടുത്തുന്ന ഘടകം, വിതരണം എല്ലായ്‌പ്പോഴും ആവശ്യകത നിറവേറ്റുന്ന ഒരേയൊരു 'സാമ്പത്തിക' പ്രവര്‍ത്തനമാണ് എന്നതാണ്.

കുട്ടിക്കടത്തിന്റെ 'ഡിമാന്‍ഡ്', 'സപ്ലൈ' വശങ്ങളുടെ ചലനാത്മകത മനസ്സിലാക്കേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. സംഘടിത കടത്തുസംഘങ്ങള്‍ അത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത് സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളെയും ആളുകളെയും ലക്ഷ്യംവെച്ചാണ്. മോശം സാമ്പത്തിക വളര്‍ച്ചയുള്ള മേഖലകള്‍, ഉയര്‍ന്ന ലിംഗപരമായ അസമത്വം, രാഷ്ട്രീയ അസ്ഥിരത, തൊഴിലവസരങ്ങളുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ വിതരണത്തെ പുഷ്ടിപ്പെടുത്തുന്നു. മനുഷ്യക്കടത്തിന്റെ ആവശ്യം എന്താണ്? കാരണം എണ്ണമറ്റതാണ് - തുച്ഛ വേതനം, ഭിക്ഷാടനം, വേശ്യാവൃത്തി, ലൈംഗിക ടൂറിസം, അശ്ലീലസാഹിത്യം, നിര്‍ബന്ധിത വേശ്യാവൃത്തി, അനധിക്യത അവയവ വ്യാപാരം മുതല്‍ അനധിക്യത ദത്തെടുക്കല്‍ വരെ ഇതില്‍ പെടും.

ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്കു പോകുവാന്‍ ഇര സമ്മതിച്ചേക്കാം. പക്ഷെ അവര്‍ ഒരിക്കലും ചൂഷണത്തിന് സമ്മതം നല്‍കുന്നില്ല. കുട്ടികളുടെ കടത്ത് ചില അവസരങ്ങളില്‍ മനുഷ്യക്കടത്തുകാരുടെ വശീകരണത്തിലൂടെയോ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളിലൂടെയോ ഇര സ്വമേധയാ അനുവദിക്കുന്നതാവാം. മറ്റ് അവസരങ്ങളില്‍, കുട്ടികളെ കടത്താന്‍ ബലപ്രയോഗമോ വഞ്ചനയോ മനുഷ്യകടത്തുകാര്‍ നടത്താറുണ്ട്. പിഞ്ചു കുഞ്ഞ് മുതല്‍ മുതിര്‍ന്നയാള്‍ വരെ മനുഷ്യക്കടത്തിന് ഇരയാകാം. അനധിക്യത ദത്തെടുക്കലിന്റെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി കുഞ്ഞുങ്ങളെ കടത്തുന്നു.

ദത്തെടുക്കുന്നതിനായി കുട്ടിയെ മാതാപിതാക്കളില്‍ നിന്ന് നിയമവിരുദ്ധമായി വാങ്ങുകയും രാജ്യത്തിന്റെ നിലവിലുള്ള ദത്തെടുക്കല്‍ സംവിധാനം ഉപയോഗിച്ച് ദത്തെടുത്ത കുട്ടിയായി 'ലോണ്ടര്‍' ചെയ്യുകയും ചെയ്യുന്നു. 'ചൈല്‍ഡ് ലോണ്ടറിംഗ്' എന്നാണ് ഇത് വ്യാപകമായി അറിയപ്പെടുന്നത്. നിയമാനുസൃതമായ ബിസിനസ്സിലൂടെ ''കള്ളപ്പണം വെളുപ്പിക്കുന്നത് പോലെ അനേകം കേസുകളില്‍ ദത്തെടുക്കല്‍ സമ്പ്രദായം ഒരു കുട്ടിയെ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷന് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഡേവിഡ് എം മോലിന്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മാനുഷിക പ്രതിസന്ധികള്‍ക്ക് ഇരയാകുന്ന കുട്ടികളെ ചൂഷണം ചെയ്യുക എന്നതാണ് കള്ളക്കടത്തിന്റെ ഭയപ്പെടുത്തുന്ന മറ്റൊരു വശം. മതം, വംശീയത തുടങ്ങിയ കാരണങ്ങളാലുള്ള പീഡനത്തെ ഭയന്ന് 14 വയസുള്ള ഷമീം (പേര് യഥാര്‍ത്ഥമല്ല) സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി. കുടുംബം കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്‌തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളെ കടത്തുന്നതിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടെത്ര ശ്രദ്ധ നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്. ഉദാഹരണത്തിന്, നിര്‍ബന്ധിത തൊഴിലാളികള്‍ (ഫോഴ്‌സ്ഡ് ലേബര്‍) ക്കായുള്ള കടത്ത് ഏറ്റവും സാധാരണമാണ്. മോശം സാമ്പത്തിക സാഹചര്യങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ജനസംഖ്യയിലെ ദുര്‍ബല വിഭാഗങ്ങളെയും ജോലി അന്വേഷിക്കുന്നവരെയും പ്രധാനമായും മനുഷ്യക്കടത്തുകാര്‍ ലക്ഷ്യമിടുന്നു. ഇത് സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിലേക്കും അത് വഴി മനുഷ്യക്കടത്തലിലേക്കും നയിക്കുന്നു.

ഇന്ന്, കുട്ടികളെ കടത്തലിന്റെ ചലനാത്മകതയെയും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിന്റെ ഇരുണ്ട വശങ്ങളെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനുള്ള പ്രതിരോധ നടപടികളൊന്നും നിലവിലില്ല. കൂടാതെ, ഇന്ത്യയിലെ നിയമവ്യവസ്ഥ കുട്ടികളുടെ വാണിജ്യപരമായ ചൂഷണത്തിനെതിരെ മതിയായതും ഫലപ്രദവുമായ തടസ്സം സൃഷ്ടിക്കുന്നുമില്ല. കുട്ടികളില്‍ നിന്ന് ലൈംഗികത വാങ്ങുന്ന ഉപഭോക്താക്കളെ കര്‍ശനമായ ശിക്ഷാനടപടികളുമായി നേരിടുമ്പോള്‍ മാത്രമേ അത്തരം തടസ്സം സാധ്യമാകൂ.

കുട്ടികളുടെ കടത്തിന്റെ ഭീഷണി തടയുന്നതിനുള്ള നിലവിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ശിക്ഷാനടപടികള്‍ക്കും കുറച്ച് പദ്ധതികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മനുഷ്യക്കടത്ത് ഉയര്‍ത്തുന്ന വിവിധ മാനങ്ങളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവ അപര്യാപ്തമാണ്. മനുഷ്യക്കടത്തിന് ഇരയായവരുടെ പുനരധിവാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലെ സംവിധാനം തീര്‍ത്തും അപര്യാപ്തമാണ്. പ്രതിരോധ നടപടികളുടെ ആവശ്യകതയെ ഇത് അഭിസംബോധന ചെയ്യുന്നില്ല, മാത്രമല്ല സമയബന്ധിതമായി പുനരധിവാസവും ജീവിതം നല്ല നിലയിലാക്കുവാനുള്ള നടപടികളും പ്രോത്സാഹിപ്പിക്കുന്നുമില്ല.

കുട്ടികളെ കടത്തുന്നതിന്റെ വ്യാപനം തടയാന്‍, പ്രത്യേകിച്ചും അതിന്റെ അന്തര്‍ദേശീയ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, കടത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥകള്‍ ഫലപ്രദമാകണം. സുസജ്ജമായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയും ജില്ല മുതല്‍ ദേശീയ തലം വരെയുള്ള മനുഷ്യക്കടത്തു തടയല്‍, സമയബന്ധിതമായ അന്വേഷണം, വിചാരണ, പുനരധിവാസ സംവിധാനം എന്നിവ അതില്‍ ഉള്‍പ്പെടുകയും വേണം. കുറ്റകൃത്യം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാന്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷ നല്‍കുന്നതിന് 'ഇര-സാക്ഷി സംരക്ഷണ പ്രോട്ടോക്കോള്‍' ആവശ്യമാണ്.

മനുഷ്യക്കടത്ത് സംബന്ധിച്ച നിയമ നിര്‍വ്വഹണ പ്രതികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം ആന്റി ട്രാഫിക്കിംഗ് സെല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ പൊതു പങ്കാളിത്തത്തോടെ താഴെ തട്ട് വരെ വ്യാപിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. 2018 ലെ എന്‍ സി ആര്‍ ബി (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബറോ)യുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 5788 ആളുകള്‍ മനുഷ്യക്കടത്തിന് ഇരയാകുകയും ഇതില്‍ 2465 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ കേരളവും ഒരു ലക്ഷ്യസ്ഥാന സംസ്ഥാനമാണ്, പല അവസരങ്ങളിലും ഇടനിലക്കാരായ ആളുകള്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വഞ്ചിച്ചു ഇവിടേയ്ക്ക് ജോലിക്കായി കൊണ്ടുവരുന്നുണ്ട്.

പ്രത്യേകിച്ചും കോവിഡ് പോലുള്ള മഹാമാരി ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ തകിടം മറിക്കുന്ന ഒരു കാലഘട്ടത്തില്‍ കുട്ടികളെ കടത്തുന്നത് പോലുള്ള കുറ്റകൃത്യങ്ങള്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ആനായാസേന നടക്കുവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യക്കടത്തും പ്രത്യേകിച്ചു കുട്ടികളെ കടത്തുന്നതും തടയുന്നതില്‍ മുന്‍ നിര പോരാളികളായി നില്‍ക്കുന്നവര്‍ മനുഷ്യക്കടത്തിന് ഇരയായവരെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും കൗണ്‍സിലിംഗ് ചെയ്യുകയും കുറ്റവാളികളെ അര്‍ഹമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കി ഇരകള്‍ക്ക് നീതി നേടി കൊടുക്കുകയും ചെയ്യുന്നത് ഇത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ വലിയ പങ്കുവഹിക്കും.

Content Highlights: World Day against Trafficking 2020