തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറക്കാന്‍ നമുക്കായെന്ന് ആരോഗ്യമന്ത്രി  കെകെ ശൈലജ. കേരളത്തിലാണ് പ്രായം ചെന്നവരും ജീവിത ശൈലീ രോഗികളും ഏറ്റവും കൂടുതലുള്ളത്. അതിനാല്‍ തന്നെ മരണ സാധ്യത കൂടുതലുണ്ടാവേണ്ടിയിരുന്നത് കേരളത്തിലായിരുന്നു. എത്ര ആരോഗ്യ സംവിധാനങ്ങളുണ്ടെന്ന് പറഞ്ഞാലും ഇത് വലിയ വെല്ലുവിളിയാണ്. അതെല്ലാം മറികടന്നാണ് കോവിഡിനെ നാം നിയന്ത്രിച്ചതെന്നും മന്ത്രി പറഞ്ഞു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിച്ച് ആരോഗ്യപ്രവര്‍ത്തകുടെ വീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് സിന്‍ഡ്രം, ശബരിമല തീര്‍ഥാടനക്കാലത്ത് പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഫ്ബി ലൈവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി കെ.കെ ശൈലജയുടെ വാക്കുകളും നിര്‍ദേശങ്ങളും

കോവിഡിനെതിരേ തുടര്‍ന്നും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ലോകത്തിലെവിടെയും ഈ വൈറസ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല. ചിലയിടങ്ങളില്‍ കുറയകയും പിന്നീട് ഈ വൈറസ് കൂടുതലായി വ്യാപിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തും ചില സംസ്ഥാനങ്ങളില്‍ കുറഞ്ഞെങ്കെിലും പിന്നീട് വര്‍ധിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.. കേരളത്തിലും ആദ്യഘട്ടത്തിലും നല്ല രീതിയില്‍ നാം വൈറസിനെ ചെറുത്തു പൂര്‍ണ്ണമായി അതിന്റെ ഗ്രാഫ് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. മരണനിരക്കും കുറക്കാന്‍ സാധിച്ചു. ഈ ദിവസം വരെ കേരളം വളരെ ശാസ്ത്രീയമായി കൊറോണ വൈറസിനെതിരേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഗുണഫലവും നമുക്കുണ്ട്.

ചില സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് ഗ്രാഫുയരുകയും വളരെ കൂടുതല്‍ ആളുകളിലേക്ക് വളരെ പെട്ടെന്ന തന്നെ രോഗം ബാധിക്കുകയും ചെയ്തപ്പോള്‍ വന്‍ തോതില്‍ അവിടങ്ങളില്‍ മരണങ്ങളുമുണ്ടായി. കേരളം ഇതുവരെ ശ്രമിച്ചത് ഗ്രാഫുയരുന്നത് പതുക്കെയാക്കാനാണ്. രോഗവ്യാപനം ഏറ്റവും കൂടുതലാവുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ശ്രമം.. ആ പീക്കിലെത്തുന്നത് താമസിപ്പിക്കാന്‍ നമുക്ക് സാധിച്ചു.

ആ കാലയളവില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള നല്ല ഒരുക്കങ്ങള്‍ ആരോഗ്യമേഖലയില്‍ നടത്താന്‍ സാധിച്ചു . ആശുപത്രികളില്‍ വേണ്ട സംവിധാനങ്ങള്‍ ഈ സമയം കൊണ്ട് നാം ഒരുക്കി. ഇതിനാലാണ് മരണ നിരക്ക് കുറക്കാന്‍ സാധിച്ചത്. കേരളത്തില്‍ കേസിന്റെ എണ്ണം രണ്ട് മാസമായി കൂടിവന്നു. മരണത്തിന്റെ എണ്ണവും കൂടി. പക്ഷെ മരണനിരക്ക് കുറവെന്നത് ആശ്വാസകരമാണ്.

മെയ് 3ന് ശേഷം ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞതോടെയാണ് വ്യാപനമുണ്ടായത്. ലോക്ക്ഡൗണ്‍ അനന്തമായി  തുടരുന്നത് പ്രായോഗികവുമായിരുന്നില്ല. കുറെയേറെ ശ്രദ്ധിച്ചതുകൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്മമായ സമീപനം കൊണ്ടുമാണ് മരണനിരക്ക് 0.3% ആക്കി കുറക്കാന്‍ സാധിച്ചത്. ജൂണിലെ 0.77%ത്തില്‍ നിന്നാണ് 0.33% ആക്കാന്‍ സാധിച്ചത്. വലിയ പരിശ്രമം അതിനു പിന്നിലുണ്ട്.

കേരളം പത്ത് ലക്ഷത്തില്‍ 1.40ലക്ഷം ടെസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ശരാശരി ടെസ്റ്റിങ് നിരക്ക് 85316 ആണ്. 

നമ്മുടെ ടെസ്റ്റ് കുറവാണെന്ന് പൊതുവെ ആരോപണമുണ്ട്. ടെസ്റ്റ് കഴിയാവുന്നത്ര വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല ആകെയുള്ള ടെസ്റ്റിന്റെ എണ്ണമല്ല ടെസ്റ്റിന്റെ കണക്കായി പരിഗണിക്കുന്നത്. പത്ത് ലക്ഷത്തില്‍ എത്ര ടെസ്റ്റ് ചെയ്തു എന്നതാണ് കണക്കാക്കുന്നത്. കേരളം പത്ത് ലക്ഷത്തില്‍ 1.40ലക്ഷം ടെസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ശരാശരി ടെസ്റ്റിങ് നിരക്ക് 85316 ആണ്. 

രോഗലക്ഷണമുള്ള എല്ലാവരെയും നാം ടെസ്റ്റ് ചെയ്യുന്നുണ്ട്. കോവിഡാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. ലക്ഷണമില്ലാത്ത കോവിഡാണെങ്കില്‍ വീട്ടില്‍ വെച്ച് തന്നെ ചികിത്സിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണവര്‍.

കോവിഡ് കാലത്തെ ശബരമില തീർഥാടനം

പരമാവധിയാളുകളുടെ എണ്ണം കുറച്ച് തീര്‍ഥാടനം നടത്താനാണ് തീരുമാനം. ലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ച് ചേര്‍ന്നാല്‍ വലിയ റിസ്‌കാവും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുവെച്ചാണ് റജിസ്‌ട്രേഷന്‍. സാധാരണ ദിവസങ്ങളിൽ ആയിരം പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി അനുമതി നല്‍കുന്നത്. പ്രത്യേക ദിവസങ്ങളില്‍ പരമാവധി 5000 ആണ്. 48 ആശുപത്രികളെ ശബരിമലയുമായി ബന്ധപ്പെട്ട വരുന്നവരുടെ ചികിത്‌സയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

ഏകദേശം ആയിരത്തോളം ജീവനക്കാരെ വിവിധഘട്ടങ്ങളിലായി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ അടിന്തിര ചികിത്സാകേന്ദ്രങ്ങള്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയുണ്ടാകും. സന്നിധാനത്തെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താവുന്നതാണ്. 

രണ്ട് മീറ്റര്‍ അകലം പാലിച്ചാകണം സന്നിധാനത്തേക്കും പുറത്തേക്കുമുള്ള യാത്ര. അരമണിക്കൂര്‍ ഇടവിട്ട് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. കോവിഡ് വന്ന് മാറിയവര്‍ മാറിനില്‍ക്കുന്നതായിരിക്കും നല്ലത്. കാരണം പോസ്റ്റ് കോവിഡ് സിന്‍ഡ്രം ധാരാളം പേര്‍ കാണിക്കുന്നുണ്ട്. കയറ്റം കയറുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാവാന്‍ സാധ്യതയുണ്ട്. മലകയറുന്നതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ അടുത്ത ഡിസ്‌പെന്‍സറിയില്‍ കാണിക്കണം. അതു സഹിച്ച് മല കയറാന്‍ നില്‍ക്കരുത്.

പോസ്റ്റ് കോവിഡ് സിന്‍ഡ്രം

ചെറിയ പനിയെന്ന തരത്തില്‍ നിസ്സാരമായി കണ്ടവരുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ നമുക്കത് സ്വീകാര്യമായിരുന്നില്ല. എല്ലാവരും പ്രോട്ടോക്കോള്‍ പാലിച്ചിരുന്നെങ്കില്‍ ഇങ്ങനെ വ്യാപിക്കുമായിരുന്നില്ല. പ്രോട്ടോക്കോൾ ലംഘിച്ച് പല മേഖലകളില്‍ പലതരത്തിലുള്ള കൂട്ടായ്മ വന്നു. അതിന്റെ ഭാഗമായാണ് വ്യാപനമുണ്ടായത്. വന്നുപോയ്‌ക്കോട്ടെ എന്ന് നിസ്സാരവത്കരിക്കാവുന്ന രോഗമല്ല കോവിഡ്. 

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കോവിഡ് രോഗികളിൽ കൂടുന്നു, ദേഹ വേദന കൂടുന്നു. ദഹനപ്രക്രിയ കേടാവുന്നു. കോവിഡ് വന്നവര്‍ക്കിടയില്‍ ഹൃദയാഘാതവും കാണുന്നുണ്ട്.

പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആദ്യമായി തുറക്കുന്നത് കേരളത്തിലാണ്. അതിന് ജാഗ്രത ക്ലിനിക്കുകള്‍ എന്നാണ് പേര്. പി.എച്ച്.എസ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. അതിനുള്ള ട്രെയിനിങ് നല്‍കിക്കഴിഞ്ഞു. ആശുപത്രിയില്‍ വരാതെ ടെലി മെഡിസിന്‍ ഇ സഞ്ജീവനി പോര്‍ട്ടലിലൂടെയും ഡോക്ടര്‍മാരുടെ ഉപദേശം തേടാം.

കോവിഡ് വന്ന് മാറിയാലെന്ത് എന്ന് കേരളമാണ് ആദ്യം ചിന്തിച്ചത്. അത് കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗത്തില്‍ അറിയിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. 

content highlights: Words of K. K Shailaja On Post covid syndroms and preparations