തന്റെ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെയുമേന്തി ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണ്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തിയപ്പോള്‍ അത് ചരിത്ര നിമിഷമാവുകയായിരുന്നു.യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമാവുകയായിരുന്നു വെറും മൂന്ന് മാസം മാത്രം പ്രായമുള്ള നിവി തെ അറോഹ.
കുഞ്ഞ് സന്ദര്‍ശകയെ കണ്ട് സഭ ഒന്നടങ്കം സന്തോഷിച്ചു. കുഞ്ഞിനെ നോക്കുന്നതിനൊപ്പം രാജ്യകാര്യങ്ങളും ശ്രദ്ധിക്കുന്ന ജസീന്തയെക്കാള്‍ മികച്ച ഭരണാധികാരിയെ ന്യൂസിലാന്‍ഡിന് ലഭിക്കാനിടയില്ലെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ലോകനേതാക്കളില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളെന്നും അവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയില്‍ വിവിധ രാഷ്ട്രത്തലവന്മാരോടൊപ്പം പങ്കെടുത്ത കുഞ്ഞു നിവിയുടെ പ്രവേശന പാസിന്റെ ചിത്രം ക്ലാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു. നിവിയ്ക്ക് നല്‍കിയ പ്രവേശനപാസില്‍ രേഖപ്പെടുത്തിയിരുന്നത് ന്യൂസീലന്‍ഡിലെ 'പ്രഥമ ശിശു' (First Baby) എന്നാണ്.
സഭയിലും മറ്റ് ഒദ്യോഗിക പരിപാടിക്കിടയിലും മുലയൂട്ടുകയും കുഞ്ഞിനെ കൊണ്ട് വരികയും ചെയ്യുന്ന വനിത ഭരണാധികാരികളും നേതാക്കളും ഇപ്പോള്‍ പതിവ് കാഴ്ചയാവുകയാണ്.
- എംപിയായ ജോ സ്വിന്‍സണ്‍ ആണ് യുകെ ഹൗസ് ഓഫ് കോമണ്‍സില്‍ തന്റെ കൈക്കുഞ്ഞുമായി ആദ്യമെത്തിയത്. പാര്‍ലമെന്റുകള്‍ ആധുനികവത്കരിക്കുന്നതില്‍ ഒരു ചുവടായിരിക്കും ഇത് എന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് അന്ന് ജോ പ്രതികരിച്ചത്.
- 2017 മെയിലാണ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സെനറ്റര്‍ ആയ ലാരിസ സഭയില്‍ പങ്കെടുക്കവ കുഞ്ഞിന് മുലയൂട്ടി ചരിത്രം രചിച്ചത്. നിയമനിര്‍മാണസഭയുടെ ചരിത്രത്തില്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള ആലിയ ജോയ് വാട്ടേഴ്സ് എന്ന പെണ്‍കുഞ്ഞും അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ച് ചരിത്രത്തില്‍ ഇടംനേടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സഭയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഉണ്ടായ ഭേദഗതിയാണ് പാര്‍ലമെന്റിലിരുന്ന് മുലയൂട്ടാന്‍ ലാറിസയ്ക്ക് തുണയായത്.
- സ്വീഡനില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ജിറ്റി ഗുട്ടെലാന്‍ഡ് തന്റെ മകനുമൊത്ത് ജോലി സ്ഥലത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 2017മാര്‍ച്ചിലാണ് മകനുമൊത്ത് അവര്‍ പാര്‍ലമെന്റില്‍ എത്തിയത്
- 2016 ജനുവരിയില്‍ സ്‌പാനിഷ് എംപിയായ കരോലിന ബെസ്സാന്‍സ കുഞ്ഞിനെ പാര്‍ലമെന്റില്‍ വെച്ച് മുലയൂട്ടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒഴിവാക്കാവുന്നതെന്നായിരുന്നു അന്ന് പലരും ആ നീക്കത്തെ നോക്കിക്കണ്ടത്.
- യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ലിസിയ റോന്‍സുള്ളി പങ്കെടുത്തത് തന്റെ കുഞ്ഞിനെയുമേന്തിയായിരുന്നു. പെരുവിരലുയര്‍ത്തിയ ലിസിയയും അവരുടെ നെഞ്ചോട് ചേര്‍ന്നുള്ള ബേബി കാരിയറില്‍ കിടക്കുന്ന കുഞ്ഞുമുള്ള ചിത്രം അന്ന് വലിയ വാര്‍ത്തയായിരുന്നു.
- കായിക ലോകത്തു നിന്നുമുണ്ട് ഇത്തരം വാര്‍ത്തകള്‍ മാരത്തണ്‍ മത്സരത്തിനിടെ കുഞ്ഞിനെ മുലയൂട്ടിയാണ് സോഫി പവര്‍ എന്ന ലണ്ടന്‍ കായികതാരം വാര്‍ത്തകളിലിടം നേടിയത്. മത്സരത്തിനിടയിലും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അവര്‍ മുലയൂട്ടി. 43 മണിക്കൂര്‍ കൊണ്ടാണ് സോഫി മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനു തൊട്ടുമുമ്പ് മകന് മുലയൂട്ടിയതിനു ശേഷമാണ് സോഫി മാരത്തണിനിറങ്ങിയത്. ശേഷം മത്സരത്തിനിടെയുള്ള പല സഹായ വിശ്രമ കേന്ദങ്ങളിലും ഭര്‍ത്താവ് സോഫിയില്‍ നിന്ന് മുലപ്പാല്‍ ശേഖരിച്ച് മകന് നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..