പ്രതീകാത്മക ചിത്രം | Canva
ചുറുചുറുക്കുള്ള മോളായിരുന്നു അവള്‍. പഠിക്കാന്‍ മിടുമിടുക്കി. ജാതകപ്രശ്‌നത്തിന്റെ പേരിലാണ് 18ാം വയസ്സില്‍ അവളെ വിവാഹം കഴിപ്പിച്ചത്. വിവാഹം വേണ്ടെന്ന് അവള്‍ കരഞ്ഞു പറഞ്ഞതാണ് . ആരും കേട്ടില്ല. കല്യാണം കഴിഞ്ഞ അന്നു മുതല്‍ അവള്‍ എന്നോട് മിണ്ടാറില്ല. പഠിപ്പും കുടുംബവും മുന്നോട്ട് കൊണ്ട് പറ്റാതെ വളരെയധികം വിഷമിച്ചു. എന്തു ചോദിച്ചാലും നിസ്സംഗത. സംശയം തോന്നിയ അവളുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. ഡിപ്രഷനാണെന്നും ചികിത്സ വേണമെന്നും പറഞ്ഞു. കുറേയൊക്കെ മരുന്ന് കഴിച്ചു. നാണക്കേട് ഭയന്ന് പിന്നീട് ഞങ്ങള്‍ അവളെ ഡോക്ടറെ കാണിച്ചില്ല. മനസിന്റെ വിഷമം സ്‌നേഹത്തിലൂടെ മാറുമെന്നാണ് കരുതിയത്. ഒരു വര്‍ഷത്തിന് ശേഷം അവള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ഞങ്ങളെ തേടിയെത്തിയത്. ഞങ്ങളെല്ലാവരും നല്ലവണ്ണം സ്‌നേഹത്തോടെയാണ് അവളെ പരിഗണിച്ചത് എന്നാല്‍, ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. പാലക്കാട് സ്വദേശിനിയായ അനില തന്റെ മകള്‍ നിത്യയെ കുറിച്ച് കണ്ണീരോടെ പറഞ്ഞ് നിര്‍ത്തി. (രണ്ടും യഥാര്‍ത്ഥ പേരുകളല്ല).
അനിലയുടെ സംസാരത്തിലെവിടെയും മകളുടെ ഡിപ്രഷനെ ഗൗരവത്തോടെ സമീപിക്കണമായിരുന്നുവെന്ന ചിന്തയുണ്ടായിരുന്നില്ല. പകരം മാനസികരോഗ വിദഗ്ധനെ കാണുന്നത് അപമാനമാണെന്ന ധാരണ പ്രകടമായിരുന്നു. മാനസികരോഗ വിദഗ്ധനെ സ്ത്രീകള്‍ കണ്ടാല്‍ അവരുടെ ജീവിതം തന്നെ തകര്‍ന്നു പോവുമെന്ന ചിന്തയുമാണ് വാക്കുകളില്‍ മുഴുവനുണ്ടായിരുന്നത്. മാനസിക പ്രശനങ്ങളെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോഴും സത്രീകള്‍ ചികിത്സ തേടുന്നതില്‍ പിന്നോട്ട് നില്‍ക്കുന്നു. മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും ഇതിന് പ്രധാനപ്പെട്ട കാരണമാണ്.
ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതാവുമ്പോള്‍ തന്നെ അവള്‍ കേള്‍ക്കുന്നത് മറ്റൊരു വീട്ടില്‍ ചെന്നുകയറേണ്ടതാണെന്ന പല്ലവിയാണ്. ഒരു പ്രായം തൊട്ട് ഇതിനായുള്ള പരിശീലനം ആരംഭിക്കും. ഉറക്കെ ചിരിക്കുന്നത് പോലും നിഷിദ്ധമായ വീടുകളുണ്ടെന്ന് ഓര്‍ക്കണം. പിന്നീട് വളര്‍ന്നു വന്ന വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുന്നു. സ്വന്തമായൊരു വിലാസം പോലുമില്ലാത്ത സ്ത്രീ ഇക്കാലയളവില്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ക്ക് അതിരില്ല. പിന്നീട് പുതിയ വീട്ടില്‍, ആ വീടിന്റെ ചിട്ടയില്‍ ജീവിതം ആരുടെയോ നിര്‍ദേശപ്രകാരം ജീവിച്ച് തീര്‍ക്കുന്നു. എല്ലാവരും പറയുന്നത് കേട്ട് അവര്‍ക്ക് അടിമയായി ജീവിക്കാനാണ് സമൂഹം സ്ത്രീയോട് അനുശാസിക്കുന്നത്. ഇനി ജോലിയുള്ള സ്ത്രീയാണെങ്കില്‍ വീട്ടിലെ റോളില്‍ വലിയ മാറ്റമൊന്നുമുണ്ടാവില്ല. ശമ്പളം കിട്ടിയ അന്ന് തന്നെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടി വരുന്ന സ്ത്രീകളും ഇവിടെയുണ്ട്. നല്ല കുടുബിനിയാവുകയെന്നത് നമ്മുടെ സമൂഹത്തില്‍ ഒരു കോംപറ്റീഷന്‍ ഐറ്റമായി മാറികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്രസിഡന്റായാലും വീട്ടുപണി നന്നായി എടുത്താല്‍ മാത്രമേ നല്ലൊരു സ്ത്രീയാവുയുള്ളു എന്നാണ് വെപ്പ്. സ്വാഭാവികമായി ഇത്തരം സാമൂഹിക ചിന്തകള്‍ മനസ്സിന്റെ ഉള്ളിലുണ്ടാവും. ഇതിനെ തൃപ്തിപ്പെടുത്താനുള്ള ഓട്ടത്തിലായിരിക്കും. അത് ശരിയാവാതെ വരുമ്പോള്‍, അല്ലെങ്കില്‍ അതില്‍ ഓടിത്തളരുമ്പോള്‍ പതുക്കെ സമ്മര്‍ദങ്ങളും തലപൊക്കും. ഇതൊന്നുമല്ല എന്റെ ജീവിതമെന്ന് പറയാന്‍ പ്രിവിലേജുള്ളവര്‍ ഈ സമൂഹത്തില്‍ വളരെ കുറവാണ്.
മാനസികപ്രശ്‌നങ്ങളെല്ലാം ഭ്രാന്താണെന്ന ചിന്തയാണ് പ്രധാനമായുള്ളത്. വളരെ പ്രകടമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ മാത്രമേ സ്ത്രീകള്‍ ആ പ്രശ്‌നം നേരിടുന്നതായി ചുറ്റുപാടുകള്‍ അംഗീകരിക്കുകയുള്ളു. നിരവധി തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയില്‍ പലതും വേണ്ട രീതിയില്‍ ശ്രദ്ധിക്കാറു പോലുമില്ല
ആറുമാസം നിരന്തരം സംസാരിക്കുന്ന ഉഷ അടുത്ത ആറു മാസത്തേക്ക് നിശബ്ദയാകും. ഓടി നടന്ന പണിയെടുക്കുന്ന ഉഷ സ്വിച്ചിട്ടതു പോലെ മിണ്ടാതാവും. ഉഷ അഭിനയിക്കുകയാണെന്നാണ് ഭര്‍തൃകൂടുംബം നാളുകളോളം വിചാരിച്ചത് എന്നാല്‍, അടുത്തകാലത്ത് ഉഷയുടെ കുടുംബ സുഹൃത്ത് ഇവര്‍ക്കുള്ളത് മാനസിക പ്രശ്‌നമാണെന്നും ചികിത്സ ആവശ്യമാണെന്നും ഭര്‍തൃവീട്ടുകാരെ പറഞ്ഞു മനസിലാക്കി കൊടുത്തു. എന്നാല്‍, ഉഷയെ മാനസികരോഗ വിദഗ്ദന്റെ അടുത്തേക്ക് കൊണ്ടുപോവുന്നത് മാനഹാനിയായി കരുതുന്ന വീട്ടുകാര്‍ അതിന് തയ്യാറായില്ല. മിണ്ടാതിരിക്കുന്നത് സഹിച്ചുകൊള്ളണമെന്നാണ് വീട്ടുകാരുടെ നിലപാട്. ഉഷ ഇപ്പോഴും ആറ് മാസം മിണ്ടും, ആറ് മാസം മൗനിയാവും. മനസിലൂടെ കടന്നുപോവുന്ന സംഘര്‍ത്തിന്റെ ഉലച്ചിലില്‍ ഉഷ ഒറ്റയ്ക്ക് നില്‍ക്കും
ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധ്യയുണ്ടോയെന്ന് ഓര്‍ക്കുംമുന്‍പേ ഭാര്യയെ ഒഴിവാക്കാന്‍ നോക്കുന്നവരും കൂടിയാണ്. മാനസിക രോഗമാണെന്ന് മനസിലായാലും അവരെ ചികിത്സിപ്പിക്കാതെ മനപ്പൂര്‍വ്വം രോഗമൂര്‍ച്ഛയ്ക്ക് കാരണമാക്കുന്നവരും ഇന്നാട്ടിലുണ്ട്. പുരുഷന്‍മാരും സ്ത്രീകളെ പോലെ തന്നെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇനി ഒരു പുരുഷന് ബുദ്ധിമുട്ട് നേരിട്ടാല്‍ വൈദ്യസഹായം നേടാനുള്ള സാമുഹിക സാമ്പത്തിക ചുറ്റുപാടുകള്‍ അവന് കൂടുതലായിരിക്കും. കേരളത്തില്‍ ബഹുഭൂരിപക്ഷം വിട്ടമ്മമാരും തൊഴില്‍രഹിതരാണ്. ഇതില്‍ വിദ്യാസമ്പന്നരും ഏറെയാണെന്ന് ഓര്‍ക്കണം. സ്വാഭാവിക്കമായും ഈ വിഭാഗത്തില്‍ നിന്നൊരാള്‍ക്ക് വൈദ്യസഹായം നേടാനായി ഒറ്റയ്ക്ക് ഇറങ്ങുന്നതിന്റെ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. സ്ത്രീകള്‍ മാത്രം നേരിടുന്ന ചില മാനസിക പ്രശ്‌നങ്ങളുണ്ട്.
'ചികിത്സയെടുത്തില്ലായിലായെങ്കില്‍ ഇന്ന് ഞാനുണ്ടാവില്ലായിരുന്നു'
ഇരുപത്തെട്ടാമത്തെ വയസ്സിലാണ് മുന്‍നിര ഐ.ടി. സ്ഥാപനത്തില്‍ രേഖയ്ക്ക് (യഥാര്‍ത്ഥ പേരല്ല) ജോലി കിട്ടുന്നത്. ജോലിയിലെ സമ്മർദം വളരെയധികം ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു ഞാന്‍. പലപ്പോഴും ഭക്ഷണം വരെ കഴിക്കാന്‍ മറന്നുപോവുന്ന സാഹചര്യങ്ങളുണ്ടായി. എന്നാല്‍ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. പിന്നീടെപ്പോഴോ തൊഴിലിടങ്ങളില്‍ എന്നെ മാറ്റിനിര്‍ത്താന്‍ തുടങ്ങിയോ എന്നൊരു തോന്നല്‍. എന്റെ കഴിവ് കുറഞ്ഞു വരികയാണെന്ന തരത്തിലുള്ള കമന്റുകള്‍ മേലുദ്യോഗസ്ഥനില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് എന്നെ വളരെയധികം വേദനനിപ്പിച്ചു. ഇത് മറികടക്കാനായി ഉറക്കം വരെ കളഞ്ഞ് പണിയെടുക്കാനായി ആരംഭിച്ചു. ഇത് പതിയെ എന്നെ വിഷാദത്തിലേക്ക് കടത്തി വിട്ടു. എനിക്ക് ഡിപ്രഷനാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയപ്പോഴും മാനസികരോഗ വിദഗ്ദനെ കാണാനായി എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. എന്തോ അതൊരു മോശം ഇമേജ് എനിക്കുണ്ടാക്കുമെന്ന ചിന്തയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഭര്‍ത്താവ് കിരണ്‍ (യഥാര്‍ത്ഥ പേരല്ല) വേഗം തന്നെ സഹായത്തിനെത്തി. അവന്‍ മുന്‍കൈയെടുത്ത് ചികിത്സ ആരംഭിച്ചു. ജോലിയില്‍ നിന്ന് ബ്രേക്കെടുത്തു. ഇപ്പോള്‍ വീണ്ടും തൊഴിലില്‍ കയറി. ചികിത്സയെടുത്തില്ലായിരുന്നെല്‍ ഇന്ന് ചിലപ്പോള്‍ ഞാനുണ്ടാവില്ലായിരുന്നു- രേഖ പറയുന്നു
സാമ്പത്തികമായും സാമൂഹികമായും മുന്‍നിരയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാണ് രേഖ. അവര്‍ക്കുള്ള അനുഭവം ഇതാണെങ്കില്‍ ഇത്തരം പ്രവിലേജുകള്‍ യാതൊന്നുമില്ലാത്ത സ്ത്രീകള്‍ നേരിടുന്നത് അതിലും ഭീകരമായ സാഹചര്യമായിരിക്കും. സ്ത്രീകളുടെ മാനസിക സമ്മര്‍ദങ്ങള്‍ അവരുടെ വ്യക്തി ബന്ധങ്ങളും സാംസ്‌കാരിക ജീവിതത്തെയും വിപരീതമായി ബാധിക്കും. അമ്മമാര്‍ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ കുട്ടികളെ സാരമായി ബാധിക്കും. കുട്ടികളെ അമിതമായി ശാസിക്കുക, ഉപദ്രവിക്കുക, കാര്യമായി ശ്രദ്ധ നല്‍കാതിരിക്കുക തുടങ്ങിയവയെല്ലാം അതിൽ ചിലതാണ്. തുടര്‍ച്ചയായി തള്ളിക്കളയുന്ന സമ്മര്‍ദം പല തരത്തിലുള്ള മാനസിക പ്രശനങ്ങളിലേക്ക് അവരെ തള്ളിവിടാം.
സ്ത്രീകള്‍ നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികളിയായ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ഡോ അരുണ്‍ ബി നായര്‍

കൗമാരപ്രായത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ ആദ്യമായി ആര്‍ത്തവം തുടങ്ങുന്ന സമയത്താന്‍ അവരുടെ ആര്‍ത്തവപൂര്‍വ വിഷാദം (പ്രിമെനുസ്ട്രല്‍ ഡിസോര്‍ഡര്‍) വരുന്നത്. ആര്‍ത്തവത്തിന്റെ മുന്‍പുള്ള ഒരാഴ്ച്ചകാലം ഇതിന്റെ ലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടമാവും. മിക്കവരിലും ഈ കാലഘട്ടത്തില്‍ ശാരിരകവും മാനസികവുമായി ചില അസ്വസ്ഥതകള്‍ പ്രകടമാവുമെങ്കിലും ആര്‍ത്തവതീരുന്നതോടെ അത് മാറിപ്പോവുകയും ചെയ്യുന്നു.
എട്ട് ശതമാനത്തോളം സ്ത്രീകളില്‍ തീവ്രമായ വിഷാദത്തിന്റെ ലക്ഷണങ്ങള്‍, അതായത് ഉറക്കകുറവ്, സങ്കടം, ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉത്കണ്ഠ, ഉറക്കകുറവ്, ദേഷ്യം എന്നിവയാണ് ചില ലക്ഷണങ്ങള്‍. ആര്‍ത്തവത്തിന്റെ തുടക്കദിവസങ്ങളില്‍ ഉണ്ടാവുന്ന ഈ ബുദ്ധിമുട്ട് നിത്യജീവിതത്തെ സാരമായി ബാധിക്കുന്നു. ഇതിന്റെ ഗുരുതരമായ അവസ്ഥയെ പ്രി മെന്‍സ്ട്രല്‍ ഡിസ്‌ഫോറിക്ക് ഡിസോര്‍ഡര്‍ അഥവ ആര്‍ത്തവ പൂര്‍വ വിഷാദരോഗമെന്ന് പറയുന്നു.
1. പോസ്റ്റ് നേറ്റല്‍ ബ്ലൂസ്
പ്രസവം കഴിഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ക്ക് നേരിയ തോതില്‍ ബുദ്ധിമുട്ട്, സങ്കടം, ഉന്‍മേഷക്കുറവ്, പെട്ടെന്ന് കരച്ചില്‍ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. പ്രസവാനന്തര വിഷമം അഥവ പോസ്റ്റ് നേറ്റല്‍ ബ്ലൂസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. സ്‌നേഹപൂര്‍ണമായ പരിചരണം ഉണ്ടെങ്കില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ലാതെ ഇതിനെ മറികടക്കാം.
2. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍
പ്രസവത്തിന് ശേഷമുള്ള ഏതാനും ദിവസങ്ങള്‍ തൊട്ട് ആറാഴ്ച വരെയുള്ള സമയത്തിനുള്ളില്‍ ഉറക്കക്കുറവ്, സങ്കടം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെ തനിക്ക് നന്നായി നോക്കാന്‍ കഴിയുമോ എന്ന ആശങ്ക, കുഞ്ഞിന് എന്തെങ്കിലും അസുഖം പിടിപെടുമോ തുടങ്ങിയ ആശങ്കകൾ, കരയാനുള്ള പ്രവണത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത് തീവ്രമാകുന്നതോടു കൂടി ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥ വരികയും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷം വരികയും പലപ്പോഴും ആത്മഹത്യാപ്രവണത വരികയും ചെയ്യും. ഇതിനെയാണ് പ്രസവാനന്തര വിഷാദം അഥവ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന് പറയുന്നത്.
പലപ്പോഴും പ്രസവാനന്തര വിഷാദമുള്ള സ്ത്രീകള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതും കുഞ്ഞിനെ കൊലപ്പെടുത്തിയതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തലച്ചോറിലെ സെറോട്ടോണിന്‍ എന്ന കെമിക്കലിലെ അളവിലെ വ്യത്യാസമാണ് ഇവിടെ പ്രശ്‌നമാകുന്നത്. പ്രസവം കഴിഞ്ഞ് ശരീരത്തിലെ ഹോര്‍മോണുകളില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ ഉണ്ടാവുകയും അതുമൂലം തലച്ചോറിലെ രാസവസ്തുക്കള്‍ക്ക് വ്യതിയാനം വരികയും അത് വിഷാദ അവസ്ഥയായിത്തീരുകയും ചെയ്യും. തലച്ചോറിലെ സെറോട്ടോണിന്റെ അളവ് ക്രമീകരിക്കാനുള്ള സുരക്ഷിതമായ മരുന്നുകള്‍ നിലവിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോലും സുരക്ഷിതമായി കൊടുക്കാവുന്ന ചില മരുന്നുകള്‍ ഈ കൂട്ടത്തിലുണ്ട്. ആ മരുന്നുകള്‍ നല്‍കിയാല്‍ ഈ വിഷാദം പരിപൂര്‍ണമായി ഭേദപ്പെടുത്താനാകും. ഏകദേശം ഒരു ആറുമാസത്തിനുള്ളില്‍ മരുന്നുകള്‍ നിര്‍ത്താനും സാധിക്കും.
3. പ്രസവാനന്തര ചിത്തഭ്രമം
ഏറ്റവും തീവ്രമായ പ്രസവാനന്തര മാനസിക പ്രശ്‌നമാണ് പ്രസവാനന്തര ചിത്തഭ്രമം അഥവാ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്. പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ അകാരണമായ ഭയം, സംശയങ്ങള്‍, ഉറക്കമില്ലായ്മ, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ മുഴങ്ങുന്നതു മൂലമുള്ള അനുഭവങ്ങള്‍, ആരോ കൊല്ലാന്‍ വരുന്നു എന്നതുപോലെയുള്ള വിശ്വാസങ്ങള്‍, കുഞ്ഞ് ഭീകര ജീവിയാണെന്നും തന്നെ ആക്രമിക്കുമെന്നുമുള്ള ആശങ്കകൾ തുടങ്ങിയവയെല്ലാം ചേര്‍ന്ന് തികിച്ചും അസ്വാഭാവികമായ പെരുമാറ്റം ചില സ്ത്രീകളില്‍ കാണാം. ഈ അസ്വാഭാവികമായ പെരുമാറ്റത്തിന്റെ തീവ്രതയില്‍ അമ്മമാര്‍ കുട്ടിയെ കൊന്നുകളഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രസവം കഴിഞ്ഞതിന് ശേഷം പൊടുന്നനെയുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളെത്തുടര്‍ന്ന് തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവില്‍ വ്യത്യാസം വരുന്നതാണ് ഈ പ്രസവാനന്തര ചിത്തഭ്രമത്തിന് കാരണം.
തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന ചിത്തഭ്രമ വിരുദ്ധ ഔഷധങ്ങള്‍ അഥവാ ആന്റിസൈക്കോട്ടിക്‌സ് ഈ അവസ്ഥയില്‍ ഉപയോഗിക്കാം. ഇതിലും മുലയൂട്ടുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി നല്‍കാവുന്ന വിധത്തിലുള്ള മരുന്നുകളുണ്ട്. ആ മരുന്നുകളുപയോഗിച്ചാല്‍ പ്രസവാനന്തര ചിത്തഭ്രമം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകും.
ഇത്തരത്തിലുള്ള പ്രസവാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ചികിത്സയിലൂടെ വളരെ പെട്ടെന്ന് അത് ഭേദപ്പെടുത്തിയെടുക്കാനും പൂര്‍ണമായി മാറ്റിയെടുക്കാനും സാധിക്കും. നിശ്ചിത കാലത്തിന് ശേഷം മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്താനും സാധിക്കും.
ആര്‍ത്തവ വിരാമശേഷമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
ആര്‍ത്തവവിരാമശേഷം സ്ത്രീകളില്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ആര്‍ത്തവം നിലയ്ക്കുന്നതോടെ അതുവരെ പ്രജനനത്തിന് സഹായിച്ചിരുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു, ആര്‍ത്തവ വിരാമാനന്തര വിഷാദം അഥവാ പോസ്റ്റ് മെനപ്പോസല്‍ ഡിപ്രഷന്‍ എന്ന ഒരു അവസ്ഥ ഒരുപാട് സ്ത്രീകളില്‍ കാണപ്പെടുന്നുണ്ട്.
തലച്ചോറിലെ നോര്‍എപ്പിനെഫ്രിന്‍ എന്ന രാസവസ്തുവിന്റെ അളവിലുള്ള വ്യതിയാനങ്ങളാണ് ഇത്തരം ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാവുന്നതാണ്. നോര്‍എപ്പിനെഫ്രിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും ഈ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്തിയെടുക്കാം.
വീട്ടിലെ രോഗീപരിചരണം സ്ത്രീകളുടെ ഉത്തരവാദിത്വമാകുമ്പോള്‍
ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരാള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ പരിചരണം മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. രോഗികളുടെ പരിചരണം സ്ത്രീയുടെ ഉത്തരവാദിത്തമായി സമൂഹം കാണുന്നു. സ്വാഭാവികമായിട്ടും അത് പരിചാരകരുടെ മാനസികസമ്മര്‍ദം എന്നൊരു അവസ്ഥയിലേക്കെത്തിക്കുന്നു.
സ്ത്രീകള്‍ രോഗബാധിതരാകുമ്പോള്‍ കുടുംബത്തിന്റെ സമീപനം
സ്ത്രീകള്‍ രോഗബാധിതരാകുമ്പോള്‍ അവരോടുള്ള സമൂഹത്തിന്റെ സമീപനം വ്യത്യസ്തമാണ്. പലപ്പോഴും ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് രോഗം വന്നാല്‍ അവരുടെ പങ്കാളിയായ പുരുഷന്‍ അവരെ എത്രത്തോളം പരിചരിക്കുമെന്നത് ഒരു വിഷയമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാനസികരോഗം വന്നാല്‍ അവരോട് വളരെ അസഹിഷ്ണുതയോടെ അവരുടെ പങ്കാളികള്‍ പെരുമാറുന്നത് കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ അവരെ ഒരു ഭാരമായി കരുതി ഭേദപ്പെടുന്ന അസുഖമാണെങ്കില്‍ പോലും ചികിത്സയ്ക്ക് കൊണ്ടുപോകാതെ ഇതൊരു ബാധ്യതയായി കരുതി വിവാഹമോചനത്തിലേക്ക് പോകുന്നതായി കണ്ടുവരുന്നുണ്ട്. ഇതൊരു പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ രീതിയാണ്. ഈ രീതി മാറേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും പ്രായമാകുന്ന സ്ത്രീകള്‍ക്ക്/ അമ്മമാര്‍ക്ക് വരുന്ന രോഗങ്ങള്‍ വളരെ കരുതലോടെ കുടുംബാംഗങ്ങള്‍ കാണാറുണ്ട്; അവരെ പരിചരിക്കാറുമുണ്ട്. എന്നാല്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ പുരുഷനും കുടുംബാംഗങ്ങളും ഈ രീതി സ്വീകരിക്കാറില്ല എന്നത് ശ്രദ്ധേയമാണ്.
ഗൃഹഭരണം സ്വസ്ഥമല്ലെന്ന് മനസിലാക്കണം

മാനസിക സമ്മര്‍ദ്ദം വളരെയധികം നേരിടുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ചികിത്സ നേടേണ്ട ഘട്ടത്തില്‍ പോലും അതിനെ അവര്‍ അവഗണിക്കാറാണ് പതിവ് സൈക്യാട്രിസ്റ്റായ സിജെ ജോണ്‍ പറയുന്നു.
സ്വസ്ഥം ഗൃഹഭരണമെന്നാണ് പറയുക എന്നാല്‍ ആ പറച്ചില്‍ വെറും പൊള്ളയാണെന്നാണ് എന്റെ അഭിപ്രായം മാനസിക രോഗ വിദഗ്ദനായ സിജെ ജോണ്‍ പറയുന്നു.
സ്ത്രീകള്‍ പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ചികിത്സ തേടാതെ സ്വയം പരിഹരിക്കാനാണ് ശ്രമിക്കുക, ചിലര്‍ പ്രാര്‍ത്ഥനകളില്‍ അഭയം തേടുമ്പോള്‍ ചിലര്‍ അതിന് വില നല്‍കാറു പോലുമില്ല. ചുറ്റുപാടുകള്‍ പോലും അവര്‍ക്ക് വേണ്ട പരിഗണന നല്‍കാതിരിക്കുകയാണ് പതിവ്
ചികിത്സ ജീവിതത്തെ പോസിറ്റീവാക്കി
കല്യാണം കഴിഞ്ഞയുടെനയായിരുന്നു ആദ്യമായി എനിക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഗായിക ഗൗരി ലക്ഷി താന്‍ കടന്നു വന്ന വഴികളെ കുറിച്ച് വാചാലയായി
ഇത് സ്വയം ഇരുന്ന് മാറ്റേണ്ടതല്ലെന്നും വൈദ്യസഹായം നേടേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞത് ഭര്‍ത്താവ് ഗണേഷായിരുന്നു. പിന്നീട് കോവിഡിന്റെ സമയത്ത് വീണ്ടും ചില ബുദ്ധിമുട്ടുകള്‍ വരുകയും വൈദ്യ സഹായം തേടുകയും ചെയ്തു. എന്റെ ബുദ്ധിമുട്ടുകളെ ശാസ്ത്രിയമായി നേരിട്ടത് കൊണ്ട് തന്നെ എന്റെ ജീവിതത്തെ അത് വളരെയധികം പോസ്റ്റിവാക്കി ഗൗരി പറയുന്നു
സ്ത്രീകള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ തുറന്നു പറയുമ്പോഴും ചികിത്സ സഹായം നേടുമ്പോഴും സമൂഹത്തിന്റെ ചോദ്യങ്ങള്‍ നേരിടേണ്ടി വരും എന്നാല്‍ അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോവേണ്ടത് നമ്മുടെ ആവശ്യമാണ്. മാനസിക ആരോഗ്യത്തെ കുറിച്ചും എന്റെ ഡിപ്രഷനെ കുറിച്ചും തുറന്നു പറഞ്ഞത് വെറും ഷോ ഓഫാണ് എന്ന് പറയുന്നവരുണ്ട്. അതിനെ അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളയുകയാണ് വേണ്ടത് ഗൗരി വ്യക്തമാക്കി
ഗൗരവമായി കാണണം
മാനസിക ബുദ്ധിമുട്ടുകളും അതിനായി ചികിത്സ നേടാനുള്ള സോഷ്യല്‍ സ്റ്റിഗ്മയും എല്ലാവര്‍ക്കുമുണ്ട് എന്നാല്‍ സ്ത്രീകള്‍ ഈയൊരു പ്രശ്‌നത്തില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതായി കാണാം ഡോക്ടറും സാമുഹികപ്രവര്‍ത്തയുമായി ജയശ്രീ പറയുന്നു
കല്യാണം കഴിയാത്ത പെണ്‍കുട്ടിയാണെങ്കില്‍ ഇത്തരമൊരു ബുദ്ധിമുട്ട് അവള്‍ക്കുണ്ടെങ്കില്‍ വിവാഹത്തെ ബാധിക്കുമോയെന്നായിരിക്കും കുടുംബത്തിന്റെ ആദ്യ ഭയം. വിവാഹ മാര്‍ക്കറ്റില്‍ സ്ത്രീകളെ എപ്പോഴും താഴെ തട്ടില്‍ തന്നെയാണല്ലോ നിര്‍ത്തിയിരിക്കുന്നത്. ഇത് പുറത്ത് വരാതെ നോക്കേണ്ടത് വലിയൊരു ദൗത്യമായി മാറുന്നു. ഇനി അതിന് ശേഷം സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലരും തുറന്നുപറയാറില്ല. കേരളത്തില്‍ മരണപ്പെടുന്ന അമ്മമാരെ നോക്കുകയാണെങ്കില്‍ അതില്‍ ആത്മഹത്യ ചെയ്ത അമ്മമാരുടെ കണക്ക് തള്ളി കളയാനാവില്ല. ആത്മഹത്യ മിക്കവാറും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കാരണമായിരിക്കും. ഇത് പലപ്പോഴും ആരും മനസിലാക്കാറുമില്ല ഡോ എ. കെ ജയശ്രി പറയുന്നു
വേണം, പറയാനൊരിടം
സമൂഹത്തില്‍ പ്രവിലേജ്ഡായ സ്ത്രീകള്‍ക്ക് ഒരു മാനസിക രോഗ വിദഗ്ദനെ സമീപിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ സാധാരണ വീട്ടമ്മയോ കൗമാരക്കാരിയായ പെണ്‍കുട്ടികള്‍ക്കോ തുടങ്ങി സാമുഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗത്തില്‍പെട്ടവര്‍ക്കോ ഇതിനൊന്നും പറ്റിയെന്ന് വരില്ല.സര്‍ക്കാര്‍ തലത്തില്‍ മാനസികമായി വൈദ്യസഹായം നല്‍കുന്ന ഇടങ്ങള്‍ ഉണ്ടാവണം.
പാട്രിയാര്‍ക്കിയുടെ ഭാഗമായിട്ടാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അധികവും. കൗണ്‍സിലിങ്ങാണ് സ്‌നേഹിതയുടെ പ്രഥമപ്രവര്‍ത്തനങ്ങളിലൊന്ന്. ഇതിന് ശേഷം ചികിത്സ ആവശ്യമാണെങ്കില്‍ വൈദ്യസഹായത്തിനായി നിര്‍ദേശിക്കും. മിക്കവാറും സ്ത്രീകള്‍ അത്തരത്തില്‍ ചികിത്സ നേടില്ല. കൗണ്‍സിലിങ്ങ് കൊണ്ട് തീരുന്നത് മതിയെന്ന നിലപാടാണ് മിക്ക കുടുംബങ്ങള്‍ക്ക് സ്‌നേഹിത പാലക്കാട് കൗണ്‍സിലര്‍ ഉഷകുമാരി പറയുന്നു.
ടെലികൗണ്‍സിലിങ്ങിനായി നിരവധി പേര്‍ വിളിക്കാറുണ്ട് ചിലപ്പോള്‍ ആത്മഹത്യയുടെ വക്കിലായിരിക്കും അവര്‍. നമ്മള്‍ ഒന്ന് കേള്‍ക്കാന്‍ ഇരുന്നാല്‍ തന്നെ അവര്‍ക്ക് സമാധാനമാണ്. ഇത്തരത്തില്‍ വിളിക്കുന്നവര്‍ മിക്കവാറും അവരുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താറില്ല. അവര്‍ പറയുകയാണെങ്കില്‍ ഞങ്ങള്‍ നേരില്‍ പോയി കാണാറുണ്ട് ഉഷകുമാരി പറയുന്നു.
ജെന്‍ഡറിന്റെ പേരില്‍ ഇന്നും സ്ത്രീകള്‍ വേര്‍തിരിവ് നേരിടുന്നതിനാല്‍ സ്‌നേഹിത പോലുള്ള സ്ത്രീ സൗഹൃദ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനകീയമാക്കേണ്ടതുണ്ട്. ടെലികൗണ്‍സലിങ്ങ് സംവിധാനങ്ങള്‍ സജീമാവണം, ഇത്തരമൊരു സ്ഥാപനമുണ്ടെന്നും ആരുമില്ലെങ്കില്‍ തങ്ങളെ ചേര്‍ത്ത് പിടിക്കാനായൊരിടമുണ്ടെന്നും സ്ത്രീകള്‍ ധൈര്യമായി തോന്നുന്ന ഇടമായി മാറേണ്ടതുണ്ട്.
Content Highlights: Women and mental health in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..